December 19, 2012

ബാര്‍കോഡ് ഒരു ഡീകോഡിംഗ്

         സമകാലിക ജീവിതത്തിന്‍റെ ഇരുണ്ട കോണുകളിലേക്ക് തുറന്നുപിടിച്ച തിളങ്ങുന്ന കണ്ണാടിയാണ് സുസ്മേഷ് ചന്ത്രോത്തിന്‍റെ കഥാസമാഹാരമായ "ബാര്‍കോഡ്". യാഥാര്‍ത്യങ്ങളുടെ തിക്തത പലപ്പോഴും നമ്മുടെ കണ്ണ് മഞ്ഞളിപ്പിക്കുന്നുണ്ട്. മലയാളി നിരന്തരം കടന്നുപോകുന്നതും എന്നാല്‍, സ്വയം സമ്മതിക്കാന്‍ മടി കാണിക്കുന്നതുമായ നിരവധി സങ്കീര്‍ണതകളുടെ നേര്‍കാഴ്ചയാണ് ബാര്‍കോഡ്. ആശയത്തിലും അവതരണത്തിലും ഭാഷപ്രയോഗത്തിലും തന്‍റെ തനതായ ശൈലികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. എഴുത്തുകാരന്‍റെ സ്വത്വത്തിന്‍റെ വെളിപ്പെടുത്തലാണ് ഓരോ സൃഷ്ടിയും. സുസ്മേഷിന്‍റെ ഇതര കഥാസമാഹാരങ്ങളിലെന്നപോലെ ഈ സമാഹാരത്തിലെയും കഥകള്‍ തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ആത്മപ്രകാശനത്തിന്‍റെ സാധ്യതകള്‍ തിരയുമ്പോള്‍ സുസ്മേഷിന്‍റെ വഴി എന്നും വ്യത്യസ്തവും ഏകവുമായിരുന്നു എന്ന അഭിപ്രായത്തെ സ്ഥിരപ്പെടുത്താനുതകുന്നതാണ് ബാര്‍കോഡിലെ പത്തു കഥകളും.

                                  ആധുനിക ജീവിതത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളെയാണ് ബാര്‍കോഡ്, മാംസഭുക്കുകള്‍, സാമൂഹിക പ്രതിബദ്ധത, എന്നീ കഥകള്‍ ചൂണ്ടിക്കാട്ടുന്നത്. "ബാര്‍കോഡ്" എന്ന കഥ ആഖ്യാനം കൊണ്ടും ആശയംകൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. തിരക്കേറിയ നഗരജീവിതത്തില്‍ എല്ലാവരും ഏജന്റുമാരാണ് എന്ന വസ്തുത, വിപണി മാത്രമായി സമൂഹം അധ:പതിക്കുന്ന കാഴ്ച, മതസംരക്ഷകന്‍റെ മേലങ്കി അണിഞ്ഞവരുടെ പൊള്ളത്തരങ്ങള്‍! പ്രഖ്യാപിത ചട്ടക്കൂടിനകത്ത് ജീവിക്കുന്നുവെന്ന് പറയപ്പെടുന്ന ഈ സമൂഹത്തിന് വികൃതമായ മറ്റൊരു മുഖം കൂടിയുണ്ടെന്ന് കാണിച്ചുതരുന്ന കഥകള്‍ കൂടിയാണ് ബാര്‍കോഡും, മാംസഭുക്കുകളും. നമ്മുടെ അവശേഷിച്ച മാനവികതയെ അവ അല്‍പ്പമെങ്കിലും വിറകൊള്ളിക്കാതിരിക്കില്ല.

                        ഇനിയും നഷ്ടമാകാത്ത അലിവിന്‍റെ, പച്ചപ്പിന്‍റെ നനഞ്ഞ ഭൂമിക കാട്ടിത്തരുന്നു ചക്ക, പൂച്ചിമ എന്നീ കഥകള്‍. ഭാര്യയുടെ പെട്ടന്നുണ്ടായ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഭര്‍ത്താവിന്‍റെ കഥ പറയുന്ന ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം, ഹൃദയത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ ചെന്ന് തൊട്ട് വായനക്കാരില്‍ അലിവിന്‍റെ ഉറവയുണര്‍ത്തുന്നു.

                      മെറൂണിലൂടെ സാമൂഹികപ്രശ്നങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് കഥാകാരന്‍. ഹൃദയവും പ്രാണനുമില്ലാത്ത ശരീരത്തെ സ്വന്തമാക്കുന്നതിന് തുല്യമാണ് ബലപ്രയോഗത്തിലൂടെ ഒരു നാടിനെ സ്വന്തമാക്കുന്നത് എന്ന അര്‍ത്ഥഗര്‍ഭമായ ആശയമാണ് ഈ കഥയിലൂടെ നല്‍കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ വിന്യസിച്ചിരിക്കുന്ന കഥാതന്തുക്കളാണ് മെറൂണ്‍ എന്ന കഥയില്‍.'ബുബു' 'ദാരുണം' 'ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍' തുടങ്ങിയ ശ്രദ്ധേയമായ കഥകളും ഈ സമാഹാരത്തിലുണ്ട്. മനുഷ്യമനസ്സുകളുടെ ദുരൂഹവും സങ്കീര്‍ണത നിറഞ്ഞതുമായ സഞ്ചാരവഴികളിലേക്ക് വെളിച്ചം വീശുന്നവയാണ് അവയൊക്കെയും.

           'ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍' ആശയത്തില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ തന്നെ, കഥയെന്ന നിലയില്‍ വലിയ രീതിയില്‍ മനസ്സിനെ തൊടാതെ കടന്നുപോയി. 'മാംസഭുക്കുകള്‍' എന്ന കഥയില്‍ ജാരനെ പ്രതിനിധാനം ചെയ്യുന്ന 'കഴുകന്‍' ഏറെ പരിചിതവും, സാധാരണവും ആയ ബിംബമായിപ്പോയി. എന്നാലും ആ കഥ ഭീതിദമായ ഒരു മനോനിലയിലേക്ക് വായനക്കാരനെ എത്തിക്കുന്നതില്‍ വിജയിക്കുന്നുണ്ട്.

                ആശയത്തിലും പ്രമേയത്തിലും അവതരണത്തിലും അവയുടെ തെരഞ്ഞെടുപ്പിലും കഥാകൃത്ത്‌ അനുവര്‍ത്തിക്കുന്ന അസാമാന്യ കൈവഴക്കവും വ്യത്യസ്തതയും ഈ പത്തുകഥകളിലും കാണാന്‍ കഴിയും. മനസ്സിന്‍റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തി , ഒരു കുളിര്‍കാറ്റായി തഴുകുന്നവയല്ല സുസ്മേഷിന്‍റെ കഥകള്‍. ഒരു തീക്കാറ്റായി ഉള്ളിലേക്ക് ആഞ്ഞടിച്ച്, നമ്മളെ എരിയിക്കുകയാണ് അത് ചെയ്യുന്നത്. വളരെ ഋജുവായതും വളച്ചുകെട്ടില്ലാത്തതും ചിലപ്പോള്‍ ക്രൂരമെന്ന് തോന്നിപ്പിക്കുന്നതുമായ ആഖ്യാനങ്ങളിലൂടെ കഥാകൃത്ത്‌, കാല്‍പ്പനികതയുടെ  സ്വപ്നലോകത്തെ കുളിരില്‍ നിന്ന് തീക്ഷ്ണമായ വര്‍ത്തമാനത്തിന്‍റെ കടുത്ത വേനലിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.

                   കാലമാണ് ഏറ്റവും മികച്ച നിരൂപകന്‍. ഓരോ കാലഘട്ടത്തിലും സമൂഹവുമായി കലഹിച്ചും, സംവദിച്ചും ഉണ്ടാകുന്ന ഏറ്റവും മികച്ച സൃഷ്ടികള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. അര്‍ഹതയില്ലാത്തവ കാലപ്പഴക്കത്തില്‍ വിസ്മൃതമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ കാലഘട്ടത്തിന്‍റെ ഏറ്റവും മികച്ച ആഖ്യാനമാകുന്നു 'ബാര്‍കോഡ്' എന്ന ഈ കഥാസമാഹാരം. അത് ഏറ്റവും നന്നായി ഡീകോഡ്‌ ചെയ്യുന്നത് ഒരുപക്ഷെ വരുംതലമുറയാകാം.
 (ഈ ആഴ്ചയില്‍ മലയാളംവാരിക പ്രസിദ്ധീകരിച്ച, സുസ്മേഷ് ചന്ത്രോത്തിന്‍റെ 'ബാര്‍കോഡ് ' എന്ന കഥാസമാഹാരത്തിന്‍റെ ആസ്വാദനക്കുറിപ്പ്)

December 12, 2012

ഡിസംബറിന്‍റെ നഷ്ടം

ഡിസംബര്‍... എനിക്ക് ഏറ്റവും പ്രിയപ്പെട്ട മാസം... അതിന്‍റെ കുളിരിനാണോ, ഓര്‍മ്മകള്‍ക്കാണോ കൂടുതല്‍ സുഖമെന്ന് ചോദിച്ചാല്‍ അറിയില്ല. എന്നാലും വല്ലാത്ത ഗൃഹാതുരത്വത്തിലേക്ക് അതെന്നെ പതുക്കെ കൊണ്ടുപോകുന്നു. നഷ്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നു. സുഖമുള്ള നനുത്ത നൊമ്പരം മനസ്സില്‍ അവശേഷിപ്പിക്കുന്നു. കരിങ്കല്ല് കൊണ്ട് ചുമര്‍ കെട്ടി ഏഴു താഴിട്ടു പൂട്ടിയ മനസ്സിനകത്തേക്കും ഈ കുളിരെത്തുന്നുവെന്നോ..! സ്നേഹത
്തിന്‍റെ പര്യായങ്ങള്‍ വേദനയും, ഒറ്റപ്പെടലും, നഷ്ടമാവലും ആണെന്ന് മനസ്സിനെ മുള്ളുകൊണ്ട് പോറി വരഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും വീണ്ടും എന്തിനതെന്നെ തേടിയെത്തുന്നു..! ഈ സ്നേഹത്തിന്‍റെ പേരിലും രണ്ടുതുള്ളി കണ്ണുനീര്‍ എഴുതിയിട്ടുണ്ടോ... നഷ്ടങ്ങള്‍ ഓര്‍മ്മിപ്പിക്കുവാന്‍ മാത്രമായി നീ.. ഡിസംബര്‍... എന്നിട്ടും ഞാന്‍ നിന്നെ വെറുക്കുന്നില്ല. കാരണം ഈ നഷ്ടങ്ങള്‍ ഒക്കെ ഒരിക്കല്‍ എന്‍റെ നേട്ടങ്ങള്‍ ആയിരുന്നല്ലോ.....

November 08, 2012

വെറുതെ.. ചിലത്....

സന്തോഷം, ഒരു വ്യക്തിയിലോ, ഒരു വസ്തുവിലോ, ഒരു അനുഭവത്തിലോ അല്ല. അത് അവനവന്‍റെ ഉള്ളില്‍ തന്നെയാണ്. നമ്മുടെ ലോകം നമ്മുടെ മനസ് തന്നെയാണ്. അതിനെ നരകമാക്കുന്നതും, സ്വര്‍ഗ്ഗമാക്കുന്നതും അവനവന്‍ തന്നെ. ലോകത്തിലെ ഏറ്റവും വലിയ സാഡിസ്റ്റ്, സ്വയം വേദനിപ്പിക്കുന്നവന്‍ ആണ്. വേദനിക്കാന്‍ ഇഷ്ടമുള്ളവര്‍ക്ക് വേദന മാത്രമേ ഉണ്ടാവുകയുള്ളൂ. അവന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നതും സ്വന്തം വേദന ആയിരിക്കും.
ഒരാള്‍ ആദ്യം സ്നേഹിക്കേണ്ടത്, അവനവനെ തന്നെയാണ്... അത് മറ്റൊരാളുടെ വേദന ആവരുത് എന്ന് മാത്രം. കരഞ്ഞും, ചിരിച്ചും, സ്നേഹിച്ചും, വേദനിച്ചും ഞാന്‍ പിന്നിട്ട നിമിഷങ്ങളെ... നിങ്ങള്‍ക്ക് നന്ദി. എന്നെ ഇന്നത്തെ ഞാനാക്കിയത് നിങ്ങളാണ്.ഇപ്പോള്‍ എനിക്കൊരു വെള്ളമുക്കുറ്റിയുടെ ഭംഗി കാണാം. കാലം തെറ്റി വീഴുന്ന ഒന്നോരണ്ടോ മഴത്തുള്ളികളുടെ കുളിര് അറിയാം. ദൂരെ എങ്ങോ നിന്ന് കരയുന്ന പൂച്ചക്കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാം. ഇനി "ഞാന്‍" ഈ ലോകത്ത് ഒറ്റപ്പെട്ടവളല്ല. ഇതെന്‍റെ ലോകമാണ്. ഞാന്‍ അലിയുകയാണ്.. ഈ ലോകത്തില്‍, ജീവിതത്തില്‍.. ഒഴുക്കിനെതിരെ നീന്തി തളര്‍ന്നിരിക്കുന്നു. ഇനി സുഖമായി ഒഴുകട്ടെ... കഴിയുമോ നിങ്ങള്‍ക്കിനി എന്നെ കണ്ടെത്താന്‍....?

October 15, 2012

നിറമില്ലാത്ത നുണകള്‍

                   ആ തിരക്കേറിയ കല്യാണസ്വീകരണ സ്ഥലത്ത് വെച്ച് അയാളെ കണ്ടപ്പോള്‍ തന്നെ സാരംഗി അതിശൈത്യമേറ്റ പൈന്‍മരം പോലെ വിറങ്ങലിച്ചുപോയി. മീശയില്ലാതെ, പച്ചരാശി കലര്‍ന്ന തുടുത്ത മുഖവും ചുരുണ്ട മുടിയും മുഴങ്ങുന്ന സ്വരവും, അവള്‍ വ്യഥയോടെ നോക്കി. അയാള്‍ ഒരു സംഘം ആണുങ്ങള്‍ക്ക് നടുവിലായിരുന്നു . ആ കുളിര്‍ന്ന വൈകുന്നേരത്തെ മുഴുവന്‍ ഒരു സുഗന്ധത്താല്‍ ആറാടിക്കാന്‍ അയാളുടെ സാന്നിധ്യത്തിന് കഴിയുന്നുണ്ടായിരുന്നു. അവള്‍ അയാളെ നേരെ കാണാന്‍ പറ്റുന്ന വിധത്തില്‍ അല്‍പ്പം പിറകിലായി മാറിനിന്നു. അതെ, അതയാള്‍ തന്നെയായിരുന്നു. ഭംഗിയായി വെട്ടിയൊതുക്കിയ ഇളംനിറമുള്ള നഖങ്ങള്‍ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. അവള്‍ക്കു അന്നേരം സ്വയം അവജ്ഞ തോന്നി. അശ്രദ്ധമായി ഒരുങ്ങിവരാന്‍ തോന്നിയ ആ നിമിഷത്തോടും. ചെവിക്കു പിറകിലെ ആ കറുത്ത മറുക് പോലും ഭൂതകാലത്തില്‍നിന്ന് അവളുടെ കണ്ണുകളിലേക്ക് തെളിഞ്ഞുവന്നു. അവള്‍ ഒരായിരം പ്രാവശ്യം ഉമ്മ വെക്കാന്‍ കൊതിച്ച അതേ ഇടത്തു തന്നെ അതിപ്പോഴും ഉണ്ട്. അയാള്‍ ഒരിക്കല്‍ പോലും തിരിഞ്ഞുനോക്കുകയോ അഭിലാഷ തീവ്രതയോടെ അയാളെ തഴുകുന്ന കണ്ണുകളെ തിരിച്ചറിയുകയോ ചെയ്തില്ല.

                            പതിനാലുവര്‍ഷം പിറകിലെ ഒരു വൈകുന്നേരമാണ് അവള്‍ ആദ്യമായി അയാളെ കണ്ടത്. ഉച്ചവെയില്‍ തിളയ്ക്കുന്ന അവളുടെ വീടിന്‍റെ പുറകുവശത്തെ വിശാലമായ മൈതാനത്ത് ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു അയാള്‍. സ്കൂള്‍ വിട്ടു വരുകയായിരുന്ന അവള്‍ അയാള്‍ക്കടുത്തെത്തിയതും തീരെ നിനക്കാതെ ഒരു മഴ അവരെ നനച്ചു. കരുണാര്‍ദ്രമായ ആ കണ്ണുകള്‍ അന്നയച്ച നോട്ടം അവളെ അടിമുടി ഉലച്ചുകളഞ്ഞു. വീടെത്തി വസ്ത്രം മാറിയിട്ടും അവള്‍ വിറച്ചത് ആ നോട്ടം ഓര്‍ത്താണ്. അന്ന് വൈകുന്നേരമാണ് അവള്‍ ഋതുമതിയായത്.

                  അവള്‍ തന്‍റെ നീലനിറമുള്ള കാഞ്ചീപുരം സാരി ഉയര്‍ത്തിപ്പിടിച്ച് കാറില്‍ കയറി. ഭര്‍ത്താവില്‍ നിന്നുയരുന്ന മദ്യത്തിന്‍റെ ഗന്ധം പതിവുപോലെ അവളെ അലോസരപ്പെടുത്താന്‍ തുടങ്ങി. പുറത്ത് ആകാശം നീലിച്ചുകാണ്‍കെ അവള്‍ പൊടുന്നനെ ഏങ്ങിക്കരയാന്‍ തുടങ്ങി.
"നിങ്ങള്‍ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല. ഞാനൊരു വളര്‍ത്തുപട്ടിയെ പോലെ... കുടിച്ചുകുടിച്ച് നിങ്ങള്‍ നശിക്കും. എന്നെയും കൊല്ലും."

     അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നത്‌ കണ്ണാടിയിലൂടെ കാണ്‍കെ അയാളുടെ വീതിയേറിയ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. എന്തുപറയണമെന്നറിയാതെ അയാള്‍ വിഷണ്ണനായി കാറോടിച്ചു. അവള്‍ ഉറങ്ങിപ്പോയെന്കിലും ഇടയ്ക്കിടയ്ക്ക് തേങ്ങുന്നത് അയാള്‍ കേട്ടു. അവളെ നോക്കി അലിവോടെ അയാള്‍ പറഞ്ഞു.
"അവള്‍ എന്തു മാത്രം എന്നെ സ്നേഹിക്കുന്നു! എന്‍റെ പാവം പൂച്ചപ്പെണ്ണ്‍!"

September 28, 2012

അവസാനത്തെ കണ്ണുനീര്‍

നിനക്കായി ഞാനെന്‍റെ സ്വപ്‌നങ്ങള്‍  ചേര്‍ത്ത് ഒരു കൊട്ടാരം പണിഞ്ഞു
അതിന്‍റെ ഭിത്തികള്‍ക്ക് എന്‍റെ ചോരയുടെ ചുവപ്പായിരുന്നു
അവിടെ  എന്‍റെ ഹൃദയം കൊണ്ട് ഒരു സിംഹാസനവും  തീര്‍ത്തു
പിന്നെ  സ്നേഹിച്ച്, സ്നേഹിച്ച് നിന്നെ ഞാനൊരു രാജാവാക്കി
നിനക്ക്  ഭരിക്കാനായി ഞാന്‍ നിന്‍റെ മുഴുവന്‍ സാമ്രാജ്യവുമായി....
നിന്‍റെ നിദ്രയില്‍ ഭൂതകാലത്തിന്‍റെ കരിനിഴല്‍ പടരാതിരിക്കാന്‍
ഞാന്‍ നിന്‍റെ വാതില്‍ക്കല്‍ കാവല്‍ നിന്നു
ഒടുവില്‍  ഞാന്‍ വെറും "അടിമ" എന്ന് കളിയാക്കി,
നീ ഒരു രാജകുമാരിയെ തേടിയിറങ്ങി.....


September 21, 2012

മതമില്ലാത്ത ജീവനും, ആകാശമിട്ടായിയും

     ഇടക്കാലത്ത് വിവാദം കത്തിനിന്ന "മതമില്ലാത്ത ജീവന്‍" എന്ന ആ പാഠഭാഗത്തെ ഇപ്പോള്‍ വീണ്ടും ഓര്‍ക്കാന്‍ കാരണമുണ്ട്. അടുത്തിടെ പത്രത്തില്‍ കണ്ട ചില വാര്‍ത്തകളാണ് അത്. അന്യമതത്തില്‍ പെട്ടവരോട് കൂടുതല്‍ ഇടപഴകിയാല്‍, മതത്തെ വിമര്‍ശിച്ചാല്‍ ഒക്കെ കൈകാര്യം ചെയ്യാന്‍ ഒരു സമാന്തരപോലിസ് രൂപീകരിച്ചിരിക്കുന്നു എന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ചുള്ള വാര്‍ത്തയാണ് ഒന്ന് . മറ്റൊന്ന് ഭഗവദ്‌ ഗീത ഒരു മതഗ്രന്ഥമല്ല എന്ന് പറഞ്ഞതിന് സ്വാമി സന്ദീപാനന്ദഗിരിയെ ഭീഷണിപ്പെടുത്തി എന്നതും.  എന്‍റെ ചെറിയ ബുദ്ധിയിലെ സംശയം ഇതാണ്. ദൈവം എന്നെ കാക്കുന്നു എന്നാണു ഞാന്‍ ഇതുവരെ വിശ്വസിച്ചുവെച്ചിരിക്കുന്നത്. ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ എന്നെ തിരിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. എല്ലാം നിയന്ത്രിക്കുന്ന ആ ശക്തിയെ നമ്മളാണോ സംരക്ഷിക്കുന്നത്?  എന്‍റെ ഒരു കൂട്ടുകാരി പറഞ്ഞ ഒരു തമാശ ഞാന്‍ ഓര്‍ക്കുന്നു. "ഞാന്‍ ഒരു നിവേദ്യം കഴിച്ചു.. നമ്മളീ കൊടുക്കുന്നതല്ലേ ദൈവത്തിനുള്ളു... അല്ലെങ്കില്‍ അദ്ദേഹം പട്ടിണിയാവില്ലേ.." അസഹിഷ്ണുക്കള്‍ ആയിരിക്കുന്നു നമ്മള്‍. മറ്റൊരാളുടെ അഭിപ്രായം തെറ്റോ ശരിയോ, അത് പറയാനുള്ള അവകാശം അംഗീകരിച്ചുകൊടുക്കാന്‍ നമുക്ക് കഴിയുന്നില്ല. എങ്ങോട്ടാണ് നമ്മുടെ യാത്ര?

                     ഇനി മതമില്ലാത്ത ജീവനെപ്പറ്റി.ഇസ്ലാമായ അച്ഛനും ഹിന്ദുവായ അമ്മയും ആണ് ജീവനുള്ളത്. സ്കൂളില്‍ ജീവനെ ചേര്‍ക്കുന്ന സമയത്ത് അച്ഛന്റെയും അമ്മയുടെയും പേരിനു ശേഷം ഹെഡ്‌മാസ്റ്റര്‍ കുട്ടിയുടെ മതം ചോദിക്കുന്നു. അച്ഛന്‍ പറയുന്നത് ഇതാണ് "ജീവന് മതമില്ല. അവന്‍ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കട്ടെ.. എന്നിട്ട് വലുതാകുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കട്ടെ ". ഈ ഒരു പാഠഭാഗത്തില്‍ ഒരു മതത്തെയും നിന്ദിക്കുന്നില്ല. മതം മോശമാണെന്ന് പറയുന്നില്ല. മതത്തില്‍ വിശ്വസിക്കുന്നത് പോലെ, മതം വേണ്ടെന്നു വെക്കാനും ഒരാള്‍ക്ക്‌ അവകാശമുണ്ടെന്നും, ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ കഴിയുമെന്നും എല്ലാ മതങ്ങള്‍ക്കും ഭരണഘടന തുല്യ പരിഗണന തരുന്നുവെന്നുമുള്ള അവബോധം മാത്രമാണ് തരുന്നത്. ജനിച്ച മതം ഉപേക്ഷിച്ച്, ഇഷ്ടമുള്ള മതം സ്വീകരിച്ചവര്‍ നമുക്കിടയില്‍ കുറവല്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട്, മാധവിക്കുട്ടി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
ഒരു ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ അയാള്‍ ഏതു  മതത്തില്‍ പെട്ടയാളാണ് എന്ന് നാം ചിന്തിക്കാറില്ല. അയാള്‍ നല്ലൊരു ഡോക്ടര്‍ ആണോ എന്ന് മാത്രമല്ലേ നാം നോക്കുന്നത്? ഒരു ഹോട്ടലില്‍ കയറുമ്പോള്‍ നല്ല ഭക്ഷണം കിട്ടുമോ എന്നതിലുപരി ഏതു മതത്തില്‍ പെട്ടയാളുടെ ഹോട്ടലാണ് എന്ന് നാം ചിന്തിക്കാറുണ്ടോ?

                 വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ പ്രേമലേഖനം എന്ന നോവലിലെ  നായിക സാറാമ്മ നായകന്‍ കേശവന്‍ നായരോട് ചോദിക്കുന്നുണ്ട്. "നമ്മുടെ മക്കള്‍ ഏതു മതത്തില്‍ വളരും ?' എന്ന്. അവര്‍ നിര്‍മതരായി വളരട്ടെ എന്നും, എല്ലാ മതങ്ങളെയും കുറിച്ച് അവര്‍ക്ക് പഠിപ്പിച്ചു കൊടുക്കണം എന്നും, എന്നിട്ട് ഇഷ്ടമുള്ള മതം അവര്‍ സ്വീകരിക്കട്ടെ എന്നും അദ്ദേഹം പറയുന്നു. ഒരു മതത്തെയും പ്രതിനിധാനം ചെയ്യാത്ത പേര് തെരഞ്ഞ് അവര്‍ കണ്ടെത്തുന്നത് ആകാശമിട്ടായി എന്ന പേരാണ്. ഇന്നാണ് അദ്ദേഹം അതെഴുതിയതെങ്കിലോ... അദ്ദേഹത്തെ ഇവര്‍ വെറുതെ വിടുമോ? എന്‍റെ പ്രിയ ആകാശമിട്ടായികളെ... നിങ്ങള്‍ക്കുള്ളതല്ല ഈ ലോകം. തിരിച്ചു പോവുക ഗര്‍ഭത്തിലേക്ക്...
          
..

September 08, 2012

നിങ്ങളോട് പറയാന്‍ എനിക്കും ചില ഓണവിശേഷങ്ങള്‍

ഏറെ നാളുകളായി വല്ലതും ബ്ലോഗില്‍ എഴുതിയിട്ട്. ഓര്‍ക്കാതെയല്ല. എങ്കിലും വല്ലാത്ത ഒരു നിര്‍വികാരത. അങ്ങനെ പറയാമോ എന്നറിയില്ല. നേരിട്ട് ഒത്തിരി പ്രോത്സാഹനങ്ങളും, വിമര്‍ശനങ്ങളും പിന്നെ ചില സൌഹൃദങ്ങളും തന്ന ഇടമാണ് ബ്ലോഗ്‌. എഴുതുന്നത്‌ തീരെ മോശമല്ല എന്ന് സ്വയം തിരിച്ചറിയാന്‍ എന്നെ സഹായിച്ച എല്ലാവര്ക്കും നന്ദി. എന്‍റെ ചെറിയ സന്തോഷം പറയട്ടെ... ചന്ദ്രികയുടെ ഓണപ്പതിപ്പില്‍ എന്‍റെ ഒരു കഥ പ്രസിദ്ധീകരിച്ചിരുന്നു. സി.വി.ബാലകൃഷ്ണന്‍സാര്‍ തെരഞ്ഞെടുത്ത അഞ്ചു കഥകളിലൊന്ന് എന്റേത്. അദ്ദേഹത്തിന്റെ കുറിപ്പോടുകൂടി. സന്തോഷം....
                      ഓണനാളുകളില്‍ ഒന്നില്‍ ഇതുവരെ കാണാത്ത ഒരു സുഹൃത്തിനെ കണ്ടു. അത്ഭുതം.... ആത്മാര്‍ത്ഥത നിറഞ്ഞ ആ മനസ്സിന് നന്മകള്‍ നേരുന്നു. സ്വാര്‍ത്ഥതയില്ലാതെ മറ്റുള്ളവര്‍ക്ക് നന്മയും സ്നേഹവും പങ്കു വെക്കുന്ന നല്ല മനസ്സുകളെ.. നിങ്ങള്‍ ഈ ജീവിതത്തില്‍ ഒരിക്കലും തോല്‍ക്കുകയില്ല.
                        അകന്ന്നിന്ന് വേദനകളും, മുറിവുകളും തന്നെങ്കിലും ഞാന്‍ ശരിയായിരുന്നു എന്ന് എന്നോട് പറയാതെ പറഞ്ഞ് അടുത്തുവന്നവരേ... നിങ്ങള്‍ക്കും നന്ദി.
                എല്ലാറ്റിനും മീതെയായി, ഈ ജീവിതത്തെ പരാതിയും, പരിഭവവും കൂടാതെ നോക്കിക്കാണാന്‍ പഠിപ്പിച്ച, ചാരം  മൂടിക്കടന്ന എന്‍റെ മനസ്സിലെ കനലിനെ ഊതി ജ്വലിപ്പിച്ച എന്‍റെ പ്രിയമേ... നീയും സ്നേഹിച്ച് എന്‍റെ ഈ ഓണക്കാലത്തെ സന്തുഷ്ടമാക്കിയിരിക്കുന്നു....

August 03, 2012

ഒട്ടകപ്പക്ഷി


                       ഇതൊരു മഴ കഴിഞ്ഞ വൈകുന്നേരമാണ്. വീടിനു മുകളിലെ തുറന്ന ചതുരത്തില്‍ കസേരയിട്ട് ഇരിക്കുകയാണ് ഞാന്‍. മുന്‍പിലുള്ള തെങ്ങോലയില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഒന്നൊന്നായി  ഇറ്റുവീഴുന്നത് കാണുന്നുണ്ട്. എന്തോ... അതിനൊരു ഒറ്റപ്പെട്ട മനസിന്‍റെ ച്ഛായ തോന്നുന്നുണ്ടോ? ഒറ്റയ്ക്കിരിക്കുമ്പോഴുള്ള എന്‍റെ ചിന്തകള്‍ അതുപോലെ പകര്‍ത്താന്‍ കഴിഞ്ഞാല്‍ ഞാനൊരു ലോകസാഹിത്യകാരിയായിതീരും. ഇല്ല, നിലത്ത് വീഴും മുന്‍പ് ആവിയായി പോകുന്ന മഞ്ഞുതുള്ളി പോലെ അതൊക്കെയും വായുവില്‍ വിലയം പ്രാപിക്കുകയാണ് പതിവ്. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. എഴുത്ത് അവന് പറഞ്ഞിട്ടുള്ളതാണ്. ഓ .... ഞാന്‍ അവനെക്കുറിച്ച് ഒന്നും പറഞ്ഞില്ല അല്ലെ? ഞാനെട്ടുമാസമായി അവന്‍റെ കൂടെയാണ് താമസം. ആറുമാസത്തെ പരിചയത്തിനു ശേഷമാണ് ഞങ്ങള്‍ക്കത് തോന്നിയത്. ഒന്നിച്ചുതാമസിച്ചാല്‍ അല്‍പ്പം കൂടി സുഖമാകുമെന്ന്, രണ്ടുപേര്‍ക്കും.

                         അവനൊരു മുന്‍നിരപ്പത്രത്തിലാണ് ജോലി. അവന്‍റെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ വായിച്ചിരിക്കാനിടയുണ്ട്. ആ പത്രത്തിലെ അന്വേഷണാത്മക പരമ്പരകളത്രയും അവന്‍റെ ബുദ്ധിയില്‍ തെളിഞ്ഞതാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും. അത് അവന്‍ പറഞ്ഞതല്ല. എനിക്ക് സ്വയം തോന്നിയതാണ്. ഇത്തരം സ്വയം തോന്നലുകളാണ് എന്നെ ഞാനാക്കുന്നത് എന്നുകൂടി പറഞ്ഞാലേ ചിത്രം പൂര്‍ത്തിയാകൂ. നോക്കൂ.. ഇനി ഞാന്‍ എന്നെക്കുറിച്ചല്ലേ പറയേണ്ടത്? ഞാനൊരു പരസ്യക്കമ്പനിയിലെ ജോലിക്കാരിയായിരുന്നു. ആയിരുന്നു എന്നു പറയാന്‍ കാരണമുണ്ട്.ഇപ്പോഴല്ല എന്നത് തന്നെ. ഉള്ളില്‍ ചിരി വരുന്നത് ഇങ്ങനെയാണ്. പരസ്യക്കമ്പനിയിലെ ജോലി രാജി വെച്ച് ഞാന്‍ നേരെ അവന്‍റെ ഫ്ലാറ്റില്‍ വരികയാണ് ഉണ്ടായത്. ആ രണ്ടു കാര്യവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്ന് ഞാനിങ്ങനെ മനസ്സിലിട്ട് ഉരുട്ടി പരിശോധിക്കുകയുണ്ടായി. അതിലെന്തോ ഒരു പൊരുത്തക്കേടുണ്ട് എന്ന് അപ്പോഴൊക്കെയും തോന്നാറുണ്ട്.ഞാന്‍ ജോലി ചെയ്യുന്നതിന് അവന്‍ എതിരായിരുന്നില്ല. പക്ഷെ  ഒന്നിച്ചുതാമസിക്കാന്‍ തീരുമാനിച്ചശേഷം അതൊരാവശ്യമായി തീര്‍ന്നു. അതിലും ഒരു പൊരുത്തക്കേടുണ്ട്. രണ്ട് സ്ഥലങ്ങളില്‍ ജോലിയുള്ള വ്യക്തികള്‍ കല്യാണം കഴിച്ച്, രണ്ടോ നാലോ ദിവസമോ, ഒരാഴ്ചയോ ഒന്നിച്ച് താമസിച്ച് രണ്ടുപേരുടെയും ജോലിസ്ഥലത്ത് തിരിച്ചുപോയി ജോലി തുടരുന്നതില്‍ ഒരു തരക്കേടുമില്ല. പക്ഷെ കല്യാണം കഴിക്കാതെ ഒന്നിച്ചുതാമസിക്കുന്നവര്‍ അങ്ങനെ ചെയ്യുമ്പോഴോ... അവര്‍ക്കിടയില്‍ എന്താണില്ലാതാവുന്നത്? കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്നില്ലെങ്കിലും അവിടെയും എന്തോ ഒരു പൊരുത്തമില്ലായ്മ. അങ്ങനെയാണ് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ജോലി രാജി വെച്ചത്. ഇനി അത്തരമൊരു ജോലി കിട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല എന്ന ഒരു കാരണവും ഇതിനു പുറകിലുണ്ട്.

                 എത്ര പരസ്പരം സ്നേഹിച്ചാലും രണ്ടുപേരുടെയും വ്യക്തിത്വം നിലനിര്‍ത്തണമെന്ന് അവനെന്നോട് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. അതത്ര കനപ്പെട്ട ഉത്തരവാദിത്വമല്ല എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പിന്നെയാണ് ഞാനതിനെപ്പറ്റി ശരിക്ക് മനസ്സിലാക്കിയത്. ഒന്നിച്ച് താമസിക്കുന്നതിനു മുന്‍പ്‌ ഞങ്ങള്‍ മൂന്നോ നാലോ മണിക്കൂര്‍ സംസാരിക്കുമായിരുന്നു(അവന്‍ തിരക്ക് പിടിച്ച ജോലിയിലോ യാത്രയിലോ അല്ലെങ്കില്‍). അവന്‍റെ ഫ്ലാറ്റില്‍ ഞാനെത്തിയ ശേഷം, എന്‍റെ പകലുകള്‍ മുഴുവന്‍ ഒരു പൊതിക്കാത്ത തേങ്ങ പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ പഴയ ഓര്‍മ്മയില്‍ ഫോണ്‍ എടുക്കും. മറുവശത്ത് തിരക്കിലാണെന്ന് അറിയുമ്പോള്‍ എന്‍റെ മനസ്സിടിയും. വല്ലാതെ.... ഒരു മണിക്കൂര്‍ ഒക്കെ കഴിഞ്ഞ് തിരിച്ചുവിളിക്കുമ്പോള്‍ അവന്‍ ദേഷ്യപ്പെടാതെ തന്നെ ഉറച്ച സ്വരത്തില്‍ പറയും.
"ഞാന്‍ അങ്ങോട്ട്‌ തന്നെയല്ലേ വരുന്നത്. ഒരു രാത്രി മുഴുവന്‍ പറയാമല്ലോ.... നിലവാരമില്ലാത്ത സ്ത്രീകളെപ്പോലെ  നീയിങ്ങനെ..."
മണിക്കൂറുകളോളം സംസാരിച്ചത് ആരോടായിരുന്നു എന്ന ചോദ്യം ഞാന്‍ ഒരു കഫക്കട്ട പോലെ വിഴുങ്ങിക്കളയും. ഇടിഞ്ഞുപോയ മനസ്സുമായി ജനാല തുറന്ന് അപ്പുറത്തെ കെട്ടിടത്തിലെ എനിക്കഭിമുഖമായ ഫ്ലാറ്റിലെഏതുസമയത്തും കരയുന്ന കുട്ടിയുടെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കും. അതൊക്കെയാണ് വ്യക്തിസ്വാതന്ത്ര്യമെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഒന്നുരണ്ടുവട്ടം ഞാന്‍ വഴക്കിട്ടു.
"എനിക്കിഷ്ടമുള്ളവരോട് സംസാരിക്കാനും ഇടപഴകാനുമുള്ള സ്വാതന്ത്ര്യത്തില്‍  നീ കൈ കടത്തുന്നത് എനിക്കിഷ്ടമല്ല. നിനക്കും അതിനൊക്കെ സ്വാതന്ത്ര്യമുണ്ടല്ലോ... നീ ഒരു മാതിരി തറ ഭാര്യമാരെ പോലെ എന്നോട് അധികാരം പ്രകടിപ്പിക്കരുത്."
എന്നാണവന്‍ പറഞ്ഞത്. എനിക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ വണ്ടി ഓടിക്കാന്‍ അറിയാത്ത ഒരാളുടെ കയ്യില്‍ വണ്ടി കിട്ടിയാല്‍ എന്തു ചെയ്യും? അല്‍പ്പനേരം തൊട്ടും പിടിച്ചും ചുറ്റിനടന്നും നോക്കിയ ശേഷം അതുപേക്ഷിച്ചു കളയും. എനിക്കുമുണ്ടായിരുന്നു ആണ്‍സുഹൃത്തുക്കള്‍. അവരുമായുള്ള ബന്ധം ഊഷ്മളമാക്കി എന്‍റെ പകലുകളെ സജീവമാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു ജോലി കിട്ടുംവരെയെങ്കിലും. അല്ലെങ്കില്‍ ഏകാന്തതയും അവനെക്കുറിച്ചുള്ള ചിന്തകളും എന്നെ ബാക്കിവെക്കുകില്ലെന്ന് ഞാന്‍ സത്യത്തില്‍ ഭയന്നു. ആവശ്യങ്ങള്‍ക്കല്ലാതെ വെറുതെ സംസാരിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നില്ലല്ലോ. ആ ഞാന്‍ ദിവസവും വിളി തുടങ്ങിയപ്പോള്‍ ആ പാവങ്ങള്‍ തെറ്റിദ്ധരിച്ചു. പക്ഷെ എന്‍റെ ആവശ്യം അതായിരുന്നില്ലല്ലോ. അങ്ങനെ ഒരു മാസത്തിനുള്ളില്‍ നാല് ആണ്‍സുഹൃത്തുക്കളുമായി ഞാന്‍ തെറ്റിപ്പിരിഞ്ഞു. എങ്ങനെയാണ് ഇത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് എന്‍റെ കവിളില്‍ തലോടുകയാണുണ്ടായത്.നാല് ആണ്‍സുഹൃത്തുക്കളെ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും, എനിക്ക് കിട്ടിയ ആ വാല്‍സല്യപൂര്‍വമുള്ള തലോടല്‍ എനിക്കിഷ്ടമായി. അപ്പോഴും എനിക്ക് തോന്നിയത് ഇതാണ്, ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്.

                                        ഒഴിവുസമയങ്ങളില്‍ ചില ദിവസങ്ങളില്‍ ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചിരിക്കും. അവന്‍റെ നഷ്ടപ്രണയത്തെ കുറിച്ച്, ഇപ്പോഴും തുടരുന്ന ചില ബന്ധങ്ങളെക്കുറിച്ച്.... ചിലപ്പോള്‍ ഞാന്‍ അതൊക്കെ വിളറിയ ചിരിയോടെ കേട്ടിരിക്കും. ചിലപ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ ലംഘിച്ചുകൊണ്ട് അവനെ ഉറക്കെ ശകാരിക്കും. ചിലപ്പോള്‍ ഒന്നും മിണ്ടാതെ കിടക്കയില്‍ വന്ന് കമിഴ്ന്നുകിടക്കും. അപ്പോഴൊക്കെയും അവന്‍ വന്നെന്‍റെ കാല്‍പ്പാദത്തില്‍ തൊടും.
"നിന്നോടൊന്നും മറച്ചുവെക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. നീ എന്നെ മനസ്സിലാക്കില്ലേ..."
അപ്പോള്‍  ഞാന്‍ മലര്‍ന്നുകിടക്കും. പിന്നീടെപ്പോഴും ദീര്‍ഘമായ ആലിംഗനത്തിലേക്കും, പരസ്പരം വല്ലാതെ സ്നേഹിക്കുന്നുവെന്ന് അപരനെയും തന്നെയും ബോധ്യപ്പെടുത്താനുള്ള ത്വരയിലേക്കും നീങ്ങും. വിയര്‍പ്പില്‍ കുളിച്ച്, എന്‍റെ മാറിടത്തില്‍ മയങ്ങുന്ന അവനെ, അമ്മയെപ്പോലെ ഞാനുമ്മ വെക്കും. അവന്‍ പറയുന്നതെല്ലാം നുണയാണെന്നും ഇതാണ്, ഇതു മാത്രമാണ് സത്യമെന്നും ഞാന്‍ നൂറായിരം പ്രാവശ്യം ഉള്ളിലുറപ്പിക്കും. പിന്നെ അവന്‍ പറഞ്ഞതൊക്കെയും ഞാന്‍ മറക്കും. അങ്ങനെയാണ് എപ്പോഴും ഉണ്ടാവാറ്.

                              ചില രാത്രികളില്‍ ഒക്കെ അവന്‍ വരാതായതോടെയാണ് ഞാന്‍ മറ്റൊരു അവസ്ഥയിലേക്ക് നീങ്ങിയത്. ചില ദിവസങ്ങളില്‍ അവന്‍ അഞ്ചോ ആറോ പ്രാവശ്യം വിളിച്ച് എന്‍റെ കാര്യങ്ങള്‍ അന്വേഷിച്ചു. മറ്റു ചിലപ്പോള്‍ ഒരു രാത്രി മുഴുവന്‍ നിശ്ചലമായ അവന്‍റെ ഫോണ്‍ എന്നെ വിളിക്കുന്നതും കാതോര്‍ത്ത് ഞാന്‍ ഇരുട്ടില്‍ കണ്ണുമിഴിച്ചിരിക്കും. പിറ്റേന്ന് രാവിലെ ഉറക്കം ബാക്കി നില്‍ക്കുന്ന മുഖത്തോടെ അവന്‍ കിടക്കയില്‍ അന്തംവിട്ടുറങ്ങുന്നത് നിശബ്ദം കാണും. അന്നുച്ച കഴിഞ്ഞ് ചായ കുടിച്ചുകൊണ്ടിരിക്കെ തന്‍റെ തലേന്നത്തെ യാത്രയെക്കുറിച്ച് അവന്‍ പറയുമ്പോള്‍ ഒരു രാത്രിയിലെ മുഴുവന്‍ ആധിയും മറന്ന് ഒരു വിഡ്ഢിയെ പോലെ ഞാന്‍ ചിരിക്കും. അങ്ങനെയൊരു വൈകുന്നേരം, ചായകുടി കഴിഞ്ഞ് അവന്‍ ടോയ്‌ലറ്റില്‍ പോയ നേരമാണ് സന്ദേശം വന്നുവെന്നറിയിച്ചുകൊണ്ട് അവന്‍റെ ഫോണ്‍ ഒന്ന് വിറച്ചത്. ഒരു കൌതുകത്തിന് അതെടുത്ത് വായിച്ചുനോക്കി.
"നീ എന്‍റെ ലഹരിയാണ്, അത് നിശ്ശേഷം ഇറങ്ങാന്‍ അനുവദിക്കരുതെ ..."
എന്ന് ആംഗലേയത്തില്‍ എഴുതിയ വരികള്‍. വ്യത്യസ്ത സ്ത്രീനാമങ്ങളില്‍ പ്രണയത്തിന്‍റെ ചൂടും, കാമത്തിന്‍റെ ചൂരുമുള്ള സന്ദേശങ്ങള്‍. ഞാന്‍ തണുത്തുവിറങ്ങലിച്ച മനസ്സുമായി അനങ്ങാതിരുന്നു. ഞാനാ സന്ദേശങ്ങള്‍ കണ്ടുവെന്നറിയുമ്പോള്‍ അത് വെറും സൌഹൃദങ്ങള്‍ ആണെന്ന് പറഞ്ഞു മാപ്പിരക്കുമെന്നും, എന്‍റെ പാദങ്ങളില്‍ തൊടുമെന്നുമാണ് ഞാന്‍ കരുതിയത്‌. ആ നിമിഷം ഞാന്‍ അവനെ അതികഠിനമായി വെറുക്കുമെന്നും ഞാന്‍ തീരുമാനിച്ചു.'നീ എന്‍റെ ഫോണ്‍ എന്‍റെ അനുവാദമില്ലാതെ നോക്കിയത് ശരിയായില്ല. നിനക്ക് വേണ്ടത്‌ ഞാന്‍ തരുന്നുണ്ട്. മറ്റുള്ള കാര്യങ്ങളില്‍ നീ ഇടപെടരുത്'. ഉറച്ച സ്വരത്തില്‍ ഇത്രയും പറഞ്ഞിട്ട് അവന്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. കപ്പില്‍ ബാക്കിയായ പാതിചായ പോലെ തണുത്ത് പാട കെട്ടിയ മനസ്സുമായി ഞാന്‍ വീണ്ടും അവനെ സ്നേഹിക്കാന്‍ ആരംഭിച്ചു. അപ്പോഴാണ്‌ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കിയത്. പിന്നീട് ഞാന്‍ എന്തുചെയ്തുവെന്നാണ് നിങ്ങള്‍ കരുതുന്നത്? നിലവാരമില്ലാത്ത ഭാര്യമാര്‍ ചെയ്യുന്നതുപോലെ വസ്ത്രങ്ങള്‍ ഒരു ബാഗില്‍ നിറച്ച് നിറഞ്ഞ കണ്ണുകളുമായി ഇറങ്ങിപ്പോയി എന്നാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ അടുക്കളയില്‍ ചെന്ന് രാത്രിഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാത്രി ഏറെ വൈകിയിട്ടും അവന്‍ വന്നില്ല. അന്ന് രാത്രി ഞാന്‍ ടിവിയില്‍ ഒരു ആത്മീയപ്രഭാഷണം കേട്ടു. 'ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്യണ'മെന്ന തത്വം അന്നെനിക്ക് ശരിക്കും മനസ്സിലായി. അന്ന് രാത്രി ഞാന്‍ ശരിക്കുറങ്ങി. പിറ്റേന്ന് രാവിലെവരെയും അവനെ കാണാഞ്ഞിട്ടും ഞാന്‍ അവനെ വിളിച്ചില്ല. വൈകുന്നേരം അവന്‍ വന്നപ്പോള്‍ ശാന്തമായ ചിരിയോടെ ഞാന്‍ അവനെ സ്വീകരിച്ചു.
"നീ പേടിച്ചോ?"
എന്നവന്‍ എന്‍റെ തലയില്‍ തലോടി. ചായയുമായി വന്ന എന്നെ നെഞ്ചോട്‌ ചേര്‍ത്തമര്‍ത്തി.
'എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്' എന്ന് ചെവിയില്‍ പറഞ്ഞപ്പോള്‍ ഞാന്‍ കണ്ണുനനയാതെ ചിരിച്ചു. എനിക്ക് നിന്നെ ഇഷ്ടമാണെന്നും, ഞാന്‍ നിന്നെ സ്നേഹിക്കുന്നെന്നും പറയുമ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചു, നിന്നെ മാത്രം എന്നൊരിക്കലും അവന്‍ പറഞ്ഞില്ല. പിന്നെ ഞാന്‍ പകല്‍നേരങ്ങളില്‍ അവന്‍റെ ഫോണിലേക്ക് വിളിച്ചില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ സന്ദേശങ്ങള്‍ അയച്ചു. ഇന്ന് വൈകുന്നേരം നടക്കാന്‍ പോകാന്‍ പറ്റുമോ എന്നും, ഇന്ന് ഒരു കിളി വന്ന് ഏറെ നേരം ജനല്‍പ്പടിയില്‍ ഇരുന്നുവെന്നും എന്‍റെ മുടി അല്‍പ്പം നീളം കുറച്ചുവെട്ടിയാല്‍  നന്നാവുമോയെന്നും മറ്റും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏറ്റവും മാന്യമായി അവനെന്നെ പരിഗണിച്ചു. അവന്‍റെ ഫോണ്‍ പിന്നെ ഞാന്‍ തൊട്ടതെയില്ല. അവന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ അടുക്കളയുടെ പിന്‍വശത്തെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ചെവി കൊടുത്തു. ഫോണ്‍സംഭാഷണം കഴിഞ്ഞാല്‍ അവനെന്‍റെ പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കഴുത്തില്‍ ഉമ്മ വെച്ച് 'ഇതൊക്കെ നിസാരമായി എടുത്തൂടെ? നീ എന്താ ഇങ്ങനെ തൊട്ടാവാടിയാകുന്നത്?' എന്നുചോദിച്ച് എന്നെ ഇക്കിളിപ്പെടുത്തും.

                    അങ്ങനെ അവന്‍റെ കൂടെ എട്ടുമാസവും, നാലുദിവസവും ജീവിച്ചുകഴിഞ്ഞപ്പോള്‍ നിലവാരമുള്ള രണ്ടു സ്ത്രീപുരുഷന്മാര്‍ വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് ഒന്നിച്ചു താമസിക്കുന്നതെങ്ങനെയെന്ന് ഞാന്‍ പഠിച്ചു. ഇതാണ് എഴുത്തുകാരിയല്ലാത്ത ഒരു ശരാശരി സ്ത്രീയുടെ (ഇപ്പോള്‍ അതിനു മേലെ) ശുഭപര്യവസായിയായ ആത്മഗതം.
          




                

June 17, 2012

പച്ചവീട്

 പൊടിയും പുകയും കൊണ്ട് കാളിമയാര്‍ന്ന വര്‍ത്തമാനത്തിന്റെ പകലിലേക്ക് അമേയ കണ്ണുകള്‍ തുറന്നു.
                                "അമ്മാ......"
അവള്‍ പതുക്കെ വിളിച്ചു. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചതിന്റെ ക്ഷീണത്തില്‍ അറിയാതെ ഒന്നു മയങ്ങിയ ശൈലജ ഞെട്ടിയുണര്‍ന്നു.
                                 "അമ്മൂ...."
ശൈലജ നെറ്റിയില്‍ തൊട്ടുനോക്കി. ചൂട് കുറവുണ്ട്. മകളുടെ വാടിയ മുഖവും പരിക്ഷീണിതമായ നോട്ടവും അവളുടെ നെഞ്ചില്‍ കല്ലിപ്പായി വീണുവെങ്കിലും പനി കുറഞ്ഞത് അവളെ ആശ്വസിപ്പിച്ചു.
           "അമ്മാ... ഞാന്‍ സ്വപ്നം കണ്ടു."
ശൈലജ ആധിയുടെ ലോകത്തു നിന്ന് അമ്മുവിന്‍റെ അരികത്തെത്തി.
  "എന്താ എന്‍റെ അമ്മു കണ്ടത്? ഇനി ചേരാന്‍ പോണ പുതിയ സ്കൂളാണോ?"
ആ അഞ്ചു വയസ്സുകാരിയുടെ കണ്ണുകള്‍ ശൈലജയില്‍ തറഞ്ഞുനിന്നു.
                                         "നമ്മടെ പച്ചവീട്"

ശൈലജയെ ബധിരയാക്കിക്കൊണ്ട് ഒരു മുഴക്കമുള്ള ശബ്ദം ചെവിയില്‍ മുഴങ്ങി.അവള്‍ ഒരു നിമിഷം ചലനമറ്റ് നിന്നു. ജീവനില്ലാത്ത ഒരു സങ്കല്‍പ്പത്തിലാണ് മകളുടെ മനസ്സത്രയും. അവള്‍ പുറത്തേയ്ക്കുള്ള ജനല്‍ തുറന്നു. എന്നും കറുത്തിട്ടാണ് ഇവിടെ ആകാശം. കരിയും പുകയും കൊണ്ട് മേനി മിനുപ്പിക്കുന്ന നഗരപ്രാന്തപ്രദേശം. വേരൊന്നുറപ്പിക്കാന്‍ പാടുപെടുകയാണ് പറിച്ചുനടപ്പെട്ട ജീവിതങ്ങള്‍. വാതില്‍ക്കല്‍ കേട്ട ശബ്ദം ശൈലജയെ ഉണര്‍ത്തി. അവള്‍ വാതില്‍ തുറന്നു . അനിരുദ്ധനാണ്. അമ്മുവിന്‍റെ പനി കുറഞ്ഞെന്നു പറയാതെ, അനിയേട്ടാ എന്നുവിളിച്ച് ആ നെഞ്ചില്‍ വീഴാതെ ശൈലജ നോക്കിയ നനഞ്ഞ ഒരു നോട്ടം അയാളുടെ ഹൃദയത്തില്‍ ചെന്ന് പതിച്ചു. അവളുടെ ഉള്ളിലെ വേവുകളത്രയും അയാള്‍ സ്വന്തം നെഞ്ചിലേക്ക് ഏറ്റുവാങ്ങി.

                     "എങ്ങനുണ്ട് അമ്മൂന്?"
മറുപടിയ്ക്ക് കാത്തുനില്‍ക്കാതെ അയാള്‍ മകളുടെ അരികില്‍ ഇരുന്നു. മകളുടെ കണ്ണിലെ തിളക്കത്തിനു പോലും കരിവാളിപ്പ് ബാധിച്ചിരിക്കുന്നതായി അനിരുദ്ധന് തോന്നി.
       "അച്ഛന്‍റെ അമ്മുക്കുട്ടിയ്ക്ക് സുഖായല്ലോ...."
സ്നിഗ്ദ്ധത നഷ്ടപ്പെട്ട അവളുടെ തലമുടി അയാള്‍ കൈ കൊണ്ട് ഒതുക്കിവെച്ചു.
"അച്ഛാ.... അമ്മുക്കുട്ടി പച്ചവീട് സ്വപ്നം കണ്ടു. സ്വപ്നത്തില് ഹാച്ചിയുമുണ്ടായിരുന്നു. ഓടിപ്പോയില്ലേ..... അവനുമുണ്ടായിരുന്നു."

         അസുഖകരമായ ഒരു നിശബ്ദത ആ അണുകുടുംബത്തില്‍ പറന്നു. ഒരു ദീര്‍ഘനിശ്വാസത്തില്‍ ആ അന്തരീക്ഷത്തിന് അയവു വരുത്തിക്കൊണ്ട് ശൈലജ അടുക്കളയിലേക്ക് നടന്നു. അടുക്കള എന്ന് പറയാനില്ല. ഒരാള്‍ക്ക്‌ കഷ്ടി നിന്നുതിരിയാം. അവിടെ ആദ്യം വന്നപ്പോള്‍ ദിക്കറിയാത്തവളെ പോലെ ശൈലജ വട്ടം കരങ്ങിയിരുന്നു. മൂന്നംഗകുടുംബത്തിന് അത് മതിയെന്നുവെയ്ക്കാം. പക്ഷെ കറുത്തുമൂടപ്പെട്ട ആകാശം അവരുടെ ലോകത്തെ ഒന്നാകെ ഞെരുക്കികളഞ്ഞു.ഫാക്ടറിയില്‍ നിന്നുയരുന്ന സൈറന്‍ അമേയയെന്ന അഞ്ചുവയസ്സുകാരിയെ വല്ലാതെ ഭയപ്പെടുത്തി. തന്‍റെ പച്ചവീട്ടിലേക്ക് പോകണമെന്ന വാശി, കരച്ചില്‍, പിന്നെ അത് പനിയായി. പനിയുടെ ഒഴുക്കില്‍ ഒരു സ്വപ്നത്തോണിയുണ്ടാക്കി പച്ചവീട്ടിലേക്ക് പോകുകതന്നെ ചെയ്തു, അമേയ. അവളുടെ പച്ചവീട് സ്വപ്നങ്ങളില്‍ മാത്രമാണ് അവശേഷിക്കുന്നത് എന്ന സത്യം ശൈലജ പറഞ്ഞില്ല, അനിരുദ്ധനും. സത്യത്തില്‍ അവരുടെ വീടിന് പച്ചനിറമായിരുന്നില്ല. മുഷിഞ്ഞ മഞ്ഞനിറമായിരുന്നു. ബോഗന്‍വില്ലകള്‍ കൊണ്ട് മതില്‍ മൂടുകയും അവരുടെ വീടിന്‍റെ നിറം പുറത്തേയ്ക്ക് കാണാതാവുകയും ചെയ്തതോടെ പുറത്തുള്ളവര്‍ പറഞ്ഞുതുടങ്ങി, ആ പാടത്തെ പച്ചവീട്.

     ഭാര്യ മരിച്ച ശേഷം പത്തുവയസ്സുകരനായ അനിരുദ്ധന്‍റെ കയ്യും പിടിച്ച് അനിരുദ്ധന്‍റെ അച്ഛന്‍ കയറിവന്നത് ഇവിടേക്കാണ്. അച്ഛന്‍റെ മരണശേഷം അനിരുദ്ധന്‍ ശൈലജയെ വിവാഹം കഴിച്ചുകൊണ്ടുവന്നതും ഇവിടേയ്ക്കു തന്നെ. നീലടര്‍ക്കിയില്‍ പൊതിഞ്ഞ് ചോരക്കുഞ്ഞായ അമേയയേയും കൊണ്ട് ശൈലജയും അനിരുദ്ധനും വന്നുകയറിയപ്പോള്‍ ഒരു അമ്മയെപ്പോലെ ഈ വീട് സഹര്‍ഷം സ്വാഗതം ചെയ്തത് പോലും അനിരുദ്ധന്‍റെ ഓര്‍മ്മയിലുണ്ട്. അമേയ പിച്ചവെച്ചു നടന്നു തുടങ്ങിയപ്പോള്‍ കൂടെ നടക്കാന്‍ ഹാച്ചിയുമുണ്ടായിരുന്നു. അമേയയുടെ ഒന്നാംപിറന്നാളിന് അനിരുദ്ധന്‍റെ സുഹൃത്ത് സമ്മാനമായി കൊടുത്ത ഹാച്ചി എന്ന പട്ടിക്കുഞ്ഞ്. ശൈലജ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ അമേയയ്ക്ക് കാവലായി ഹാച്ചിയുമുണ്ടായിരുന്നു. അമേയ ഗേറ്റിനു പുറത്തേയ്ക്ക് കാലെടുത്തുവെച്ചാല്‍ ഹാച്ചി ഉറക്കെ കുരച്ചു ബഹളം വെയ്ക്കും.എക്സ്പ്രസ്സ്‌ ഹൈവേ വീടിന് മുന്നിലൂടെയാണ് പോകുന്നതെന്ന അഭിമാനം ശൈലജയോടു പങ്കുവെയ്ക്കും മുന്‍പുതന്നെ സ്വന്തം വീടിന്‍റെ മുറ്റവും പൂമുഖവും ഹൈവെയായി മാറുമെന്ന സത്യം അനിരുദ്ധനെ തകര്‍ത്തുകളഞ്ഞിരുന്നു.വീടിനടുത്തുള്ള മണ്‍തിട്ട ഇടിയ്ക്കാന്‍ മണ്ണുമാന്തിയന്ത്രം വന്നത് ഹാച്ചിയും അമേയയും ഒന്നിച്ചാണ് കണ്ടത്. മണ്‍തിട്ട ഇടിക്കുന്ന യന്ത്രത്തെ അമേയ കൌതുകത്തോടെയും ഹാച്ചി അമര്‍ഷത്തോടെയും നോക്കി. അതിന്‍റെ ഭീകരശബ്ദം കേട്ട് ഗേറ്റ് കടന്നോടിയ ഹാച്ചി പിന്നെ തിരിച്ചുവന്നില്ല. അന്നാണ് അമേയയ്ക്ക് ആദ്യമായി പനി വന്നത്. അധികം വൈകാതെ സര്‍ക്കാര്‍ കൊടുത്ത പൈസയും വാങ്ങി, അനിരുദ്ധനും കുടുംബത്തിനും അവിടം വിടേണ്ടിയും വന്നു. ഓടിപ്പോയ ഹാച്ചി പച്ചവീട്ടില്‍ തിരിച്ചെത്തിക്കാണുമെന്ന് തന്നെ അമേയ ഉറച്ചു വിശ്വസിച്ചു. ഫാക്ടറിക്കടുത്ത ക്വാര്‍ട്ടെഴ്സിലെ പൊടിയും പുകയും തട്ടി അമേയയുടെ ഓര്‍മ്മകള്‍ കൂടി കരിവാളിക്കാന്‍ തുടങ്ങിയിരുന്നു. അവള്‍ ചുമയ്ക്കാന്‍ തുടങ്ങി. അവളുടെ ശരീരം പച്ചവീടിന്റെ കുളിര്‍മയ്ക്കായി കൊതിച്ചു. പാടത്തു നിന്നടിക്കുന്ന ഊഷ്മളമായ കാറ്റ് കിട്ടാതെ അവളുടെ ശ്വാസകോശങ്ങള്‍ പിടയാന്‍ തുടങ്ങി. പണിയും ശ്വാസംമുട്ടലുംകൊണ്ട് നാലുദിവസം ഹോസ്പിറ്റലില്‍ കിടന്ന് തിരിച്ചുവന്ന അമേയ വീണ്ടും സ്വപ്നം കണ്ടു, പച്ചവീടിനെ, ഹാച്ചിയെ...

                  ശൈലജ അനിരുദ്ധന് ചോറ് വിളമ്പി . പിന്നെ ഒരല്‍പം കഞ്ഞി ഒരു പാത്രത്തില്‍ എടുത്ത് മകള്‍ക്കരികിലേക്ക്  നടന്നു. സ്വന്തം വിധി സ്വീകരിച്ചതു പോലെ അമേയ അപ്പോള്‍ തീര്‍ത്തും ശാന്തയായിരുന്നു. അവള്‍ ചേരാന്‍ പോകുന്ന സ്കൂളിനെ കുറിച്ച് ശൈലജ വെറുതെ പറഞ്ഞു  തുടങ്ങി. അമേയ അമ്മയെ ആര്‍ദ്രഭാവത്തില്‍ നോക്കി. അവളുടെ ആഴ്ന്നിറങ്ങുന്ന നോട്ടത്തില്‍ ഒളിപ്പിച്ചതെല്ലാം അനാവൃതമായ പോലെ ശൈലജ  തല താഴ്ത്തി. പെട്ടന്ന്‍ താന്‍ സ്വയം ഒരു വിഡ്ഢി ആയതായി ശൈലജക്ക് തോന്നി. മരുന്ന് വായിലൊഴിച്ച് വെള്ളം കൊണ്ട് മകളുടെ മുഖം കഴുകി, സാരിത്തുമ്പ് കൊണ്ട് തുടച്ച് ശൈലജ അടുക്കളയിലേക്ക് നടന്നു. പാത്രങ്ങള്‍ കഴുകി തിരിച്ചുവരുമ്പോള്‍ അനിരുദ്ധന്‍ പോകാനൊരുങ്ങുകയായിരുന്നു. വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അനിരുദ്ധനെ പെട്ടന്ന് ഒരു ഇരുള്‍ വന്ന് മൂടുന്നത് ശൈലജ കണ്ടു. ആകാശം മൂടിയ കരിനിഴല്‍ ഭൂമിയിലേക്കിറങ്ങി തന്‍റെ ലോകം മുഴുവന്‍ കവര്‍ന്നെടുക്കുന്നത് കണ്ട് ശൈലജ നിലവിളിയോടെ നിലത്ത് വീണു. ഒരു പട്ടിക്കുഞ്ഞിന്റെ ദീനദീനമുള്ള കരച്ചില്‍ മാത്രം അവിടമെങ്ങും മുഴങ്ങി.






June 03, 2012

അഖിലയുടെ കനല്‍വഴികള്‍

         അശോക്നഗറിലെ പട്ടാളക്വാര്‍ട്ടെഴ്സിനിടയിലൂടെ നടക്കുമ്പോള്‍ തന്‍റെ തലച്ചോര്‍ ഒട്ടും പ്രവര്‍ത്തിക്കുന്നില്ലായെന്ന് അഖിലയ്ക്ക് തോന്നി. അവളുടെ നെഞ്ചില്‍ എന്നും ഒരു തേങ്ങല്‍ കുറുകിക്കുറുകി നിന്നിരുന്നു. കാണുന്നതും, കേള്‍ക്കുന്നതും മാത്രമാണ് ഇപ്പോള്‍ അവള്‍. ഒന്നും ചിന്തിക്കാന്‍ പറ്റാത്തത്ര യന്ത്രമായി മാറിയിരിക്കുന്നു അവളുടെ മനസ്സ്. ഇളബിശ്വാസ് - വെള്ളക്കല്ല് വെച്ച മൂക്കുത്തിയിട്ട്, കാലുകളില്‍ ചുവന്ന ചായം തേച്ച്, കൈകളില്‍ ചുവപ്പും വെള്ളയും കട്ടിവളകളിട്ട ബംഗാളിപെണ്‍കുട്ടി അവളോടൊപ്പം ഉണ്ടായിരുന്നു. അഖില ഭര്‍ത്താവിനോടൊപ്പം പഞ്ചാബിലെത്തിയപ്പോള്‍  അവള്‍ക്ക് ആദ്യമായും, അവസാനമായും കിട്ടിയ കൂട്ടാണ് ഇള. രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ രാത്രിജോലിക്ക് പോകുന്ന രാത്രികളില്‍ അവര്‍ ഒരു ക്വാര്‍ട്ടെറില്‍, ഒരു റൂമില്‍ കിടന്നുറങ്ങി. കൊതുകുവലയ്ക്കു താഴെ, രജായിയ്ക്കുള്ളില്‍ ഒരുപാട് മനസ്സടുപ്പത്തോടെ സംസാരിച്ചു. ബംഗാളിചുവയുള്ള ഹിന്ദി ഏറ്റവും ഹൃദ്യമാണെന്ന് അന്നാണ് അഖിലയ്ക്ക് തോന്നിയത്. അഖില അവിടെ പുതിയതാണ്. വിവാഹം പോലും അവള്‍ക്കുള്‍ക്കൊള്ളാന്‍ കഴിയുംമുമ്പ്  അവള്‍ പഞ്ചാബിലെത്തി. ഇരുണ്ട ഒരു പുലരിയില്‍ പഞ്ചാബിലെ ഒരു കൊച്ചുസ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ പെട്ടെന്നൊരു ദു:സ്വപ്നതില്‍പ്പെട്ടതു പോലെ അവള്‍ ഞെട്ടിയിരുന്നു. അവര്‍ ഒറ്റയ്ക്കാകുന്ന രാത്രികളിലൊക്കെ ബംഗാളിലേയും, കേരളത്തിലെയും ഗ്രാമങ്ങളിലൂടെ അവര്‍ ഒന്നിച്ചുസഞ്ചരിച്ചു. മാനസികമായി ഒരുപോലെ ചിന്തിക്കുന്നവരാണ് ബംഗാളികളും, മലയാളികളും എന്നവള്‍ തിരിച്ചറിഞ്ഞു. ഇരുണ്ട നിറമുള്ള തൊലിയുടെ അനാകര്‍ഷകത്വം സമ്മാനിച്ച അപകര്‍ഷതാബോധത്തില്‍ നിന്ന് അഖില മോചിതയായത് ഇളയുടെ സൌഹൃദത്തിന്‍റെ തൂവല്‍പുതപ്പിലൂടെയാണ്. പലപ്പോഴും അഖില ഇളയ്ക്കടിമപ്പെട്ടത്‌ പോലെ അവള്‍ക്കരികില്‍ ചെന്നിരിക്കുമായിരുന്നു. തന്നിലും നാലുവയസ്സിനിളയ  ഈ ബംഗാളിപെണ്‍കുട്ടി അഖിലയെ അത്രത്തോളം അത്ഭുതപ്പെടുത്തി. ഒരുപാട് വളവും തിരിവുമുള്ള കാന്‍ടോണ്‍മെന്‍റ് ഏരിയക്കിടയിലൂടെയുള്ള ടാറിട്ട പാതകളിലൂടെ അവര്‍ നടന്നു. അന്ന് കാലം അവര്‍ക്ക് മുന്‍പിലും പിന്പിലും നിശ്ശബ്ദമായി. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ക്വാര്‍ട്ടെഴ്സുകള്‍! അതില്‍ നിന്ന് ഉയരുന്ന ചില പിറുപിറുക്കലുകള്‍ കാലങ്ങള്‍ താണ്ടി അവരില്‍ മാത്രം എത്തി.

                 കീഴുദ്യോഗസ്ഥരുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശനത്തിനെത്തുന്ന മേലുദ്യോഗസ്ഥന്മാരുടെ കഴുകന്‍കണ്ണിനെക്കുറിച്ചും, വീട്ടില്‍ നില്‍ക്കുന്ന ഓര്‍ഡര്‍ലിമാരുടെ ചോരയൂറ്റിക്കുടിക്കുന്ന യക്ഷികളായ അവരുടെ ഭാര്യമാരെക്കുറിച്ചും, നെയ്ക്കട്ടി പോലുള്ള അവരുടെ മക്കളെക്കുറിച്ചും അവര്‍ സംസാരിച്ചു. മധുവിധുവിന്റെ ഹര്‍ഷോന്‍മാദത്തേക്കാള്‍ അവര്‍ക്ക് സന്തോഷം പകര്‍ന്നത്, കനലെരിയുന്ന പകലുകളില്‍ ഉപ്പും മുളകുപൊടിയും നാരങ്ങാനീരും ചേര്‍ത്ത് ചുട്ട ചോളവും തിന്നുകൊണ്ടുള്ള അലക്ഷ്യമായ നടത്തമായിരുന്നു. തനിക്കുള്ളില്‍ വളരുന്നത് ഒരു പെണ്‍കുഞ്ഞാണെന്നും അവള്‍ക്ക് അപര്‍ണ എന്ന് പേരിട്ട് 'അപു' എന്നുവിളിക്കുമെന്നും അത്തരമൊരു നടത്തത്തില്‍ ഇള പറഞ്ഞു.

                       ഇരുമ്പുചക്രങ്ങള്‍ തിരിഞ്ഞും മറിഞ്ഞും ഒരുപാട് പ്രാവശ്യം സഞ്ചരിച്ചപ്പോള്‍ അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം അഖില പൂനെയില്‍ എത്തി. കല്ലുകൊണ്ട് പണിത ആ കെട്ടിടങ്ങളിലൊന്നില്‍ ഇളയുണ്ടായിരുന്നു. ഇള അവളെ ചേര്‍ത്തുപിടിച്ചപ്പോള്‍ അവര്‍ക്കിടയില്‍ അഞ്ചുവര്‍ഷങ്ങള്‍ ഉരുകിയൊലിച്ചു. അമ്മയും അച്ഛനും മരിച്ച് അനാഥയായിത്തീര്‍ന്ന ഇള, പിറക്കും മുന്‍പ്‌ അപുവിനെ നഷ്ടപ്പെട്ട ഇള. അവള്‍ക്കു മുന്‍പില്‍ ഇരിക്കുമ്പോള്‍  താന്‍ മറ്റൊരു അമ്മയ്ക്ക് മുന്‍പിലാനിരിക്കുന്നതെന്ന് അഖിലയ്ക്ക് തോന്നി.

                             അമ്മ മരിച്ചിട്ടും പോകാന്‍ കഴിയാതിരുന്ന തന്‍റെ ദുര്യോഗത്തെ കുറിച്ച് ഇള പറഞ്ഞത് കാന്‍ടോണ്‍മെന്‍റ് എരിയക്കടുത്തുള്ള ഒരു ചെറുഗ്രാമത്തിലെ ഇരുണ്ട ഇടനാഴിയില്‍ വെച്ചായിരുന്നു. ആ സന്ധ്യാനേരത്ത് ഒരു കല്യാണഘോഷയാത്ര ആ വഴി വരുന്നുണ്ടായിരുന്നു. കൊട്ടിയും നൃത്തം ചെയ്തും വരുന്ന 'ബാരാത്ത്' അടുത്തെത്തവേ അവര്‍ കുട്ടികളെപ്പോലെ ആഹ്ലാദിച്ചു. തിരിച്ചുനടക്കുമ്പോള്‍ വഴിവിളക്കില്‍ നിന്നുള്ള പ്രകാശം തട്ടി ഇളയുടെ മൂക്കുത്തി പ്രകാശിച്ചു.

                           സന്ധ്യയുടെ ഇരുളിലൂടെ രാത്രിയുടെ പ്രകാശം കെട്ടിടങ്ങളുടെ മുകളിലേക്ക് ഒഴുകിപ്പരന്നു. കുട്ടികളുടെ ശബ്ദങ്ങള്‍, പലഭാഷകളിലുള്ള ശകാരവാക്കുകള്‍, വിവിധതരം ഭക്ഷണങ്ങളുടെ മസാലമണം! കുടിച്ചുവന്ന് അമ്മയെ ഉപദ്രവിച്ച അച്ഛനെ വെട്ടിക്കൊന്ന വിദ്യാര്‍ത്ഥിയായ മകന്‍! അവരുടെ ക്വാര്‍ട്ടേഴ്സ് ഇരുണ്ടുകിടന്നിട്ടും അഖിലയ്ക്കൊട്ടും ഭയം തോന്നിയില്ല. അവര്‍ അന്നേരം കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു.

                          തിരികെ അഖില ക്വാര്‍ട്ടെഴ്സില്‍ എത്തുമ്പോള്‍ ഭര്‍ത്താവിന്‍റെയും കൂട്ടുകാരുടേയും ആഹ്ലാദിച്ചുള്ള ചിരി കേട്ടു. അവളെ കണ്ടപ്പോള്‍ 'ദീദി നമസ്തേ'  എന്നു പറഞ്ഞവര്‍ അഭിവാദ്യം ചെയ്തു. അതിലെ ഒരു പൊടിമീശക്കാരന്‍ അവളുടെ കാല്‍ തൊടാന്‍ കുനിഞ്ഞപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. ഉള്ളിത്തോലും, കാരറ്റ്തൊലിയും, ചെറുനാരങ്ങാത്തോടും ചിതറിക്കിടക്കുന്ന അടുക്കളയില്‍ അഖില പ്രവര്‍ത്തനമറ്റ യന്ത്രത്തെപ്പോലെ നിന്നു. അടുക്കളയിലെ മുക്കാലിയില്‍ കാല്‍മുട്ടുകള്‍ക്കിടയില്‍ മുഖം തിരുകി അവള്‍ ഏറെ നേരം ഇരുന്നു. കണ്ണുതുറന്നപ്പോള്‍ നിശബ്ദത, എട്ടുകാലി വല നെയ്ത രാത്രി പകുതിയായിരുന്നു. ചിതറിക്കിടക്കുന്ന ഗ്ലാസ്സുകള്‍, അച്ചാറിന്റെ 'കട്ടോരികള്‍', ഏതോ ഒരുത്തന്‍ ഉപേക്ഷിച്ചിട്ട തൂവാല, അലങ്കോലപ്പെട്ട കസേരകള്‍ എന്നിവയെ അങ്ങനെതന്നെ വിട്ട്, അഖില വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. പുറത്തേക്കു തുറക്കാന്‍ ഒരു ജനല്‍ പോലുമില്ലാത്ത മനസ്സുമായി ജീവിക്കുന്ന കോണ്‍ക്രീറ്റ് മനുഷ്യരുടെ മാളങ്ങള്‍ക്ക് മുന്നിലൂടെ അഖില നടന്നു. തന്‍റെ ലക്‌ഷ്യം ഇളയാണെന്നറിഞ്ഞ് അവള്‍ക്കടുത്തെത്തി ആ മടിയില്‍ മുഖമമര്‍ത്തി കിടക്കവേ തന്‍റെ വഴിയും ഇള തന്നെയാണെന്നവള്‍ തിരിച്ചറിഞ്ഞു.

April 08, 2012

ഹൃദയപ്പച്ചകള്‍

                 എന്‍റെ മനസ്, മണലെടുത്തു പോയ കുഴികളില്‍ നിന്ന് പുറത്തുചാടാനാവാതെ വീര്‍പ്പുമുട്ടുന്ന പുഴ പോലെ  ഉഴറിനിന്നപ്പോഴാണ്, ആ നിയോഗം എന്നിലേക്ക് സമയമായി എന്ന് പറഞ്ഞുകൊണ്ട് കടന്നുവന്നത്. സത്യത്തില്‍ അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു  ഏറെക്കാലമായി എന്‍റെ ജീവിതം എന്ന് പിന്നീട് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. ഭാവനയും, ഭ്രമവും, വിഡ്ഢിത്തവും നിറഞ്ഞ സങ്കല്‍പ്പലോകത്ത് കുരുങ്ങി മരിച്ചു പോവുമായിരുന്ന സര്‍ഗാത്മകത പൊടിച്ചുവന്നു. എനിക്കറിയാം, മഹാവൃക്ഷങ്ങള്‍ക്കിടയില്‍ അതൊരു പുല്‍നാമ്പ് മാത്രമാണെന്ന്. എങ്കിലും പരാതിയില്ല, അപകര്‍ഷതബോധവുമില്ല. പുല്‍നാമ്പിനും  അതിന്‍റെതായ പച്ചപ്പും, ചന്തവുമുണ്ടല്ലോ.
                       ജീവിതത്തില്‍ രണ്ടു തരം മനുഷ്യരുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. സ്വയം ലോകത്തിന്‍റെ കേന്ദ്രമാണെന്ന് കരുതി, ഈ ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന മട്ടില്‍ കഴിയുന്നവര്‍. തന്‍റെ ശരിയാവണം ലോകത്തിന്‍റെ ശരി എന്ന് ശാട്യം പിടിച്ച്, ലോകത്തോട് മുഴുവന്‍ പരാതിയും, പരിഭവവുമായി കഴിയും ഇവര്‍. താനൊഴിച്ച് മറ്റുള്ളവര്‍ എല്ലാവരും ശത്രുക്കള്‍ ആണെന്ന് ഇവര്‍ ധരിക്കും. ഏറ്റവും ദുര്‍ബലരായിരിക്കും ഇവര്‍. അടുത്ത കൂട്ടര്‍ ലോകത്ത് താനാരുമല്ല എന്ന മട്ടില്‍ നടക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം  ലോകം എങ്ങനെ ആയാലും ഒന്നുമില്ല. പരാതിയും, കുറ്റപ്പെടുത്തലും,പരിഭവവുമില്ലാതെ ലോകത്തെ മനസ്സിലാക്കും അവര്‍. അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ തിരിച്ചറിയണമെന്ന നിര്‍ബന്ധവുമില്ല. മാനസികമായി ഏറ്റവും ശക്തരായിരിക്കും ഇവര്‍. ആദ്യത്തെ കൂട്ടര്‍ അഹങ്കാരികള്‍ ആണെങ്കില്‍, അഹംബോധം കൂടുതല്‍  രണ്ടാമത്തെ കൂട്ടര്‍ക്കായിരിക്കും. എന്തിനാണ് ഞാന്‍ മനുഷ്യരെ ഇങ്ങനെ വിലയിരുത്തുന്നത്? ഞാനും നീയും ഏതു വിഭാഗത്തില്‍ പെടുമെന്ന് തിരിച്ചറിയുകയാവാം. ജീവിതം മടുത്തു എന്നും എനിക്ക് എന്നോട് പുച്ഛമാണെന്നും ഞാനിപ്പോള്‍ പറയാറില്ല. ബാലിശമായ എന്‍റെ ചപലതകളും, ദുര്‍വാശികളും, അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ അഹങ്കാരവും കണ്ണാടിയില്‍ നിന്നെന്ന പോലെ നിന്നില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ നാണിച്ചുപോയി അപ്പോഴൊക്കെ. എന്നാലും ഞാന്‍ എന്നെ വെറുത്തില്ല. കാരണം ഏറ്റവും സാധാരണ സാഹചര്യങ്ങളുള്ള, അസാധാരണമെന്നു പറയാന്‍ ഒന്നുമില്ലാത്ത ഒരു മനുഷ്യജീവിയായിരുന്നു ഞാന്‍. എന്നിട്ടും ഞാന്‍ എന്നെ സ്വയം പരിഹസിച്ചില്ല. എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഞാനാണ്. അത് അംഗീകരിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ലോകത്തോടോ, ജീവിതത്തോടോ ഒരു പരാതിയും തോന്നിയില്ല. എന്നെ ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ ഒന്നുമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ നിന്‍റെ ലോകത്ത് നിന്ന് ഓടിയൊളിക്കാന്‍ ഞാന്‍ കൊതിച്ചു. പക്ഷെ ഒരു സ്ഥലവും നിന്‍റെ ലോകമല്ലാത്തതായി ഉണ്ടായിരുന്നില്ല.
                             ഏപ്രില്‍ മാസത്തിലെ ഒരു തിളയ്ക്കുന്ന പകലില്‍, നമ്മള്‍ നഗരമധ്യത്തില്‍ വെച്ച് കണ്ടുമുട്ടി. എന്തൊരു തെളിച്ചമായിരുന്നു അപ്പോള്‍ ചുറ്റുമുള്ള ലോകത്തിനു! എന്‍റെ അഹങ്കാരം അഹംബോധത്തിലേക്ക് ഒരു ചുവടു വെച്ചു.നമുക്കിടയിലുള്ളതിനെ, പ്രണയമെന്നോ , പ്രേമമെന്നോ, സൌഹൃദമെന്നോ, സാഹോദര്യമെന്നോ ഒക്കെയുള്ള കേവലവാക്കുകളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന എന്‍റെ വിഡ്ഢിത്തം അറിയുകയായിരുന്നു ഞാനപ്പോള്‍. വേര്‍പിരിയലിനും, കണ്ടുമുട്ടലിനും നമുക്കിടയില്‍ ഒരു പ്രസക്തിയുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിട്ടുകൊടുക്കലിനും, സ്വന്തമാക്കലിനും ഒരു സ്ഥാനവുമില്ല എന്നും. അനാവശ്യമായ ആകുലതകളും, സന്ദേഹങ്ങളും കൊണ്ട് സ്വയം തീര്‍ത്ത പ്യൂപ്പയില്‍ നിന്ന് ഒരു ശലഭമായി ഞാന്‍ ആഹ്ലാദിച്ചുപറന്നുയര്‍ന്നു. തീവണ്ടിപ്പാത പോലെ സമാന്തരമായിക്കൊള്ളട്ടെ നമ്മുടെ ജീവിതങ്ങള്‍. പക്ഷെ മലയും പുഴയും, മണലാരണ്യവും താണ്ടുന്നത് നാം ഒരുമിച്ചായിരിക്കുമല്ലോ. ലോകത്തോടുള്ള നിലയ്ക്കാത്ത കൌതുകവുമായി നീ നടന്നുപോയി അന്ന്. ഞാന്‍ അത് ഏറെ നേരം നോക്കിനിന്നു. ഞാനങ്ങനെ നോക്കുന്നത് ഒരുപക്ഷെ നിനക്ക് ഇഷ്ടപ്പെടുകയില്ല എന്നെനിക്കറി യാമായിരുന്നു. ചിലപ്പോഴൊക്കെ നീ കടന്നുപോയിക്കഴിഞ്ഞാല്‍ എന്‍റെ ലോകം ശൂന്യമാവുമായിരുന്നു. എന്‍റെ കണ്ണ് നിറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ നീ പോകുന്നുമില്ല, വരുന്നുമില്ല എന്ന് തിരിച്ചറിയാന്‍ ഞാനെത്ര വൈകി!നീ എപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു, ഞാനും, പിന്നെ നമ്മുടെ ലോകവും. നീ ഓര്‍ക്കുന്നുവോ ഒരു വിഷുത്തലേന്ന്  ഒരു കണിക്കൊന്നമരം ഒന്നാകെ, നമുക്ക് മുന്‍പില്‍ പെട്ടന്ന് പൂത്തുലഞ്ഞത്!!!

March 28, 2012

ലാവ


                 അയാള്‍ മദ്യപിക്കാറുണ്ട്. ബീഡി ഇടയ്ക്കൊക്കെ വലിക്കും. ജീവിതത്തില്‍ വലിയ ധാര്മികബോധത്തിന്‍റെ ആവശ്യമുണ്ടെന്നു ഇന്നുവരെ തോന്നിയിട്ടില്ല. ഇരുമ്പ് കൊണ്ട് കത്തി, വാക്കത്തി എന്നിങ്ങനെയുള്ള സാധനങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആണ്. ആ പേരില്‍ മാത്രമേ വലിപ്പത്തരം ഉള്ളു. പല ജോലികളും അയാള്‍ക്കെടുക്കേണ്ടി വന്നിട്ടുണ്ട്. ഇരുമ്പ് ഉരുക്കി തീ നിറത്തില്‍ കോരിയോഴിക്കുന്നത് കാണുമ്പോള്‍ ഉള്ള കൌതുകം ഇന്നും ഉണ്ടയാള്‍ക്ക്. എന്തൊരു നിറമാണത്! തീയും സ്വര്‍ണവും കൂടിച്ചേര്‍ന്ന നിറം.ഈ ഭൂമിയില്‍ അയാള്‍ക്ക്‌ ഏറ്റവും ആകര്‍ഷകമായി തോന്നിയ കാഴ്ച!
                                കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് അയാളെ ഭ്രമിപ്പിച്ച ഏറെ കാര്യങ്ങള്‍ ഉണ്ടായിരുന്നു. വെളുത്ത കൈത്തണ്ടയിലെ കരിവളകള്‍, വൈകുന്നേരം അഞ്ചു മണിക്ക് വീട്ടിനടുത്തെ ബസ്സ്‌സ്റ്റോപ്പില്‍ എത്തുന്ന രമബസ്സിന്റെ ഹോണ്‍, വാടിയ ജമന്തിയുടെയും, സ്ത്രീവിയര്‍പ്പിന്റെയും കൂടിക്കുഴഞ്ഞ മണം. അന്നയാളുടെ മനസ്സും ഉരുക്കിയൊഴിച്ച തീ നിറത്തിലുള്ള ലാവ പോലെ ആയിരുന്നു. എങ്ങനെ വേണമെങ്കിലും മാറാനും മാറ്റാനും തയ്യാറായിരുന്ന പുതുമനസ്സ്! ഇന്നത്‌ കറുത്ത് ദൃഡമായിരിക്കുന്നു. ഒരു പക്ഷെ  അതിന്‍റെ വക്കും മൂലയും തേഞ്ഞിരിക്കുകയും ചെയ്യുന്നു. ഇരുട്ടിയിട്ടും വീട്ടിലേക്കു പോകാന്‍ അയാള്‍ക്ക്‌ തോന്നിയില്ല. വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുന്നില്‍ അങ്ങനെ ഏറെ നേരം നില്‍ക്കും. എട്ടുമണി എന്കിലുമാവാതെ വീട്ടില്‍ പോയി എന്ത് ചെയ്യാനാണ് ? പരാതിയും ചുമയും ഒരുപോലെ പുറത്തേയ്ക്ക് വമിക്കുന്ന ഭാര്യയെ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക്‌ ഓക്കാനം വന്നു. മുഷിഞ്ഞതും കരിമ്പുള്ളികള്‍ പറ്റിയതുമായ അടിപ്പാവാട കാണാവുന്ന വിധത്തില്‍ സാരി മുകളിലേക്ക്  കുത്തി വെച്ച് പാറിപ്പറന്ന തലമുടിയുമായി അവള്‍ വരുന്നത് കാണുമ്പോള്‍ തന്നെ അയാള്‍ക്ക്‌  താന്‍ കഴിച്ച മദ്യത്തിന്‍റെ ലഹരി നിശ്ശേഷം നഷ്ടപ്പെട്ടതായി തോന്നും.
                                      മുട്ടോളം എത്തുന്ന യുണിഫോം പാവാടയിട്ട് കോല്പോലെ കൈകാലുകളുള്ള മകള്‍ എവിടെയെങ്കിലും പുസ്തകവുമായി പതുങ്ങുന്നത് കാണാം. അവളോടും പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല. അവളെ പ്രസവിച്ചു കണ്ടപ്പോള്‍, ആണ്കുട്ടിയാവാത്തതിനാല്‍  അയാള്‍ സങ്കടപ്പെട്ടിട്ടുണ്ട്. അതെന്തിനായിരുന്നു ആ സങ്കടമെന്ന് ഇന്നാലോചിക്കുമ്പോള്‍ അതിനു യാതൊരു ഉത്തരവുമില്ല.
                                           ചുമ, തുമ്മല്‍, ശ്വാസംമുട്ടല്‍ , മരുന്നുകളുടെ മണം, മഴക്കാലത്തെ വലിവ്,പിന്നെ കുറെ പ്രാകല്‍- അതാണയാള്‍ക്ക് ഭാര്യ. അതായതുകൊണ്ടാണ് അയാള്‍ക്ക്‌ അഞ്ചു സെന്റ്‌ സ്ഥലം കിട്ടിയത്. അതില്‍ വീട് പണിയാനും ഭാര്യവീട്ടുകാര്‍ നിര്‍ലോഭം സഹായിച്ചിട്ടുണ്ട്. കുടിച്ചുവന്ന രാത്രികളിലെ ബോധംകെട്ട ചെയ്തികളുടെ ഫലം, ഭാര്യയുടെ തനിപ്പകര്‍പ്പായ മകള്‍. ഇടയ്ക്കവള്‍ ചുമയ്ക്കുമ്പോള്‍ മാത്രം അയാളൊന്നു ഞെട്ടും.
                        വിശ്വേട്ടന്റെ ടൈലര്‍ഷോപ്പിനു മുമ്പില്‍ അയാളെ പോലെ കഠിനമായ ജോലികള്‍ ചെയ്തു തളര്‍ന്നവര്‍ ഒരുപാട് വരും. നാട്ടിലെയും, രാഷ്ട്രീയത്തിലെയും എല്ലാ മാറ്റങ്ങളും വിശേഷങ്ങളും അയാള്‍ക്ക്‌ അവിടെ വെച്ച് കിട്ടും. അതൊരു ആശ്വാസനേരമാണ്. അതും കഴിഞ്ഞാണ് വീട്ടിലേക്കു മടക്കം. അയാള്‍ ബീഡി ആഞ്ഞുവലിച്ചു .
    "രഘൂ.... നീ ഇപ്പോഴും ഇവിടെ നിക്ക്വാ... ? എടാ.. ആ പെണ്‍കുട്ടി വീട്ടില്‍ തനിച്ചല്ലെട.. ഭാര്യ മരിച്ചിട്ട് ഇത്രയല്ലേ ആയുള്ളൂ... മതി.. പോ..പോ.."
വിശ്വേട്ടനാണ്. മറുത്തുപറയാന്‍ തോന്നിയില്ല.ഭാര്യ മരിച്ചിട്ട് ഒരു മാസം ആകുന്നേയുള്ളൂ. മനംപിരട്ടുന്ന ആ ഓര്‍മ്മ ഇല്ലെങ്കിലും അയാള്‍ക്ക്‌ വീട്ടിലേക്കു പോകാന്‍ തോന്നുന്നില്ല. മകള്‍ തനിച്ചാണ് എന്നോര്‍ക്കാതെയല്ല. അവളോട്‌ അയാള്‍ക്ക്‌ ഒരു ദയവ് തോന്നുന്നുണ്ട്. പതിനാലു തികയാത്ത ആ മെലിഞ്ഞ പെണ്‍കുട്ടി എന്തുചെയ്യുമെന്നോര്‍ത്ത്.
                        അയാള്‍ ഇരുട്ടത്ത്‌ നടന്നു. ഭാര്യ ഉള്ളപ്പോള്‍ ഉമ്മറവാതില്‍ അടയ്ക്കാറില്ല. ഗേറ്റില്‍ നിന്നേ ചുമ കേള്‍ക്കാം. അയാള്‍ അടച്ച വാതിലില്‍ തട്ടി. മകള്‍ വാതില്‍ തുറന്നു. ഏതോ അപരിചിതനെ നോക്കുംപോലെയാണ് അവള്‍ അയാളെ നോക്കുന്നത്. മകള്‍ വിളമ്പിവെച്ച ഭക്ഷണം അയാള്‍ കഴിച്ചു. ഭാര്യ ഉള്ളപ്പോഴും അവള്‍ക്കു ധാരാളം പണികള്‍ ഉണ്ടായിരുന്നു.
                         അയാള്‍ കട്ടിലില്‍ കയറി കിടന്നു. മകളും ഭാര്യയും വേറെ മുറിയിലാണ് കിടകാറ്. ഭാര്യയുടെ ചുമ ഇടയ്ക്കിടയ്ക്ക് കേള്‍ക്കാമായിരുന്നു. ഉറക്കത്തില്‍ നിന്ന് ഇടയ്ക്കുണരുമ്പോള്‍ അയാള്‍ പല്ല് കടിയ്ക്കും.
                     "പണ്ടാരം.... ചാവുന്നൂല്ല.."
ഇപ്പോള്‍ ഈ നിശബ്ദതയില്‍ അയാള്‍ക്ക്‌ ഉറങ്ങാന്‍ കഴിയാതെ വരുന്നു. എണീറ്റിരുന്ന് ബീഡി വലിച്ചു. മകള്‍ മുന്‍വാതില്‍ അടച്ചു കിടന്നു കാണണം. അയാള്‍ക്ക്‌ വല്ലാത്ത വീര്‍പ്പുമുട്ടല്‍ അനുഭവപ്പെട്ടു. മകള്‍ കിടന്നിരുന്ന മുറിയില്‍ നിന്ന് അവളുടെ ചുമ കേട്ടു. അയാള്‍ മുറിയുടെ വാതില്‍ക്കല്‍ നിന്ന് മകളെ നോക്കി. അവള്‍ കിടക്ക വിരിച്ചു ശരിയാക്കുകയാണ്. മകളുടെ മെലിഞ്ഞ മുഖം കണ്ടപ്പോള്‍ അയാള്‍ക്ക്‌ അലിവ് തോന്നി.
                          " തങ്കം"    അയാള്‍ അവളുടെ തോളില്‍ കൈവെച്ച് വിളിച്ചു. പിച്ചവെച്ചു നടക്കുമ്പോള്‍ എന്നോ അയാള്‍ വിളിച്ച വിളി. പിന്നെയൊക്കെ പെണ്ണെന്നായിരുന്നു അയാള്‍ വിളിച്ചു കൊണ്ടിരുന്നത്. മകള്‍ തിരിഞ്ഞ് അയാളെ നോക്കി. അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് ബീഡി വലിച്ചിട്ടാണ് എന്നവള്‍ക്ക് തോന്നി. മദ്യത്തിന്‍റെ മണമില്ലാഞ്ഞിട്ടും, അവളുടെ കണ്ണുകളില്‍ നിന്നുതിര്‍ന്ന സംശയത്തിന്‍റെ മൊട്ടുസൂചികള്‍ അയാളില്‍ വന്നു തറച്ചു. മുഖം താഴ്ത്തി അയാള്‍ മുറിയിലേക്ക് തിരിച്ചു വന്ന് തന്‍റെ കട്ടിലില്‍ ഇരുന്നു. മകള്‍ മുറിയുടെ വാതില്‍ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ മുഖമുയര്‍ത്തി. തന്‍റെ ഉള്ളില്‍ നിന്ന് ഉരുകിയൊലിച്ച എന്തോ ഒന്നില്‍ അയാള്‍ അകംപുറം പൊള്ളിപ്പിടയുമ്പോള്‍ അടച്ചിട്ട മകളുടെ മുറിയില്‍ നിന്ന്, തേങ്ങല്‍ പോലെ ചുമ ഉയരുന്നുണ്ടായിരുന്നു.

March 01, 2012

ഗീതാഹിരണ്യന്‍റെ കഥകളും, ചില സ്ത്രീപക്ഷചിന്തകളും.

          ഒരു സുഹൃത്തിന്റെ കയ്യില്‍ നിന്നാണ് ഗീതാഹിരണ്യന്‍റെ കഥകള്‍ എനിക്ക് ലഭിച്ചത്. വായിച്ചുകഴിഞ്ഞാല്‍ സാധാരണയായി ഉടനെ മടക്കി കൊടുക്കുകയാണ് പതിവ്, പണ്ട് മുതലേ. അതിനൊരു മറുവശമുണ്ട്. എന്റെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ വായിച്ചുകഴിഞ്ഞാല്‍ മറക്കാതെ തിരിച്ചു തരണം എന്ന നിര്‍ബന്ധമാണ് അത്. എന്നാല്‍ ഈ കഥകള്‍ ഞാന്‍ തിരിച്ചുകൊടുത്തിട്ടില്ല, ഈ നിമിഷം വരെ. വായിച്ചുകഴിഞ്ഞിട്ടും അതില്‍ ഇനിയും എന്തോ ബാക്കിയുള്ളത് പോലെ ഞാന്‍ പുസ്തകം സൂക്ഷിച്ചു. വെറുതെ എടുത്തു വീണ്ടും വീണ്ടും മറിച്ചുനോക്കി. അതിശയിപ്പിക്കുന്ന തെളിമയാണ് ആ കഥകള്‍ക്ക്. ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജീവിതസത്യം, ഹൃദയ പരമാര്‍ത്ഥി, വിഴുപ്പ്, അസംഘടിത, ഘരെ ബായരെ, എന്നിങ്ങനെ സ്ത്രീയുടെ  വിവിധ ഭാവങ്ങളെ ഒരു വജ്രത്തില്‍ എന്നോണം പ്രകാശിപ്പിക്കുന്ന കഥകള്‍! കുഴപ്പിക്കുന്ന ബിംബങ്ങളോ അനാവശ്യ ഉപമകളോ ഇല്ലാതെ നേരെ കാര്യം പറഞ്ഞു പോകുന്ന രീതി. സാധാരണ ആശയങ്ങള്‍ അസാധാരണമായി പറഞ്ഞിരിക്കുന്ന അവതരണരീതി. യാഥാസ്ഥിതിക സമീപനങ്ങള്‍ക്കെതിരെ ശക്തമായ ഒരു കുതറല്‍ അതിലെ പല സ്ത്രീകഥപാത്രങ്ങളിലും കാണാന്‍ കഴിയും.                                    
                        കഥകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അനുബന്ധത്തിലൂടെ കടന്നുപോയി. അപ്പോഴാണല്ലോ നാം എഴുത്തുകാരെ അറിയുന്നത്. കഥയെഴുത്തിലേക്ക് അവര്‍ വന്നതിനെ കുറിച്ച് അവരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍      "കുട്ടിക്കാലം മുതല്‍ കാത്തുവെച്ച പ്രണയത്തെ പില്‍ക്കാലം ഒരാള്‍ത്തിരക്കില്‍  കണ്ടറിഞ്ഞ്, ശിശുവിനെയും കയ്യിലെടുത്ത് അതിവേഗം അവരോടൊപ്പം ഓടിപ്പോയ ക്ലേശജന്മമായ കാമുകിയെപ്പോലെ, ഞാന്‍ കഥയോടൊപ്പം ഒളിച്ചോടി."  അവര്‍ പ്രസിദ്ധപ്പെടുത്തിയ ലേഖനം അവരുടെ ഭര്‍ത്താവ് എഴുതിയതാണെന്ന് വാദിക്കുന്ന ഒരു പരിചയക്കാരനെ അവര്‍ വാശിയോടെ ഓര്‍ക്കുന്നുണ്ട്. ആ വകവെയ്ക്കായ്കയാണ് അവരില്‍ എഴുത്തുകാരിയാവനുള്ള ഊര്‍ജം നിറച്ചത്. എഴുതുന്നതൊക്കെ എഴുത്തുകാരിയുടെ ജീവിതവും അനുഭവവും ആണെന്ന് കരുതുന്ന മറ്റു ചില വായനക്കാരെയും അല്‍പ്പം വേദനയോടെ അവര്‍ ഓര്‍ക്കുന്നു. എഴുത്തിന്റെ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്ന് വന്ന, എഴുത്തുകാരനായ ജീവിതപങ്കാളിയുള്ള, കോളേജ് അധ്യാപികയായ ഒരു എഴുത്തുകാരിയുടെ അനുഭവം ഇതാണെങ്കില്‍ ഇതൊന്നുമല്ലാത്ത സാധാരണ സ്ത്രീ എഴുത്തുകാരികളുടെ കാര്യമോ? സ്ത്രീകളായ എഴുത്തുകാരെ മാത്രം ഇത്തരമൊരു കണ്ണോടെ സമൂഹം കാണുന്നത് എന്തുകൊണ്ടാണ്? അങ്ങനെ ചിന്തിച്ചപ്പോള്‍ ഞാന്‍ രാജലക്ഷ്മിയില്‍ എത്തി.  "ജീവിച്ചിരുന്നാല്‍ ഞാന്‍ ഇനിയും എഴുതും, അതുകൊണ്ട് പോകുന്നു" എന്നെഴുതി ഇരുളിലേക്ക് സ്വയം പിന്‍വലിഞ്ഞ  കഥാകാരി. മൌനമായി അവര്‍ കടന്നുപോയിട്ട് ഇത്രയും ദശകങ്ങളായി... എന്നിട്ടും അവരുടെ മേല്‍ ചെളി വാരിപ്പൂശാന്‍ ആളുണ്ടായി. അതും സാഹിത്യരംഗത്ത് നിന്ന് തന്നെ... മലയാളിയെന്ന് ലോകം മുഴുവന്‍ ആരാധിക്കുന്ന നമ്മുടെ പ്രിയകഥാകാരി കേരളത്തില്‍ ജീവിക്കാന്‍ കഴിയാതെ പൂനെയിലേക്ക് പറിച്ചുനടപ്പെട്ടു, ഇഷ്ടമില്ലാതെ. മാധവിക്കുട്ടി എന്ന കമലസുരയ്യ. സദാചാര പോലീസുകാര്‍ വര്‍ധിക്കുന്ന കേരളത്തില്‍ വ്യക്തിസ്വാതന്ത്ര്യം എന്നൊന്ന് ഇല്ലാതാവുന്നു പലപ്പോഴും. അടക്കി വെയ്ക്കപ്പെട്ട വികാരങ്ങളും, കപടസദാചാര ബോധവും കൊണ്ട് വെറി പിടിച്ച ഒരു സമൂഹത്തില്‍ വിശാലമായി ചിന്തിക്കുകയും, തുറന്നെഴുതുകയും ചെയ്യുന്ന എഴുത്തുകാരികള്‍ കൌരവ സഭയിലെ ദ്രൗപതിമാരല്ലാതെ മറ്റെന്ത്?

February 06, 2012

ചില വാര്‍ദ്ധക്യ ചിന്തകള്‍

                  വാര്‍ദ്ധക്യം ഒരു ഭീകരാവസ്ഥയായി കാണുന്ന ഒരു സുഹൃത്ത്‌ എനിക്കുണ്ട്. യൌവനം മുഴുവന്‍ നശിച്ചു കഴിഞ്ഞാല്‍ പിന്നെ എന്തിനു ജീവിക്കണം എന്നാണവര്‍ പറയുന്നത്. സത്യത്തില്‍ ഇത്രയും ഭീകരമാണോ വാര്‍ദ്ധക്യം? നമ്മുടെ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു കഴിഞ്ഞു. പക്ഷെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയാത്തവരാണ് ഏറെയും. പണ്ട് നമ്മള്‍ ഗോത്രങ്ങള്‍ ആയി താമസിച്ചു. കൃഷിയും വേട്ടയാടലും മാത്രമായിരുന്നു ഉപജീവനമാര്‍ഗ്ഗം. പിന്നീട് പതുക്കെ കൂട്ടുകുടുംബവ്യവസ്ഥിതി  വന്നു.അപ്പോഴും പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷി തന്നെയായിരുന്നു. കൃഷി എന്ന് പറയുമ്പോള്‍, ആരോഗ്യമുള്ളവര്‍ പ്രധാന പണികള്‍ എടുക്കുമ്പോള്‍ ആരോഗ്യം കുറഞ്ഞവരും, വയസായവരും  കൃഷിയോടനുബന്ധിച്ചുള്ള ഉപജോലികള്‍ ചെയ്തുവന്നു. കാലം മാറിയപ്പോള്‍ കൂട്ടുകുടുംബം അണുകുടുംബം ആയി മാറി. സ്ത്രീയും, പുരുഷനും ഒരുപോലെ ജോലിക്ക് പോകേണ്ടതായി വന്നു. പഠിക്കാന്‍ പ്രായമാവാത്ത കുട്ടികളും, വൃദ്ധരായ മാതാപിതാക്കളും ഒരു പ്രശ്നമായി.  ഇത്തരം പരിതസ്ഥിതികളില്‍ പലപ്പോഴും  പണം മാത്രമല്ല പ്രശ്നമാവുന്നത്. മക്കള്‍ക്ക്‌ നേരിട്ട് മാതാപിതാക്കളെ നോക്കാന്‍ കഴിയാത്ത സാഹചര്യങ്ങളാണ്. അത്തരം അവസരങ്ങളില്‍ മാതാപിതാക്കളെ വൃദ്ധസദനം പോലുള്ള സ്ഥാപനങ്ങളില്‍ ആക്കുന്ന മക്കള്‍ ക്രൂരതയുടെ പര്യായമായി മാറി. ഒരു വയസു പോലും തികയാത്ത കുഞ്ഞുങ്ങളെ ക്രഷിലാക്കുന്ന അമ്മമാരെ ആരും ക്രൂരകളെന്നു പറയാറില്ല. അതും ഒരു സാഹചര്യമാണ്.                                                         
                           മക്കളെ വളര്‍ത്തി, പഠിപ്പിച്ചു, ജോലിയാക്കി, ഇപ്പോള്‍ അവന്‍ തിരിഞ്ഞു നോക്കുന്നില്ല, എന്ന് എത്രയോ നമ്മള്‍ കേട്ടിരിക്കുന്നു. ചിലപ്പോഴെങ്കിലും ഇതിനൊരു മറുവശമില്ലേ ? മക്കളെ വളര്‍ത്തുന്നതും, പഠിപ്പിക്കുന്നതും അവരോടു അച്ഛനമ്മമാര്‍ ചെയ്യുന്ന ത്യാഗമാണോ? എല്ലാ ജീവികളിലും ജന്മം നല്‍കുന്ന കുഞ്ഞുങ്ങളോട് കരുതലും, വാല്സല്യവും ഉണ്ട്.മനുഷ്യരില്‍ നീണ്ടു നില്‍ക്കുന്ന ഈ സ്നേഹമാണ് ബന്ധങ്ങളെ നില നിര്‍ത്തുന്നത്. തന്റെ യൌവനത്തില്‍ ഒരു ജീവിതപങ്കാളിയെ ആഗ്രഹിക്കുകയും, കുടുംബമായി ജീവിക്കുകയും മക്കളുണ്ടാവുകയും ചെയ്യുന്നു. തനിക്കുണ്ടാവുന്ന മക്കള്‍, അവരുടെ ജനനം മുതല്‍ വിവിധഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവരുടെ വളര്‍ച്ച തരുന്ന സന്തോഷമല്ലേ യഥാര്‍ത്ഥത്തില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ ഉണ്ടാവുന്ന സംതൃപ്തി ?  കുട്ടികള്‍ വളര്‍ന്നു പ്രാപ്തിയാവുമ്പോള്‍, വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോട് സ്നേഹം തോന്നേണ്ടതുണ്ട്. മാതാപിതാക്കളോട് മാത്രമോ... തന്റെ സഹജീവിയോട്, തന്റെ സമൂഹത്തോട്, തന്റെ രാജ്യത്തോട്, ഈ ഭൂമിയോട്...  എന്നാല്‍ നിന്നെയൊക്കെ വളര്‍ത്തിയത്‌ നാളെ എന്നെ നോക്കാനാണ് എന്ന നിലയില്‍ പിടിച്ചുവാങ്ങേണ്ടതാണോ സ്നേഹം? തന്റെ വാര്‍ദ്ധക്യജീവിതം  സുരക്ഷിതമാക്കാനുള്ള "പെന്ഷന്‍സ്കീം " ആണോ മക്കള്‍? പെണ്‍കുട്ടികളെ അപേക്ഷിച്ച് ആണ്‍കുട്ടികളെ  ആഗ്രഹിക്കുന്നവരുടെ മാനസികവികാരം ഇത് തന്നെയാണ്.                                                                               
                                  എവിടെ കണക്കുകളും, കടപ്പാടും തുടങ്ങുന്നോ അവിടെ സ്നേഹം മരിക്കുന്നു. പിന്നെയുള്ളത് വാങ്ങിയത് തിരിച്ചു കൊടുക്കാനുള്ള ഒരുതരം തത്രപ്പാടാണ്. നൊന്തു പ്രസവിച്ചതിന്റെ കണക്ക്, മുലപ്പാലൂട്ടിയതിന്റെ കണക്ക്, വളര്‍ത്തിയതിന്റെ കണക്ക്,... പഠിക്കാന്‍ ഇഷ്ടമുള്ള വിഷയം തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ വരെ ഈ കണക്കുകള്‍ തല പൊക്കുന്നു. മകന്റെ അച്ഛന്‍ എന്ന സിനിമയില്‍  മകനെ പഠിപ്പിച്ചതിന്റെ കണക്ക് നിരത്തുന്ന ശ്രീനിവാസനോട് മകന്‍ ചോദിക്കുന്ന ചോദ്യമുണ്ട് " എന്നെ കോച്ചിങ്ങിനു അയയ്കാനും ഇത്ര പണം ചെലവാക്കാനും ഞാന്‍ പറഞ്ഞോ" എന്ന്. എത്ര പ്രസക്തം ആണത്. അച്ഛനമ്മമാരുടെ നിര്‍ബന്ധത്തിനു വഴങ്ങി എഞ്ചിനീയറിങ്ങിനു പോയി, ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന വിരക്തിയോടെ ഒരു പാലമോ, കെട്ടിടമോ കെട്ടിയാല്‍... അങ്ങനെ ഒരു മാനസികാവസ്ഥയില്‍ ഡോക്ടര്‍ ആയി ഓപ്പറേഷന്‍ നടത്തിയാല്‍.... അച്ഛനമ്മമാര്‍ക് വേണ്ടി ഇഷ്ടമില്ലാത്ത ജീവിതപങ്കാളിയോടൊത്ത് അസംതൃപ്തമായ വിവാഹജീവിതം നയിക്കേണ്ടി വരുന്നവരുടെ കാര്യമോ?
                    ഈ ലോകത്ത്  തനിക്ക് വേണ്ടി മാത്രം ജീവിക്കുന്നവര്‍ എത്ര പേരുണ്ട്? തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ജീവിക്കുമ്പോള്‍, അവരെ സ്നേഹിക്കുമ്പോള്‍, അവര്‍ക്ക് സന്തോഷം ഉണ്ടാവുമ്പോള്‍,അതിനു ചിലപ്പോഴൊക്കെ താനും കാരണമാവുമ്പോള്‍, നമുക്ക് സന്തോഷം ഉണ്ടാവുന്നില്ലേ.. അങ്ങനെ ചിന്തിക്കുമ്പോള്‍ എല്ലാവരും ജീവിക്കുന്നത് അവനവന് വേണ്ടി തന്നെയാണ്. സ്വന്തമായി വസ്ത്രം വാങ്ങി ധരിക്കുമ്പോള്‍  തോന്നുന്ന സന്തോഷതെക്കാള്‍ വലുതായിരിക്കും, ചിലപ്പോള്‍ തനിക്ക് പ്രിയപ്പെട്ടവര്‍ക്ക് വാങ്ങികൊടുക്കുമ്പോള്‍ ഉണ്ടാവുന്നത്. അച്ഛനമ്മമാര്‍ തനിക്ക് തന്ന സംസ്കാരം എന്തെന്ന് മനസ്സിലാക്കേണ്ടത് മക്കളാണ്. അത്തരം നല്ല സംസ്കാരം പകര്‍ന്നു നല്‍കപ്പെട്ട മക്കള്‍ അച്ഛനമ്മമാരോടെന്നല്ല, ആരോടും നീതികേട്‌ കാണിക്കുകയില്ല.
                               സമൂഹം മാറുകയാണ്. തലമുറകളുടെ വിടവ് കൂടുന്നു. അമ്പത്തഞ്ചോ അറുപതോ വയസില്‍ ജീവിതം അവസാനിക്കുന്നില്ല. എന്നാല്‍ സ്വന്തം മക്കള്കൊപ്പം പാഞ്ഞെത്താന്‍ കഴിഞ്ഞില്ലെന്നിരിക്കും. ജീവിതത്തില്‍ ചെയ്യനാഗ്രഹിച്ചതും, സമയം കിട്ടാത്തതിന്റെ പേരില്‍ മാറ്റി വെയ്ക്കപ്പെട്ടതുമായ പലതും കാണില്ലേ അപ്പോഴും. നമുക്ക് സ്നേഹിക്കാം... ആരോടും കണക്ക് പറയാതെ. ജീവിക്കാന്‍ മണ്ണ് തന്നതിന് ഭൂമി ആരോടും കണക്ക് പറയുന്നില്ല, ശുദ്ധവായുവും, തണലും, ഭക്ഷണവും തന്നതിന് മരങ്ങള്‍ ആരോടും കണക്കുകള്‍ പറയുന്നില്ല, വെളിച്ചം തന്നതിന് സൂര്യന്‍ ആരോടും കണക്ക് പറയുന്നില്ല... സ്നേഹിക്കുമ്പോള്‍,നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ നമുക്ക് കിട്ടുന്ന ആത്മസംതൃപ്തി തന്നെയാണ് ഏറ്റവും വലിയ പ്രതിഫലം. അത് തിരിച്ചറിയപ്പെടുന്നെങ്കില്‍ തിരിച്ചറിയപ്പെടട്ടെ... ഇല്ലെങ്കിലും നമുക്ക് സ്നേഹിക്കാം, നമ്മുടെ മക്കളെ, അച്ഛനമ്മമാരെ, ഈ സമൂഹത്തെ, പ്രകൃതിയെ, ഭൂമിയെ, നമ്മളെ തന്നെ.











January 27, 2012

സ്വാതന്ത്ര്യത്തിന്റെ താക്കോല്‍

   
എന്റെ കാലില്‍ ചരട് കെട്ടി
നീ എന്നെ പറത്താന്‍ വിടരുത് 
ഞാന്‍ ചരട് പൊട്ടിച്ചു പറന്നുപോകും 
എന്റെ ചിറകൊടിച്ചു 
നീ എന്നെ തത്താന്‍ വിടരുത് 
ഞാന്‍ പിടഞ്ഞു ചാടിക്കളയും 
സംശയത്തിന്റെ കുന്തമുനക്കണ്ണുകളുമായി 
നീ എന്നെ പിന്തുടരരുത് .
ഞാനൊരു കഴുകന്‍കൊക്കിലേക്കായാലും 
ചെന്നടുത്തുകളയും 
നീ എന്നെ സ്വതന്ത്രമായി പറക്കാന്‍ വിടൂ...
ഞാന്‍ നിന്റെ കൂട്ടിലേക്ക് തന്നെ തിരിച്ചു വരും 
അല്ലെങ്കില്‍ നീ എന്നെ അവിശ്വസിച്ചോളൂ 
നിന്റെ അവിശ്വാസമാണല്ലോ 
എന്റെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍!!!