August 03, 2012

ഒട്ടകപ്പക്ഷി


                       ഇതൊരു മഴ കഴിഞ്ഞ വൈകുന്നേരമാണ്. വീടിനു മുകളിലെ തുറന്ന ചതുരത്തില്‍ കസേരയിട്ട് ഇരിക്കുകയാണ് ഞാന്‍. മുന്‍പിലുള്ള തെങ്ങോലയില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഒന്നൊന്നായി  ഇറ്റുവീഴുന്നത് കാണുന്നുണ്ട്. എന്തോ... അതിനൊരു ഒറ്റപ്പെട്ട മനസിന്‍റെ ച്ഛായ തോന്നുന്നുണ്ടോ? ഒറ്റയ്ക്കിരിക്കുമ്പോഴുള്ള എന്‍റെ ചിന്തകള്‍ അതുപോലെ പകര്‍ത്താന്‍ കഴിഞ്ഞാല്‍ ഞാനൊരു ലോകസാഹിത്യകാരിയായിതീരും. ഇല്ല, നിലത്ത് വീഴും മുന്‍പ് ആവിയായി പോകുന്ന മഞ്ഞുതുള്ളി പോലെ അതൊക്കെയും വായുവില്‍ വിലയം പ്രാപിക്കുകയാണ് പതിവ്. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. എഴുത്ത് അവന് പറഞ്ഞിട്ടുള്ളതാണ്. ഓ .... ഞാന്‍ അവനെക്കുറിച്ച് ഒന്നും പറഞ്ഞില്ല അല്ലെ? ഞാനെട്ടുമാസമായി അവന്‍റെ കൂടെയാണ് താമസം. ആറുമാസത്തെ പരിചയത്തിനു ശേഷമാണ് ഞങ്ങള്‍ക്കത് തോന്നിയത്. ഒന്നിച്ചുതാമസിച്ചാല്‍ അല്‍പ്പം കൂടി സുഖമാകുമെന്ന്, രണ്ടുപേര്‍ക്കും.

                         അവനൊരു മുന്‍നിരപ്പത്രത്തിലാണ് ജോലി. അവന്‍റെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ വായിച്ചിരിക്കാനിടയുണ്ട്. ആ പത്രത്തിലെ അന്വേഷണാത്മക പരമ്പരകളത്രയും അവന്‍റെ ബുദ്ധിയില്‍ തെളിഞ്ഞതാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും. അത് അവന്‍ പറഞ്ഞതല്ല. എനിക്ക് സ്വയം തോന്നിയതാണ്. ഇത്തരം സ്വയം തോന്നലുകളാണ് എന്നെ ഞാനാക്കുന്നത് എന്നുകൂടി പറഞ്ഞാലേ ചിത്രം പൂര്‍ത്തിയാകൂ. നോക്കൂ.. ഇനി ഞാന്‍ എന്നെക്കുറിച്ചല്ലേ പറയേണ്ടത്? ഞാനൊരു പരസ്യക്കമ്പനിയിലെ ജോലിക്കാരിയായിരുന്നു. ആയിരുന്നു എന്നു പറയാന്‍ കാരണമുണ്ട്.ഇപ്പോഴല്ല എന്നത് തന്നെ. ഉള്ളില്‍ ചിരി വരുന്നത് ഇങ്ങനെയാണ്. പരസ്യക്കമ്പനിയിലെ ജോലി രാജി വെച്ച് ഞാന്‍ നേരെ അവന്‍റെ ഫ്ലാറ്റില്‍ വരികയാണ് ഉണ്ടായത്. ആ രണ്ടു കാര്യവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്ന് ഞാനിങ്ങനെ മനസ്സിലിട്ട് ഉരുട്ടി പരിശോധിക്കുകയുണ്ടായി. അതിലെന്തോ ഒരു പൊരുത്തക്കേടുണ്ട് എന്ന് അപ്പോഴൊക്കെയും തോന്നാറുണ്ട്.ഞാന്‍ ജോലി ചെയ്യുന്നതിന് അവന്‍ എതിരായിരുന്നില്ല. പക്ഷെ  ഒന്നിച്ചുതാമസിക്കാന്‍ തീരുമാനിച്ചശേഷം അതൊരാവശ്യമായി തീര്‍ന്നു. അതിലും ഒരു പൊരുത്തക്കേടുണ്ട്. രണ്ട് സ്ഥലങ്ങളില്‍ ജോലിയുള്ള വ്യക്തികള്‍ കല്യാണം കഴിച്ച്, രണ്ടോ നാലോ ദിവസമോ, ഒരാഴ്ചയോ ഒന്നിച്ച് താമസിച്ച് രണ്ടുപേരുടെയും ജോലിസ്ഥലത്ത് തിരിച്ചുപോയി ജോലി തുടരുന്നതില്‍ ഒരു തരക്കേടുമില്ല. പക്ഷെ കല്യാണം കഴിക്കാതെ ഒന്നിച്ചുതാമസിക്കുന്നവര്‍ അങ്ങനെ ചെയ്യുമ്പോഴോ... അവര്‍ക്കിടയില്‍ എന്താണില്ലാതാവുന്നത്? കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്നില്ലെങ്കിലും അവിടെയും എന്തോ ഒരു പൊരുത്തമില്ലായ്മ. അങ്ങനെയാണ് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ജോലി രാജി വെച്ചത്. ഇനി അത്തരമൊരു ജോലി കിട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല എന്ന ഒരു കാരണവും ഇതിനു പുറകിലുണ്ട്.

                 എത്ര പരസ്പരം സ്നേഹിച്ചാലും രണ്ടുപേരുടെയും വ്യക്തിത്വം നിലനിര്‍ത്തണമെന്ന് അവനെന്നോട് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. അതത്ര കനപ്പെട്ട ഉത്തരവാദിത്വമല്ല എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പിന്നെയാണ് ഞാനതിനെപ്പറ്റി ശരിക്ക് മനസ്സിലാക്കിയത്. ഒന്നിച്ച് താമസിക്കുന്നതിനു മുന്‍പ്‌ ഞങ്ങള്‍ മൂന്നോ നാലോ മണിക്കൂര്‍ സംസാരിക്കുമായിരുന്നു(അവന്‍ തിരക്ക് പിടിച്ച ജോലിയിലോ യാത്രയിലോ അല്ലെങ്കില്‍). അവന്‍റെ ഫ്ലാറ്റില്‍ ഞാനെത്തിയ ശേഷം, എന്‍റെ പകലുകള്‍ മുഴുവന്‍ ഒരു പൊതിക്കാത്ത തേങ്ങ പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ പഴയ ഓര്‍മ്മയില്‍ ഫോണ്‍ എടുക്കും. മറുവശത്ത് തിരക്കിലാണെന്ന് അറിയുമ്പോള്‍ എന്‍റെ മനസ്സിടിയും. വല്ലാതെ.... ഒരു മണിക്കൂര്‍ ഒക്കെ കഴിഞ്ഞ് തിരിച്ചുവിളിക്കുമ്പോള്‍ അവന്‍ ദേഷ്യപ്പെടാതെ തന്നെ ഉറച്ച സ്വരത്തില്‍ പറയും.
"ഞാന്‍ അങ്ങോട്ട്‌ തന്നെയല്ലേ വരുന്നത്. ഒരു രാത്രി മുഴുവന്‍ പറയാമല്ലോ.... നിലവാരമില്ലാത്ത സ്ത്രീകളെപ്പോലെ  നീയിങ്ങനെ..."
മണിക്കൂറുകളോളം സംസാരിച്ചത് ആരോടായിരുന്നു എന്ന ചോദ്യം ഞാന്‍ ഒരു കഫക്കട്ട പോലെ വിഴുങ്ങിക്കളയും. ഇടിഞ്ഞുപോയ മനസ്സുമായി ജനാല തുറന്ന് അപ്പുറത്തെ കെട്ടിടത്തിലെ എനിക്കഭിമുഖമായ ഫ്ലാറ്റിലെഏതുസമയത്തും കരയുന്ന കുട്ടിയുടെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കും. അതൊക്കെയാണ് വ്യക്തിസ്വാതന്ത്ര്യമെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഒന്നുരണ്ടുവട്ടം ഞാന്‍ വഴക്കിട്ടു.
"എനിക്കിഷ്ടമുള്ളവരോട് സംസാരിക്കാനും ഇടപഴകാനുമുള്ള സ്വാതന്ത്ര്യത്തില്‍  നീ കൈ കടത്തുന്നത് എനിക്കിഷ്ടമല്ല. നിനക്കും അതിനൊക്കെ സ്വാതന്ത്ര്യമുണ്ടല്ലോ... നീ ഒരു മാതിരി തറ ഭാര്യമാരെ പോലെ എന്നോട് അധികാരം പ്രകടിപ്പിക്കരുത്."
എന്നാണവന്‍ പറഞ്ഞത്. എനിക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ വണ്ടി ഓടിക്കാന്‍ അറിയാത്ത ഒരാളുടെ കയ്യില്‍ വണ്ടി കിട്ടിയാല്‍ എന്തു ചെയ്യും? അല്‍പ്പനേരം തൊട്ടും പിടിച്ചും ചുറ്റിനടന്നും നോക്കിയ ശേഷം അതുപേക്ഷിച്ചു കളയും. എനിക്കുമുണ്ടായിരുന്നു ആണ്‍സുഹൃത്തുക്കള്‍. അവരുമായുള്ള ബന്ധം ഊഷ്മളമാക്കി എന്‍റെ പകലുകളെ സജീവമാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു ജോലി കിട്ടുംവരെയെങ്കിലും. അല്ലെങ്കില്‍ ഏകാന്തതയും അവനെക്കുറിച്ചുള്ള ചിന്തകളും എന്നെ ബാക്കിവെക്കുകില്ലെന്ന് ഞാന്‍ സത്യത്തില്‍ ഭയന്നു. ആവശ്യങ്ങള്‍ക്കല്ലാതെ വെറുതെ സംസാരിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നില്ലല്ലോ. ആ ഞാന്‍ ദിവസവും വിളി തുടങ്ങിയപ്പോള്‍ ആ പാവങ്ങള്‍ തെറ്റിദ്ധരിച്ചു. പക്ഷെ എന്‍റെ ആവശ്യം അതായിരുന്നില്ലല്ലോ. അങ്ങനെ ഒരു മാസത്തിനുള്ളില്‍ നാല് ആണ്‍സുഹൃത്തുക്കളുമായി ഞാന്‍ തെറ്റിപ്പിരിഞ്ഞു. എങ്ങനെയാണ് ഇത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് എന്‍റെ കവിളില്‍ തലോടുകയാണുണ്ടായത്.നാല് ആണ്‍സുഹൃത്തുക്കളെ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും, എനിക്ക് കിട്ടിയ ആ വാല്‍സല്യപൂര്‍വമുള്ള തലോടല്‍ എനിക്കിഷ്ടമായി. അപ്പോഴും എനിക്ക് തോന്നിയത് ഇതാണ്, ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്.

                                        ഒഴിവുസമയങ്ങളില്‍ ചില ദിവസങ്ങളില്‍ ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചിരിക്കും. അവന്‍റെ നഷ്ടപ്രണയത്തെ കുറിച്ച്, ഇപ്പോഴും തുടരുന്ന ചില ബന്ധങ്ങളെക്കുറിച്ച്.... ചിലപ്പോള്‍ ഞാന്‍ അതൊക്കെ വിളറിയ ചിരിയോടെ കേട്ടിരിക്കും. ചിലപ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ ലംഘിച്ചുകൊണ്ട് അവനെ ഉറക്കെ ശകാരിക്കും. ചിലപ്പോള്‍ ഒന്നും മിണ്ടാതെ കിടക്കയില്‍ വന്ന് കമിഴ്ന്നുകിടക്കും. അപ്പോഴൊക്കെയും അവന്‍ വന്നെന്‍റെ കാല്‍പ്പാദത്തില്‍ തൊടും.
"നിന്നോടൊന്നും മറച്ചുവെക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. നീ എന്നെ മനസ്സിലാക്കില്ലേ..."
അപ്പോള്‍  ഞാന്‍ മലര്‍ന്നുകിടക്കും. പിന്നീടെപ്പോഴും ദീര്‍ഘമായ ആലിംഗനത്തിലേക്കും, പരസ്പരം വല്ലാതെ സ്നേഹിക്കുന്നുവെന്ന് അപരനെയും തന്നെയും ബോധ്യപ്പെടുത്താനുള്ള ത്വരയിലേക്കും നീങ്ങും. വിയര്‍പ്പില്‍ കുളിച്ച്, എന്‍റെ മാറിടത്തില്‍ മയങ്ങുന്ന അവനെ, അമ്മയെപ്പോലെ ഞാനുമ്മ വെക്കും. അവന്‍ പറയുന്നതെല്ലാം നുണയാണെന്നും ഇതാണ്, ഇതു മാത്രമാണ് സത്യമെന്നും ഞാന്‍ നൂറായിരം പ്രാവശ്യം ഉള്ളിലുറപ്പിക്കും. പിന്നെ അവന്‍ പറഞ്ഞതൊക്കെയും ഞാന്‍ മറക്കും. അങ്ങനെയാണ് എപ്പോഴും ഉണ്ടാവാറ്.

                              ചില രാത്രികളില്‍ ഒക്കെ അവന്‍ വരാതായതോടെയാണ് ഞാന്‍ മറ്റൊരു അവസ്ഥയിലേക്ക് നീങ്ങിയത്. ചില ദിവസങ്ങളില്‍ അവന്‍ അഞ്ചോ ആറോ പ്രാവശ്യം വിളിച്ച് എന്‍റെ കാര്യങ്ങള്‍ അന്വേഷിച്ചു. മറ്റു ചിലപ്പോള്‍ ഒരു രാത്രി മുഴുവന്‍ നിശ്ചലമായ അവന്‍റെ ഫോണ്‍ എന്നെ വിളിക്കുന്നതും കാതോര്‍ത്ത് ഞാന്‍ ഇരുട്ടില്‍ കണ്ണുമിഴിച്ചിരിക്കും. പിറ്റേന്ന് രാവിലെ ഉറക്കം ബാക്കി നില്‍ക്കുന്ന മുഖത്തോടെ അവന്‍ കിടക്കയില്‍ അന്തംവിട്ടുറങ്ങുന്നത് നിശബ്ദം കാണും. അന്നുച്ച കഴിഞ്ഞ് ചായ കുടിച്ചുകൊണ്ടിരിക്കെ തന്‍റെ തലേന്നത്തെ യാത്രയെക്കുറിച്ച് അവന്‍ പറയുമ്പോള്‍ ഒരു രാത്രിയിലെ മുഴുവന്‍ ആധിയും മറന്ന് ഒരു വിഡ്ഢിയെ പോലെ ഞാന്‍ ചിരിക്കും. അങ്ങനെയൊരു വൈകുന്നേരം, ചായകുടി കഴിഞ്ഞ് അവന്‍ ടോയ്‌ലറ്റില്‍ പോയ നേരമാണ് സന്ദേശം വന്നുവെന്നറിയിച്ചുകൊണ്ട് അവന്‍റെ ഫോണ്‍ ഒന്ന് വിറച്ചത്. ഒരു കൌതുകത്തിന് അതെടുത്ത് വായിച്ചുനോക്കി.
"നീ എന്‍റെ ലഹരിയാണ്, അത് നിശ്ശേഷം ഇറങ്ങാന്‍ അനുവദിക്കരുതെ ..."
എന്ന് ആംഗലേയത്തില്‍ എഴുതിയ വരികള്‍. വ്യത്യസ്ത സ്ത്രീനാമങ്ങളില്‍ പ്രണയത്തിന്‍റെ ചൂടും, കാമത്തിന്‍റെ ചൂരുമുള്ള സന്ദേശങ്ങള്‍. ഞാന്‍ തണുത്തുവിറങ്ങലിച്ച മനസ്സുമായി അനങ്ങാതിരുന്നു. ഞാനാ സന്ദേശങ്ങള്‍ കണ്ടുവെന്നറിയുമ്പോള്‍ അത് വെറും സൌഹൃദങ്ങള്‍ ആണെന്ന് പറഞ്ഞു മാപ്പിരക്കുമെന്നും, എന്‍റെ പാദങ്ങളില്‍ തൊടുമെന്നുമാണ് ഞാന്‍ കരുതിയത്‌. ആ നിമിഷം ഞാന്‍ അവനെ അതികഠിനമായി വെറുക്കുമെന്നും ഞാന്‍ തീരുമാനിച്ചു.'നീ എന്‍റെ ഫോണ്‍ എന്‍റെ അനുവാദമില്ലാതെ നോക്കിയത് ശരിയായില്ല. നിനക്ക് വേണ്ടത്‌ ഞാന്‍ തരുന്നുണ്ട്. മറ്റുള്ള കാര്യങ്ങളില്‍ നീ ഇടപെടരുത്'. ഉറച്ച സ്വരത്തില്‍ ഇത്രയും പറഞ്ഞിട്ട് അവന്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. കപ്പില്‍ ബാക്കിയായ പാതിചായ പോലെ തണുത്ത് പാട കെട്ടിയ മനസ്സുമായി ഞാന്‍ വീണ്ടും അവനെ സ്നേഹിക്കാന്‍ ആരംഭിച്ചു. അപ്പോഴാണ്‌ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കിയത്. പിന്നീട് ഞാന്‍ എന്തുചെയ്തുവെന്നാണ് നിങ്ങള്‍ കരുതുന്നത്? നിലവാരമില്ലാത്ത ഭാര്യമാര്‍ ചെയ്യുന്നതുപോലെ വസ്ത്രങ്ങള്‍ ഒരു ബാഗില്‍ നിറച്ച് നിറഞ്ഞ കണ്ണുകളുമായി ഇറങ്ങിപ്പോയി എന്നാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ അടുക്കളയില്‍ ചെന്ന് രാത്രിഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാത്രി ഏറെ വൈകിയിട്ടും അവന്‍ വന്നില്ല. അന്ന് രാത്രി ഞാന്‍ ടിവിയില്‍ ഒരു ആത്മീയപ്രഭാഷണം കേട്ടു. 'ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്യണ'മെന്ന തത്വം അന്നെനിക്ക് ശരിക്കും മനസ്സിലായി. അന്ന് രാത്രി ഞാന്‍ ശരിക്കുറങ്ങി. പിറ്റേന്ന് രാവിലെവരെയും അവനെ കാണാഞ്ഞിട്ടും ഞാന്‍ അവനെ വിളിച്ചില്ല. വൈകുന്നേരം അവന്‍ വന്നപ്പോള്‍ ശാന്തമായ ചിരിയോടെ ഞാന്‍ അവനെ സ്വീകരിച്ചു.
"നീ പേടിച്ചോ?"
എന്നവന്‍ എന്‍റെ തലയില്‍ തലോടി. ചായയുമായി വന്ന എന്നെ നെഞ്ചോട്‌ ചേര്‍ത്തമര്‍ത്തി.
'എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്' എന്ന് ചെവിയില്‍ പറഞ്ഞപ്പോള്‍ ഞാന്‍ കണ്ണുനനയാതെ ചിരിച്ചു. എനിക്ക് നിന്നെ ഇഷ്ടമാണെന്നും, ഞാന്‍ നിന്നെ സ്നേഹിക്കുന്നെന്നും പറയുമ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചു, നിന്നെ മാത്രം എന്നൊരിക്കലും അവന്‍ പറഞ്ഞില്ല. പിന്നെ ഞാന്‍ പകല്‍നേരങ്ങളില്‍ അവന്‍റെ ഫോണിലേക്ക് വിളിച്ചില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ സന്ദേശങ്ങള്‍ അയച്ചു. ഇന്ന് വൈകുന്നേരം നടക്കാന്‍ പോകാന്‍ പറ്റുമോ എന്നും, ഇന്ന് ഒരു കിളി വന്ന് ഏറെ നേരം ജനല്‍പ്പടിയില്‍ ഇരുന്നുവെന്നും എന്‍റെ മുടി അല്‍പ്പം നീളം കുറച്ചുവെട്ടിയാല്‍  നന്നാവുമോയെന്നും മറ്റും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏറ്റവും മാന്യമായി അവനെന്നെ പരിഗണിച്ചു. അവന്‍റെ ഫോണ്‍ പിന്നെ ഞാന്‍ തൊട്ടതെയില്ല. അവന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ അടുക്കളയുടെ പിന്‍വശത്തെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ചെവി കൊടുത്തു. ഫോണ്‍സംഭാഷണം കഴിഞ്ഞാല്‍ അവനെന്‍റെ പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കഴുത്തില്‍ ഉമ്മ വെച്ച് 'ഇതൊക്കെ നിസാരമായി എടുത്തൂടെ? നീ എന്താ ഇങ്ങനെ തൊട്ടാവാടിയാകുന്നത്?' എന്നുചോദിച്ച് എന്നെ ഇക്കിളിപ്പെടുത്തും.

                    അങ്ങനെ അവന്‍റെ കൂടെ എട്ടുമാസവും, നാലുദിവസവും ജീവിച്ചുകഴിഞ്ഞപ്പോള്‍ നിലവാരമുള്ള രണ്ടു സ്ത്രീപുരുഷന്മാര്‍ വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് ഒന്നിച്ചു താമസിക്കുന്നതെങ്ങനെയെന്ന് ഞാന്‍ പഠിച്ചു. ഇതാണ് എഴുത്തുകാരിയല്ലാത്ത ഒരു ശരാശരി സ്ത്രീയുടെ (ഇപ്പോള്‍ അതിനു മേലെ) ശുഭപര്യവസായിയായ ആത്മഗതം.