April 08, 2012

ഹൃദയപ്പച്ചകള്‍

                 എന്‍റെ മനസ്, മണലെടുത്തു പോയ കുഴികളില്‍ നിന്ന് പുറത്തുചാടാനാവാതെ വീര്‍പ്പുമുട്ടുന്ന പുഴ പോലെ  ഉഴറിനിന്നപ്പോഴാണ്, ആ നിയോഗം എന്നിലേക്ക് സമയമായി എന്ന് പറഞ്ഞുകൊണ്ട് കടന്നുവന്നത്. സത്യത്തില്‍ അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിലായിരുന്നു  ഏറെക്കാലമായി എന്‍റെ ജീവിതം എന്ന് പിന്നീട് എനിക്ക് തോന്നിപ്പോയിട്ടുണ്ട്. ഭാവനയും, ഭ്രമവും, വിഡ്ഢിത്തവും നിറഞ്ഞ സങ്കല്‍പ്പലോകത്ത് കുരുങ്ങി മരിച്ചു പോവുമായിരുന്ന സര്‍ഗാത്മകത പൊടിച്ചുവന്നു. എനിക്കറിയാം, മഹാവൃക്ഷങ്ങള്‍ക്കിടയില്‍ അതൊരു പുല്‍നാമ്പ് മാത്രമാണെന്ന്. എങ്കിലും പരാതിയില്ല, അപകര്‍ഷതബോധവുമില്ല. പുല്‍നാമ്പിനും  അതിന്‍റെതായ പച്ചപ്പും, ചന്തവുമുണ്ടല്ലോ.
                       ജീവിതത്തില്‍ രണ്ടു തരം മനുഷ്യരുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്. സ്വയം ലോകത്തിന്‍റെ കേന്ദ്രമാണെന്ന് കരുതി, ഈ ലോകം മുഴുവന്‍ തനിക്കായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന മട്ടില്‍ കഴിയുന്നവര്‍. തന്‍റെ ശരിയാവണം ലോകത്തിന്‍റെ ശരി എന്ന് ശാട്യം പിടിച്ച്, ലോകത്തോട് മുഴുവന്‍ പരാതിയും, പരിഭവവുമായി കഴിയും ഇവര്‍. താനൊഴിച്ച് മറ്റുള്ളവര്‍ എല്ലാവരും ശത്രുക്കള്‍ ആണെന്ന് ഇവര്‍ ധരിക്കും. ഏറ്റവും ദുര്‍ബലരായിരിക്കും ഇവര്‍. അടുത്ത കൂട്ടര്‍ ലോകത്ത് താനാരുമല്ല എന്ന മട്ടില്‍ നടക്കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം  ലോകം എങ്ങനെ ആയാലും ഒന്നുമില്ല. പരാതിയും, കുറ്റപ്പെടുത്തലും,പരിഭവവുമില്ലാതെ ലോകത്തെ മനസ്സിലാക്കും അവര്‍. അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ തിരിച്ചറിയണമെന്ന നിര്‍ബന്ധവുമില്ല. മാനസികമായി ഏറ്റവും ശക്തരായിരിക്കും ഇവര്‍. ആദ്യത്തെ കൂട്ടര്‍ അഹങ്കാരികള്‍ ആണെങ്കില്‍, അഹംബോധം കൂടുതല്‍  രണ്ടാമത്തെ കൂട്ടര്‍ക്കായിരിക്കും. എന്തിനാണ് ഞാന്‍ മനുഷ്യരെ ഇങ്ങനെ വിലയിരുത്തുന്നത്? ഞാനും നീയും ഏതു വിഭാഗത്തില്‍ പെടുമെന്ന് തിരിച്ചറിയുകയാവാം. ജീവിതം മടുത്തു എന്നും എനിക്ക് എന്നോട് പുച്ഛമാണെന്നും ഞാനിപ്പോള്‍ പറയാറില്ല. ബാലിശമായ എന്‍റെ ചപലതകളും, ദുര്‍വാശികളും, അപകര്‍ഷതാബോധത്തില്‍ നിന്നുണ്ടായ അഹങ്കാരവും കണ്ണാടിയില്‍ നിന്നെന്ന പോലെ നിന്നില്‍ നിന്നും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ നാണിച്ചുപോയി അപ്പോഴൊക്കെ. എന്നാലും ഞാന്‍ എന്നെ വെറുത്തില്ല. കാരണം ഏറ്റവും സാധാരണ സാഹചര്യങ്ങളുള്ള, അസാധാരണമെന്നു പറയാന്‍ ഒന്നുമില്ലാത്ത ഒരു മനുഷ്യജീവിയായിരുന്നു ഞാന്‍. എന്നിട്ടും ഞാന്‍ എന്നെ സ്വയം പരിഹസിച്ചില്ല. എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഞാനാണ്. അത് അംഗീകരിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് ലോകത്തോടോ, ജീവിതത്തോടോ ഒരു പരാതിയും തോന്നിയില്ല. എന്നെ ഞാന്‍ തിരിച്ചറിഞ്ഞപ്പോള്‍, ഞാന്‍ ഒന്നുമല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ നിന്‍റെ ലോകത്ത് നിന്ന് ഓടിയൊളിക്കാന്‍ ഞാന്‍ കൊതിച്ചു. പക്ഷെ ഒരു സ്ഥലവും നിന്‍റെ ലോകമല്ലാത്തതായി ഉണ്ടായിരുന്നില്ല.
                             ഏപ്രില്‍ മാസത്തിലെ ഒരു തിളയ്ക്കുന്ന പകലില്‍, നമ്മള്‍ നഗരമധ്യത്തില്‍ വെച്ച് കണ്ടുമുട്ടി. എന്തൊരു തെളിച്ചമായിരുന്നു അപ്പോള്‍ ചുറ്റുമുള്ള ലോകത്തിനു! എന്‍റെ അഹങ്കാരം അഹംബോധത്തിലേക്ക് ഒരു ചുവടു വെച്ചു.നമുക്കിടയിലുള്ളതിനെ, പ്രണയമെന്നോ , പ്രേമമെന്നോ, സൌഹൃദമെന്നോ, സാഹോദര്യമെന്നോ ഒക്കെയുള്ള കേവലവാക്കുകളുടെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന എന്‍റെ വിഡ്ഢിത്തം അറിയുകയായിരുന്നു ഞാനപ്പോള്‍. വേര്‍പിരിയലിനും, കണ്ടുമുട്ടലിനും നമുക്കിടയില്‍ ഒരു പ്രസക്തിയുമില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിട്ടുകൊടുക്കലിനും, സ്വന്തമാക്കലിനും ഒരു സ്ഥാനവുമില്ല എന്നും. അനാവശ്യമായ ആകുലതകളും, സന്ദേഹങ്ങളും കൊണ്ട് സ്വയം തീര്‍ത്ത പ്യൂപ്പയില്‍ നിന്ന് ഒരു ശലഭമായി ഞാന്‍ ആഹ്ലാദിച്ചുപറന്നുയര്‍ന്നു. തീവണ്ടിപ്പാത പോലെ സമാന്തരമായിക്കൊള്ളട്ടെ നമ്മുടെ ജീവിതങ്ങള്‍. പക്ഷെ മലയും പുഴയും, മണലാരണ്യവും താണ്ടുന്നത് നാം ഒരുമിച്ചായിരിക്കുമല്ലോ. ലോകത്തോടുള്ള നിലയ്ക്കാത്ത കൌതുകവുമായി നീ നടന്നുപോയി അന്ന്. ഞാന്‍ അത് ഏറെ നേരം നോക്കിനിന്നു. ഞാനങ്ങനെ നോക്കുന്നത് ഒരുപക്ഷെ നിനക്ക് ഇഷ്ടപ്പെടുകയില്ല എന്നെനിക്കറി യാമായിരുന്നു. ചിലപ്പോഴൊക്കെ നീ കടന്നുപോയിക്കഴിഞ്ഞാല്‍ എന്‍റെ ലോകം ശൂന്യമാവുമായിരുന്നു. എന്‍റെ കണ്ണ് നിറയുകയും ചെയ്യുമായിരുന്നു. എന്നാല്‍ നീ പോകുന്നുമില്ല, വരുന്നുമില്ല എന്ന് തിരിച്ചറിയാന്‍ ഞാനെത്ര വൈകി!നീ എപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു, ഞാനും, പിന്നെ നമ്മുടെ ലോകവും. നീ ഓര്‍ക്കുന്നുവോ ഒരു വിഷുത്തലേന്ന്  ഒരു കണിക്കൊന്നമരം ഒന്നാകെ, നമുക്ക് മുന്‍പില്‍ പെട്ടന്ന് പൂത്തുലഞ്ഞത്!!!

39 comments:

  1. കുറേ ശരികളുണ്ട് ഈ എഴുത്തില്‍ കേട്ടോ :)
    ഒരു കണിക്കൊന്ന ഇവിടെയും പൂവണിഞ്ഞിരുന്നു, വേനലിന്റെ വന്യതയെ വെല്ലുവിളിച്ച്.., പക്ഷെ അത് ഓര്‍മ്മയാണ് എന്ന തിരിച്ചറിവിലാണ് ഞാനും!

    നന്നായിട്ടെഴുതി, ഇഷ്ടപ്പെട്ടൂ!
    ആശംസകള്‍

    ReplyDelete
  2. അനാവശ്യമായ ആകുലതകളും, സന്ദേഹങ്ങളും കൊണ്ട് സ്വയം തീര്‍ത്ത പ്യുപ്പയില്‍ നിന്ന് ഒരു ശലഭമായി ഞാന്‍ ആഹ്ലാദിച്ചുപറന്നുയര്‍ന്നു.

    തിരിച്ചറിയാന്‍ കഴിയാതെ...

    ReplyDelete
  3. സമാന്തരരേഖകളായ്ക്കോട്ടേ,എന്നാലും പുഴകളും മണലാരന്യങ്ങളും താണ്ടുന്നത് നമ്മള്‍ ഒന്നിച്ചാണല്ലോ....

    ഇതുവരെ മനസിലാക്കിയിട്ടില്ലാത്ത ഒരു വീക്ഷണം. ചിന്തിപ്പിച്ചു മിനി.

    ReplyDelete
  4. ഗൃഹാതുരത്വം തുളുമ്പുന്ന ഒാര്‍മ്മകളുടെ പശ്ചാത്തലത്തിലാവണം ഈ രചനയെന്ന് കരുതുന്നു... . മനുഷ്യ മനസ്സുകള്‍ പ്രവചനാതീതമാണ്‌... പലരും പല രീതിയിലുള്ളവരാണല്ലോ? എന്നാല്‍ പ്രണയ മനസ്സുകള്‍ക്ക്‌ ഒരേ മനസ്സാണ്‌, ഒരേ നിറമാണ്‌ ഒരേ വികാരമാണ്‌... ആശംസകള്‍ മിനീ

    ReplyDelete
  5. മിനിയുടെ വാക്കുകള്‍ക്ക് പതിവിലേറെ കരുത്ത് തോന്നുന്നു. അല്പം ഫിലോസിഫിക്കലായുള്ള എഴുത്ത് വളരെ ഇഷ്ടമായി. ഒപ്പം ഉപാധികള്‍ ഇല്ലാത്ത പ്രണയം ഹൃദയത്തില്‍ തട്ടി.

    ReplyDelete
  6. പുല്‍നാമ്പിനും അതിന്‍റെതായ പച്ചപ്പും, ചന്തവുമുണ്ടല്ലോ.
    ശരിക്കും touching. congrats

    ReplyDelete
  7. നന്ദി,സുഹൃത്തുക്കളെ... ഹൃദയം കൊണ്ടാണ് എഴുതിയത്, വാക്കുകള്‍ കൊണ്ടല്ല.

    ReplyDelete
  8. വളരെ നല്ല തുടക്കമായിരുന്നു....
    കുറെ നല്ല ചിന്തകളും, നല്ല നിരീക്ഷണങ്ങളും ...
    പക്ഷേ, എന്തല്ലാമോ പറയാന്‍ തുടങ്ങി പിന്നെ അവസാനം എവിടെയോ അപൂര്‍ണമായി നിര്‍ത്തിക്കളഞ്ഞതുപോലെ!
    എന്നാലും പറഞ്ഞത് ഏറെ ഇഷ്ടമായി കേട്ടോ.

    ReplyDelete
  9. ഒരു കവിതപോലെ ഉള്ള ഹൃദയ തുടിപ്പുകള്‍ ഗദ്യമെങ്കിലും ഹൃദ്യം എഴുത്തിന്റെ വഴിയിലെ പുതിയ വഴിത്താരകള്‍ തെറി ഉള്ള യാത്രകളില്‍ ഇനിയും ശോഭിക്കട്ടെ

    ReplyDelete
  10. വിട്ടുകൊടുക്കലിനും, സ്വന്തമാക്കലിനും ഒരു സ്ഥാനവുമില്ല എന്ന തിരിച്ചറിവിനിടയിലെ സത്യസന്ധമായ ഒരു നുണയാണല്ലോ ജീവിതം...

    ReplyDelete
  11. ഓര്‍മ്മ ഇഷ്ടപ്പെട്ടു. പിന്നെ ടീച്ചര്‍ പറഞ്ഞ "ലോകത്ത് ഞാന്‍ ആരുമല്ല, ഒന്നുമല്ല" എന്നു വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. പക്ഷേ ലോകം നന്നാവണമെന്നും എല്ലാവരും സുഖവും സന്തോഷവും അനുഭവിക്കണമെന്നും ആശയുണ്ട്. പക്ഷേ എന്നെ തന്നെ നഷ്ടപെട്ട എനിക്ക് എന്തു ചെയ്യുവാന്‍ കഴിയും.

    ReplyDelete
  12. ഇതൊരു വല്ലാത്ത ചിന്തകളിലേക്ക് നമ്മെ നയിക്കുന്ന എയുത്തായി ആശംസകള്‍

    ReplyDelete
  13. ടീച്ചര്‍, എഴുത്ത് അപൂര്‍ണ്ണമായതുപോലെ തോന്നുന്നു. എങ്കിലും നല്ല സാഹിത്യമാണ്.

    ടീച്ചര്‍ എഴുതിയത്പോലെ ഹൃദയംകൊണ്ടുള്ള എഴുത്ത് സുന്ദരവും ശക്തവും ആയിരിക്കും. വാക്കുകള്‍ ഹൃദയത്തില്‍നിന്നു വരുമ്പോഴല്ലേ സാഹിത്യം ശ്രേഷ്ഠമാവുന്നത്.

    ReplyDelete
  14. "ജീവിതത്തില്‍ രണ്ടു തരം മനുഷ്യരുണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ട്" ഈ അഭിപ്രായത്തോടെ എനിക്ക് യോചിപ്പില്ല

    ലോകത്തില്‍ എത്ര മനുഷരുണ്ടോ അത്രയും തരം ഉണ്ട് എന്നാണു എന്റെ വിശ്വാസം ...അത് കൈ രേഖ പോലെ ആണ് ...ഒരു പോലെ രണ്ടു ഉണ്ടാവില്ല
    ഒരാളെ പോലെ അയാള്‍ മാത്രമേ ഉള്ളു ...വേറെ ഒരാളെ പോലെ ഒരാളും ഉണ്ടാവില്ല ...
    പക്ഷെ വേറെ ഒരാളുടെ ചില്ല സ്വഭാവ സവിശേഷതകള്‍ വേറെ ഒരാളില്‍ കാണാം എന്ന് വിചാരിച്ചു രണ്ടു പേരും ഒന്ന് ആണ് എന്ന് എനിക്ക് അഭിപ്രായമില്ല

    എന്നിരുനാലും ഒരു ഇരുത്തി ചിന്തിപ്പിക്കുന്നു ഈ ലേഘനം ....

    ഒരുപാട് കണി കൊന്നകള്‍ ഇനിയും പൂക്കട്ടെ

    ReplyDelete
  15. നന്നായിട്ടെഴുതി, ഇഷ്ടപ്പെട്ടൂ!

    ReplyDelete
  16. ജീവിതത്തില്‍ രണ്ടു തരം അല്ല പലതരം മനുഷ്യരുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ...നമ്മുടെ വിരലുകള്‍ പോലെ അഞ്ചും അഞ്ചുതരം അല്ലെ അതേപോലെ ....ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകള്‍ വ്യത്യസ്തം ആണല്ലോ ല്ലേ ...നല്ല നിരീക്ഷണം മിനി ...ചിന്തിപ്പിച്ചു !!!

    ReplyDelete
  17. ജീവിതത്തില്‍ രണ്ടു തരാം മനുഷ്യരുന്ടെന്നു പറഞ്ഞത്,മൊത്തമായി നടത്തിയ വര്‍ഗ്ഗീകരണത്തില്‍ നിന്നല്ല. ഞാനുദ്ദേശിക്കുന്ന ഒരേയൊരു വീക്ഷണകോണില്‍ നിന്ന് മാത്രമാണ്. മറ്റുള്ള കാര്യങ്ങള്‍ ആ പരിധിയില്‍ വരുന്നെയില്ല, നന്ദി സുഹൃത്തുക്കളെ.. ഈ നല്ല വാക്കുകള്‍ക്ക്.

    ReplyDelete
  18. നീ വിധിച്ചാല്‍ നീയും വിധിക്കപ്പെടും എന്നാണല്ലോ......ഏതായാലും നന്നായീ,,,,,എഴുത്തിന് ആര്ദ്രതയുണ്ട്......

    ReplyDelete
  19. നന്ദിയുണ്ട്. എഴുത്തു സുന്ദരമായിരിക്കാം. പക്ഷെ ആശയം കാലഹരണപ്പെട്ടതാണ്, എന്ന് സ്വയം അറിയാം. എന്നാലും ഒരു വേനലോര്‍മ്മയില്‍, വെറുതെ എഴുതി.

    ReplyDelete
  20. വളരെ നല്ല എഴുത്ത് ,നല്ല ചിന്തകള്‍ നല്ല പ്രതീക്ഷകള്‍ നല്ക്കുന്നു ഞാനും ഒപ്പം കൂടുന്നു ടീച്ചര്‍ വീണ്ടും വരുവാന്‍ വന്നു കൊണ്ടേ ഇരിക്കുവാന്‍

    ഭാവുകങ്ങള്‍ @ @ punyavaalan

    ReplyDelete
  21. nannayi ezhuthi, aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL..... vayikkane.......

    ReplyDelete
  22. മനസ്സിൽ ഒരു പാട് ചിന്തകൾ കടന്നു പോയി അല്ലേ?..സദ് ചിന്തകൾ നടക്കട്ടേ..നന്നായിട്ടെഴുതി..ടീച്ചർ.. ആശംസകൾ..

    ReplyDelete
  23. ചിന്തകള്‍ നന്നായി.
    ജീവിതത്തെ നമുക്ക് ഏത് കോണില്‍ നിന്ന് വേണമെങ്കിലും നോക്കിക്കാണാം. ഒരിക്കലും ഒരു പ്രണയ വിലാപം എഴുതരുത്. ഒരു തകര്‍ച്ചയെ നേരിട്ട ഉള്‍ക്കരുത്തുള്ള മനസ്സ്, അല്ലെങ്കില്‍ കാലം ചവുട്ടിത്തേച്ച ഒരു ദുരന്തത്തിന്റെ സ്മാരകം, അതില്‍ താഴേക്കു പോകരുത്. കുമാരനാശാന്റെ പ്രരോദനം വായിക്കുമ്പോള്‍ തോന്നുന്നത് ,ഏ .ആര്‍ . മരിച്ചതിന്റെ പേരില്‍ കുത്തിയിരുന്നു 'വേദാന്ത' ക്കരച്ചില്‍ നടത്തുന്ന ആശാനെയാണ്.ആശംസകള്‍

    ReplyDelete
  24. ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നിന്‍റെ പേരിലും ഞാന്‍ വേണ്ടിയിരുന്നില്ല എന്ന് വിലപിക്കാറില്ല. ദുഖിക്കാറുണ്ട്. പിന്നെ എന്ത് സംഭവിക്കുമ്പോഴും ഇത് എന്‍റെ ജീവിതത്തില്‍ സംഭവിക്കേണ്ടത് തന്നെ ആയിരുന്നു എന്നും കരുതാറുണ്ട്. എല്ലാം നല്ലതിന് എന്ന് ഞാന്‍ സ്വയം ആശ്വസിക്കുന്നു.ജീവിതത്തെ പോസിറ്റീവ് ആയിത്തന്നെയാണ് കാണുന്നത്.

    ReplyDelete
  25. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  26. നല്ല ചിന്തകള്‍ ,

    ReplyDelete
  27. ചിന്തകള്‍ക്കിടയിലെവിടെയോ മറഞ്ഞിരിക്കുന്ന ഒരു പ്രണയം ...... ഒളിഞ്ഞും മറഞ്ഞും ആരോ ഒരാള്‍ ......

    നല്ല രചന.... മനസ്സിന്റെ വെളിച്ച തെളിച്ചങ്ങള്‍ക്കൊപ്പമാണ് കാണുന്ന കഴ്ച്ചകളുടെയും ഒളിയും .... പ്രഭയും ... മങ്ങിച്ചകളും... എന്നാ തിരിച്ചറിവിലൂടെ ഇനിയും എഴുത്ത് തുടരുക എല്ലാ ആശംസകളും

    ReplyDelete
  28. ടീച്ചറെ ..
    എത്താന്‍ വൈകി .. ക്ഷമിക്കുമല്ലോ
    ടീച്ചറുടെ ഓര്‍മ്മ കുറിപ്പ് ശരിക്കും ഹൃദയ സ്പര്‍ശിയായി.
    എഴുത്തില്‍ തന്നെ ഒരു വ്യത്യസ്തത ഫീല്‍ ചെയ്യുന്നു.

    എന്നാല്‍ നീ പോകുന്നുമില്ല, വരുന്നുമില്ല എന്ന് തിരിച്ചറിയാന്‍ ഞാനെത്ര വൈകി!നീ എപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു, ഞാനും, പിന്നെ നമ്മുടെ ലോകവും. നീ ഓര്‍ക്കുന്നുവോ ഒരു വിഷുത്തലേന്ന് ഒരു കണിക്കൊന്നമരം ഒന്നാകെ, നമുക്ക് മുന്‍പില്‍ പെട്ടന്ന് പൂത്തുലഞ്ഞത്!!!

    ഇത് പോലുള്ള വരികള്‍ വായിക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ്സില്‍ ഒരു പാട് കണികൊന്നകള്‍ ഒന്നിച്ചു പൂത്തുലഞ്ഞാല്‍ അതില്‍ അതിശയം ഏതുമില്ല...

    ആശംസകള്‍

    ReplyDelete
  29. എല്ലാ സുമനസ്സുകളിലും പൂത്തുലയട്ടെ സ്നേഹത്തിന്‍റെ കണിക്കൊന്നകള്‍...!

    ReplyDelete
  30. വായിക്കാന്‍ സുഖമുള്ള എഴുത്ത്...

    ReplyDelete
  31. വേനല്‍ മഴയെ കുറിച്ച്‌ വേറെ ഏതെങ്കിലും ബ്ളോഗര്‍ പോസ്റ്റിടുന്നതിന്‌ മുമ്പ്‌ പോസ്റ്റിട്ടതിന്‌ അഭിനന്ദനങ്ങള്‍... ഈ മത്സരത്തില്‍ മിനി വിജയിച്ചിരിക്കുന്നു.... ആശംസകള്‍

    ReplyDelete
  32. നല്ല കുറിപ്പ്... പക്ഷേ ചിലതൊക്കെ മറച്ചു വെയ്ക്കുന്നതു പോലെ.

    എനിക്ക് തോന്നിയിട്ടുള്ളത്... സാധാരണ സാഹചര്യങ്ങളില്‍ ആളുകളെ നമുക്ക് കാറ്റഗറൈസ് ചെയ്യാം. പക്ഷേ ചില സിറ്റുവേഷനില്‍ നമ്മള്‍ കരുതുന്നതു പോലെയേ അല്ല അവര്‍ പെരുമാറുക എന്നത് ആശ്ചര്യപ്പെടുത്തും,

    ReplyDelete
  33. പ്രസക്തമായ കുറിപ്പ്
    ഓരോ മനുഷ്യനും വ്യത്യസ്തമായ ഒരു വ്യക്തിത്വമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

    ReplyDelete
  34. ടീച്ചര്‍ ,,
    അല്‍പ്പം വേറിട്ട ഒരു ചിന്തയായി ഈ പോസ്റ്റ്‌ എന്ന് പറയാതെ വയ്യ ,ഒരു സൈക്കോളജിക്കല്‍ അപ്രോച്ച് ആയി തോന്നി , ഈ രചന നന്നായിരിക്കുന്നു .

    ReplyDelete
  35. നല്ല എഴുത്ത്
    ആശംസകള്‍

    ReplyDelete
  36. ഹൃദയ പച്ചകള്‍ വായിച്ചു തുടങ്ങിയപ്പോള്‍ കാര്യമായ എന്തോ ഒന്ന് എന്ന് തോന്നി. പിന്നെ മനസ്സിലായി അത്ര കാര്യം ഒന്നും ഇല്ല എന്ന്. രണ്ടാം പാരഗ്രാഫും മൂന്നാം പാരഗ്രാഫും പരസ്പരം കാര്യമായ ബന്ധം ഇല്ല.
    ജീവിതത്തോട് പരാതി ഇല്ലല്ലോ ? നല്ല കാര്യം .
    " നീ എപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു, ഞാനും, പിന്നെ നമ്മുടെ ലോകവും. നീ ഓര്‍ക്കുന്നുവോ ഒരു വിഷുത്തലേന്ന് ഒരു കണിക്കൊന്നമരം ഒന്നാകെ, നമുക്ക് മുന്‍പില്‍ പെട്ടന്ന് പൂത്തുലഞ്ഞത്!!! " - നല്ല വരികള്‍ . അതിനു മുന്‍പ് 'നടന്നു പോയി ' ' (സ്ഥിരമായി) അവിടെ തന്നെ ഉണ്ടായിരുന്നു ' എന്നൊക്കെ പറയുന്നത് എന്തിനാണ് ?
    പുല്‍നാമ്പിനും ചന്തമുണ്ട് എന്നത് വലിയ ശരി.
    നിങ്ങള്‍ നല്ല ഒരു എഴുത്ത് കാരി ആണ് എന്നതുകൊണ്ടാണ് ഇങ്ങനെ തുറന്നെഴുതിയത്‌ .

    ReplyDelete
  37. വേറിട്ട ചിന്തയോടെ നല്ല കുറിപ്പ്. അഭിനന്ദനങ്ങള്‍

    ReplyDelete
  38. പ്രിയപ്പെട്ട മിനി,
    ഈ മനോഭാവം സ്വയം തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തും. ഇങ്ങിനെയും ചിന്തിക്കാം,അല്ലെ?നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കണം എന്ന ചിന്ത മാറ്റിയാല്‍ മാത്രമേ, സമാധാനം തിരിച്ചു കിട്ടു.
    ഇവിടെ ഇപ്പോഴും കണിക്കൊന്ന പൂത്തുലയുന്നുണ്ട്.
    ഹൃദ്യമായ വീണ്ടുവിചാരങ്ങള്‍.,..!അഭിനന്ദനങ്ങള്‍ !
    സസ്നേഹം,
    അനു

    ReplyDelete