August 03, 2012

ഒട്ടകപ്പക്ഷി


                       ഇതൊരു മഴ കഴിഞ്ഞ വൈകുന്നേരമാണ്. വീടിനു മുകളിലെ തുറന്ന ചതുരത്തില്‍ കസേരയിട്ട് ഇരിക്കുകയാണ് ഞാന്‍. മുന്‍പിലുള്ള തെങ്ങോലയില്‍ നിന്ന് വെള്ളത്തുള്ളികള്‍ ഒന്നൊന്നായി  ഇറ്റുവീഴുന്നത് കാണുന്നുണ്ട്. എന്തോ... അതിനൊരു ഒറ്റപ്പെട്ട മനസിന്‍റെ ച്ഛായ തോന്നുന്നുണ്ടോ? ഒറ്റയ്ക്കിരിക്കുമ്പോഴുള്ള എന്‍റെ ചിന്തകള്‍ അതുപോലെ പകര്‍ത്താന്‍ കഴിഞ്ഞാല്‍ ഞാനൊരു ലോകസാഹിത്യകാരിയായിതീരും. ഇല്ല, നിലത്ത് വീഴും മുന്‍പ് ആവിയായി പോകുന്ന മഞ്ഞുതുള്ളി പോലെ അതൊക്കെയും വായുവില്‍ വിലയം പ്രാപിക്കുകയാണ് പതിവ്. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. എഴുത്ത് അവന് പറഞ്ഞിട്ടുള്ളതാണ്. ഓ .... ഞാന്‍ അവനെക്കുറിച്ച് ഒന്നും പറഞ്ഞില്ല അല്ലെ? ഞാനെട്ടുമാസമായി അവന്‍റെ കൂടെയാണ് താമസം. ആറുമാസത്തെ പരിചയത്തിനു ശേഷമാണ് ഞങ്ങള്‍ക്കത് തോന്നിയത്. ഒന്നിച്ചുതാമസിച്ചാല്‍ അല്‍പ്പം കൂടി സുഖമാകുമെന്ന്, രണ്ടുപേര്‍ക്കും.

                         അവനൊരു മുന്‍നിരപ്പത്രത്തിലാണ് ജോലി. അവന്‍റെ റിപ്പോര്‍ട്ടുകള്‍ നിങ്ങള്‍ വായിച്ചിരിക്കാനിടയുണ്ട്. ആ പത്രത്തിലെ അന്വേഷണാത്മക പരമ്പരകളത്രയും അവന്‍റെ ബുദ്ധിയില്‍ തെളിഞ്ഞതാണെന്ന് എനിക്കുറപ്പിച്ചു പറയാന്‍ കഴിയും. അത് അവന്‍ പറഞ്ഞതല്ല. എനിക്ക് സ്വയം തോന്നിയതാണ്. ഇത്തരം സ്വയം തോന്നലുകളാണ് എന്നെ ഞാനാക്കുന്നത് എന്നുകൂടി പറഞ്ഞാലേ ചിത്രം പൂര്‍ത്തിയാകൂ. നോക്കൂ.. ഇനി ഞാന്‍ എന്നെക്കുറിച്ചല്ലേ പറയേണ്ടത്? ഞാനൊരു പരസ്യക്കമ്പനിയിലെ ജോലിക്കാരിയായിരുന്നു. ആയിരുന്നു എന്നു പറയാന്‍ കാരണമുണ്ട്.ഇപ്പോഴല്ല എന്നത് തന്നെ. ഉള്ളില്‍ ചിരി വരുന്നത് ഇങ്ങനെയാണ്. പരസ്യക്കമ്പനിയിലെ ജോലി രാജി വെച്ച് ഞാന്‍ നേരെ അവന്‍റെ ഫ്ലാറ്റില്‍ വരികയാണ് ഉണ്ടായത്. ആ രണ്ടു കാര്യവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ എന്ന് ഞാനിങ്ങനെ മനസ്സിലിട്ട് ഉരുട്ടി പരിശോധിക്കുകയുണ്ടായി. അതിലെന്തോ ഒരു പൊരുത്തക്കേടുണ്ട് എന്ന് അപ്പോഴൊക്കെയും തോന്നാറുണ്ട്.ഞാന്‍ ജോലി ചെയ്യുന്നതിന് അവന്‍ എതിരായിരുന്നില്ല. പക്ഷെ  ഒന്നിച്ചുതാമസിക്കാന്‍ തീരുമാനിച്ചശേഷം അതൊരാവശ്യമായി തീര്‍ന്നു. അതിലും ഒരു പൊരുത്തക്കേടുണ്ട്. രണ്ട് സ്ഥലങ്ങളില്‍ ജോലിയുള്ള വ്യക്തികള്‍ കല്യാണം കഴിച്ച്, രണ്ടോ നാലോ ദിവസമോ, ഒരാഴ്ചയോ ഒന്നിച്ച് താമസിച്ച് രണ്ടുപേരുടെയും ജോലിസ്ഥലത്ത് തിരിച്ചുപോയി ജോലി തുടരുന്നതില്‍ ഒരു തരക്കേടുമില്ല. പക്ഷെ കല്യാണം കഴിക്കാതെ ഒന്നിച്ചുതാമസിക്കുന്നവര്‍ അങ്ങനെ ചെയ്യുമ്പോഴോ... അവര്‍ക്കിടയില്‍ എന്താണില്ലാതാവുന്നത്? കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്നില്ലെങ്കിലും അവിടെയും എന്തോ ഒരു പൊരുത്തമില്ലായ്മ. അങ്ങനെയാണ് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ജോലി രാജി വെച്ചത്. ഇനി അത്തരമൊരു ജോലി കിട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല എന്ന ഒരു കാരണവും ഇതിനു പുറകിലുണ്ട്.

                 എത്ര പരസ്പരം സ്നേഹിച്ചാലും രണ്ടുപേരുടെയും വ്യക്തിത്വം നിലനിര്‍ത്തണമെന്ന് അവനെന്നോട് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. അതത്ര കനപ്പെട്ട ഉത്തരവാദിത്വമല്ല എന്നാണ് എനിക്ക് ആദ്യം തോന്നിയത്. പിന്നെയാണ് ഞാനതിനെപ്പറ്റി ശരിക്ക് മനസ്സിലാക്കിയത്. ഒന്നിച്ച് താമസിക്കുന്നതിനു മുന്‍പ്‌ ഞങ്ങള്‍ മൂന്നോ നാലോ മണിക്കൂര്‍ സംസാരിക്കുമായിരുന്നു(അവന്‍ തിരക്ക് പിടിച്ച ജോലിയിലോ യാത്രയിലോ അല്ലെങ്കില്‍). അവന്‍റെ ഫ്ലാറ്റില്‍ ഞാനെത്തിയ ശേഷം, എന്‍റെ പകലുകള്‍ മുഴുവന്‍ ഒരു പൊതിക്കാത്ത തേങ്ങ പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ പഴയ ഓര്‍മ്മയില്‍ ഫോണ്‍ എടുക്കും. മറുവശത്ത് തിരക്കിലാണെന്ന് അറിയുമ്പോള്‍ എന്‍റെ മനസ്സിടിയും. വല്ലാതെ.... ഒരു മണിക്കൂര്‍ ഒക്കെ കഴിഞ്ഞ് തിരിച്ചുവിളിക്കുമ്പോള്‍ അവന്‍ ദേഷ്യപ്പെടാതെ തന്നെ ഉറച്ച സ്വരത്തില്‍ പറയും.
"ഞാന്‍ അങ്ങോട്ട്‌ തന്നെയല്ലേ വരുന്നത്. ഒരു രാത്രി മുഴുവന്‍ പറയാമല്ലോ.... നിലവാരമില്ലാത്ത സ്ത്രീകളെപ്പോലെ  നീയിങ്ങനെ..."
മണിക്കൂറുകളോളം സംസാരിച്ചത് ആരോടായിരുന്നു എന്ന ചോദ്യം ഞാന്‍ ഒരു കഫക്കട്ട പോലെ വിഴുങ്ങിക്കളയും. ഇടിഞ്ഞുപോയ മനസ്സുമായി ജനാല തുറന്ന് അപ്പുറത്തെ കെട്ടിടത്തിലെ എനിക്കഭിമുഖമായ ഫ്ലാറ്റിലെഏതുസമയത്തും കരയുന്ന കുട്ടിയുടെ ശബ്ദത്തിനായി കാതോര്‍ത്തിരിക്കും. അതൊക്കെയാണ് വ്യക്തിസ്വാതന്ത്ര്യമെന്ന് പിന്നീട് എനിക്ക് മനസ്സിലായി. ഒന്നുരണ്ടുവട്ടം ഞാന്‍ വഴക്കിട്ടു.
"എനിക്കിഷ്ടമുള്ളവരോട് സംസാരിക്കാനും ഇടപഴകാനുമുള്ള സ്വാതന്ത്ര്യത്തില്‍  നീ കൈ കടത്തുന്നത് എനിക്കിഷ്ടമല്ല. നിനക്കും അതിനൊക്കെ സ്വാതന്ത്ര്യമുണ്ടല്ലോ... നീ ഒരു മാതിരി തറ ഭാര്യമാരെ പോലെ എന്നോട് അധികാരം പ്രകടിപ്പിക്കരുത്."
എന്നാണവന്‍ പറഞ്ഞത്. എനിക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. പക്ഷെ വണ്ടി ഓടിക്കാന്‍ അറിയാത്ത ഒരാളുടെ കയ്യില്‍ വണ്ടി കിട്ടിയാല്‍ എന്തു ചെയ്യും? അല്‍പ്പനേരം തൊട്ടും പിടിച്ചും ചുറ്റിനടന്നും നോക്കിയ ശേഷം അതുപേക്ഷിച്ചു കളയും. എനിക്കുമുണ്ടായിരുന്നു ആണ്‍സുഹൃത്തുക്കള്‍. അവരുമായുള്ള ബന്ധം ഊഷ്മളമാക്കി എന്‍റെ പകലുകളെ സജീവമാക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഒരു ജോലി കിട്ടുംവരെയെങ്കിലും. അല്ലെങ്കില്‍ ഏകാന്തതയും അവനെക്കുറിച്ചുള്ള ചിന്തകളും എന്നെ ബാക്കിവെക്കുകില്ലെന്ന് ഞാന്‍ സത്യത്തില്‍ ഭയന്നു. ആവശ്യങ്ങള്‍ക്കല്ലാതെ വെറുതെ സംസാരിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നില്ലല്ലോ. ആ ഞാന്‍ ദിവസവും വിളി തുടങ്ങിയപ്പോള്‍ ആ പാവങ്ങള്‍ തെറ്റിദ്ധരിച്ചു. പക്ഷെ എന്‍റെ ആവശ്യം അതായിരുന്നില്ലല്ലോ. അങ്ങനെ ഒരു മാസത്തിനുള്ളില്‍ നാല് ആണ്‍സുഹൃത്തുക്കളുമായി ഞാന്‍ തെറ്റിപ്പിരിഞ്ഞു. എങ്ങനെയാണ് ഇത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് എന്‍റെ കവിളില്‍ തലോടുകയാണുണ്ടായത്.നാല് ആണ്‍സുഹൃത്തുക്കളെ നഷ്ടപ്പെടുത്തിയിട്ടാണെങ്കിലും, എനിക്ക് കിട്ടിയ ആ വാല്‍സല്യപൂര്‍വമുള്ള തലോടല്‍ എനിക്കിഷ്ടമായി. അപ്പോഴും എനിക്ക് തോന്നിയത് ഇതാണ്, ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്.

                                        ഒഴിവുസമയങ്ങളില്‍ ചില ദിവസങ്ങളില്‍ ഞങ്ങള്‍ ദീര്‍ഘമായി സംസാരിച്ചിരിക്കും. അവന്‍റെ നഷ്ടപ്രണയത്തെ കുറിച്ച്, ഇപ്പോഴും തുടരുന്ന ചില ബന്ധങ്ങളെക്കുറിച്ച്.... ചിലപ്പോള്‍ ഞാന്‍ അതൊക്കെ വിളറിയ ചിരിയോടെ കേട്ടിരിക്കും. ചിലപ്പോള്‍ വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ അതിരുകള്‍ ലംഘിച്ചുകൊണ്ട് അവനെ ഉറക്കെ ശകാരിക്കും. ചിലപ്പോള്‍ ഒന്നും മിണ്ടാതെ കിടക്കയില്‍ വന്ന് കമിഴ്ന്നുകിടക്കും. അപ്പോഴൊക്കെയും അവന്‍ വന്നെന്‍റെ കാല്‍പ്പാദത്തില്‍ തൊടും.
"നിന്നോടൊന്നും മറച്ചുവെക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. നീ എന്നെ മനസ്സിലാക്കില്ലേ..."
അപ്പോള്‍  ഞാന്‍ മലര്‍ന്നുകിടക്കും. പിന്നീടെപ്പോഴും ദീര്‍ഘമായ ആലിംഗനത്തിലേക്കും, പരസ്പരം വല്ലാതെ സ്നേഹിക്കുന്നുവെന്ന് അപരനെയും തന്നെയും ബോധ്യപ്പെടുത്താനുള്ള ത്വരയിലേക്കും നീങ്ങും. വിയര്‍പ്പില്‍ കുളിച്ച്, എന്‍റെ മാറിടത്തില്‍ മയങ്ങുന്ന അവനെ, അമ്മയെപ്പോലെ ഞാനുമ്മ വെക്കും. അവന്‍ പറയുന്നതെല്ലാം നുണയാണെന്നും ഇതാണ്, ഇതു മാത്രമാണ് സത്യമെന്നും ഞാന്‍ നൂറായിരം പ്രാവശ്യം ഉള്ളിലുറപ്പിക്കും. പിന്നെ അവന്‍ പറഞ്ഞതൊക്കെയും ഞാന്‍ മറക്കും. അങ്ങനെയാണ് എപ്പോഴും ഉണ്ടാവാറ്.

                              ചില രാത്രികളില്‍ ഒക്കെ അവന്‍ വരാതായതോടെയാണ് ഞാന്‍ മറ്റൊരു അവസ്ഥയിലേക്ക് നീങ്ങിയത്. ചില ദിവസങ്ങളില്‍ അവന്‍ അഞ്ചോ ആറോ പ്രാവശ്യം വിളിച്ച് എന്‍റെ കാര്യങ്ങള്‍ അന്വേഷിച്ചു. മറ്റു ചിലപ്പോള്‍ ഒരു രാത്രി മുഴുവന്‍ നിശ്ചലമായ അവന്‍റെ ഫോണ്‍ എന്നെ വിളിക്കുന്നതും കാതോര്‍ത്ത് ഞാന്‍ ഇരുട്ടില്‍ കണ്ണുമിഴിച്ചിരിക്കും. പിറ്റേന്ന് രാവിലെ ഉറക്കം ബാക്കി നില്‍ക്കുന്ന മുഖത്തോടെ അവന്‍ കിടക്കയില്‍ അന്തംവിട്ടുറങ്ങുന്നത് നിശബ്ദം കാണും. അന്നുച്ച കഴിഞ്ഞ് ചായ കുടിച്ചുകൊണ്ടിരിക്കെ തന്‍റെ തലേന്നത്തെ യാത്രയെക്കുറിച്ച് അവന്‍ പറയുമ്പോള്‍ ഒരു രാത്രിയിലെ മുഴുവന്‍ ആധിയും മറന്ന് ഒരു വിഡ്ഢിയെ പോലെ ഞാന്‍ ചിരിക്കും. അങ്ങനെയൊരു വൈകുന്നേരം, ചായകുടി കഴിഞ്ഞ് അവന്‍ ടോയ്‌ലറ്റില്‍ പോയ നേരമാണ് സന്ദേശം വന്നുവെന്നറിയിച്ചുകൊണ്ട് അവന്‍റെ ഫോണ്‍ ഒന്ന് വിറച്ചത്. ഒരു കൌതുകത്തിന് അതെടുത്ത് വായിച്ചുനോക്കി.
"നീ എന്‍റെ ലഹരിയാണ്, അത് നിശ്ശേഷം ഇറങ്ങാന്‍ അനുവദിക്കരുതെ ..."
എന്ന് ആംഗലേയത്തില്‍ എഴുതിയ വരികള്‍. വ്യത്യസ്ത സ്ത്രീനാമങ്ങളില്‍ പ്രണയത്തിന്‍റെ ചൂടും, കാമത്തിന്‍റെ ചൂരുമുള്ള സന്ദേശങ്ങള്‍. ഞാന്‍ തണുത്തുവിറങ്ങലിച്ച മനസ്സുമായി അനങ്ങാതിരുന്നു. ഞാനാ സന്ദേശങ്ങള്‍ കണ്ടുവെന്നറിയുമ്പോള്‍ അത് വെറും സൌഹൃദങ്ങള്‍ ആണെന്ന് പറഞ്ഞു മാപ്പിരക്കുമെന്നും, എന്‍റെ പാദങ്ങളില്‍ തൊടുമെന്നുമാണ് ഞാന്‍ കരുതിയത്‌. ആ നിമിഷം ഞാന്‍ അവനെ അതികഠിനമായി വെറുക്കുമെന്നും ഞാന്‍ തീരുമാനിച്ചു.'നീ എന്‍റെ ഫോണ്‍ എന്‍റെ അനുവാദമില്ലാതെ നോക്കിയത് ശരിയായില്ല. നിനക്ക് വേണ്ടത്‌ ഞാന്‍ തരുന്നുണ്ട്. മറ്റുള്ള കാര്യങ്ങളില്‍ നീ ഇടപെടരുത്'. ഉറച്ച സ്വരത്തില്‍ ഇത്രയും പറഞ്ഞിട്ട് അവന്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. കപ്പില്‍ ബാക്കിയായ പാതിചായ പോലെ തണുത്ത് പാട കെട്ടിയ മനസ്സുമായി ഞാന്‍ വീണ്ടും അവനെ സ്നേഹിക്കാന്‍ ആരംഭിച്ചു. അപ്പോഴാണ്‌ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട് ജീവിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഞാന്‍ മനസ്സിലാക്കിയത്. പിന്നീട് ഞാന്‍ എന്തുചെയ്തുവെന്നാണ് നിങ്ങള്‍ കരുതുന്നത്? നിലവാരമില്ലാത്ത ഭാര്യമാര്‍ ചെയ്യുന്നതുപോലെ വസ്ത്രങ്ങള്‍ ഒരു ബാഗില്‍ നിറച്ച് നിറഞ്ഞ കണ്ണുകളുമായി ഇറങ്ങിപ്പോയി എന്നാണെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ അടുക്കളയില്‍ ചെന്ന് രാത്രിഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. രാത്രി ഏറെ വൈകിയിട്ടും അവന്‍ വന്നില്ല. അന്ന് രാത്രി ഞാന്‍ ടിവിയില്‍ ഒരു ആത്മീയപ്രഭാഷണം കേട്ടു. 'ഫലം പ്രതീക്ഷിക്കാതെ കര്‍മ്മം ചെയ്യണ'മെന്ന തത്വം അന്നെനിക്ക് ശരിക്കും മനസ്സിലായി. അന്ന് രാത്രി ഞാന്‍ ശരിക്കുറങ്ങി. പിറ്റേന്ന് രാവിലെവരെയും അവനെ കാണാഞ്ഞിട്ടും ഞാന്‍ അവനെ വിളിച്ചില്ല. വൈകുന്നേരം അവന്‍ വന്നപ്പോള്‍ ശാന്തമായ ചിരിയോടെ ഞാന്‍ അവനെ സ്വീകരിച്ചു.
"നീ പേടിച്ചോ?"
എന്നവന്‍ എന്‍റെ തലയില്‍ തലോടി. ചായയുമായി വന്ന എന്നെ നെഞ്ചോട്‌ ചേര്‍ത്തമര്‍ത്തി.
'എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്' എന്ന് ചെവിയില്‍ പറഞ്ഞപ്പോള്‍ ഞാന്‍ കണ്ണുനനയാതെ ചിരിച്ചു. എനിക്ക് നിന്നെ ഇഷ്ടമാണെന്നും, ഞാന്‍ നിന്നെ സ്നേഹിക്കുന്നെന്നും പറയുമ്പോഴൊക്കെ ഞാന്‍ ശ്രദ്ധിച്ചു, നിന്നെ മാത്രം എന്നൊരിക്കലും അവന്‍ പറഞ്ഞില്ല. പിന്നെ ഞാന്‍ പകല്‍നേരങ്ങളില്‍ അവന്‍റെ ഫോണിലേക്ക് വിളിച്ചില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ സന്ദേശങ്ങള്‍ അയച്ചു. ഇന്ന് വൈകുന്നേരം നടക്കാന്‍ പോകാന്‍ പറ്റുമോ എന്നും, ഇന്ന് ഒരു കിളി വന്ന് ഏറെ നേരം ജനല്‍പ്പടിയില്‍ ഇരുന്നുവെന്നും എന്‍റെ മുടി അല്‍പ്പം നീളം കുറച്ചുവെട്ടിയാല്‍  നന്നാവുമോയെന്നും മറ്റും. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏറ്റവും മാന്യമായി അവനെന്നെ പരിഗണിച്ചു. അവന്‍റെ ഫോണ്‍ പിന്നെ ഞാന്‍ തൊട്ടതെയില്ല. അവന്‍റെ ഫോണ്‍ സംഭാഷണങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ ഞാന്‍ അടുക്കളയുടെ പിന്‍വശത്തെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് ചെവി കൊടുത്തു. ഫോണ്‍സംഭാഷണം കഴിഞ്ഞാല്‍ അവനെന്‍റെ പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കഴുത്തില്‍ ഉമ്മ വെച്ച് 'ഇതൊക്കെ നിസാരമായി എടുത്തൂടെ? നീ എന്താ ഇങ്ങനെ തൊട്ടാവാടിയാകുന്നത്?' എന്നുചോദിച്ച് എന്നെ ഇക്കിളിപ്പെടുത്തും.

                    അങ്ങനെ അവന്‍റെ കൂടെ എട്ടുമാസവും, നാലുദിവസവും ജീവിച്ചുകഴിഞ്ഞപ്പോള്‍ നിലവാരമുള്ള രണ്ടു സ്ത്രീപുരുഷന്മാര്‍ വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് ഒന്നിച്ചു താമസിക്കുന്നതെങ്ങനെയെന്ന് ഞാന്‍ പഠിച്ചു. ഇതാണ് എഴുത്തുകാരിയല്ലാത്ത ഒരു ശരാശരി സ്ത്രീയുടെ (ഇപ്പോള്‍ അതിനു മേലെ) ശുഭപര്യവസായിയായ ആത്മഗതം.
          




                

35 comments:

  1. This comment has been removed by the author.

    ReplyDelete
  2. പ്രിയപ്പെട്ട മിനി,

    കാലത്തിനസുരിച്ച കഥ !

    സംഭവിക്കുന്നത്‌.............സംഭവിച്ചു കൊണ്ടിരിക്കുന്നത്.............ഭംഗിയായി എഴുതി !

    സ്വന്തം ജീവിതം മറ്റാര്‍ക്കും പ്രണയത്തിന്റെ പേരിലായാല്‍ പോലും അടിയറ വെക്കരുത് എന്ന തിരിച്ചറിവ് ...........!

    നമ്മുടെ സന്തോഷവും പ്രതീക്ഷവും മറ്റൊരാളില്‍ മാത്രമായി ഒതുക്കരുത്‌.

    ഒതുക്കത്തില്‍ പറഞ്ഞ ഈ പോസ്റ്റ്‌ വളരെ ഇഷ്ടായി,കേട്ടോ ! മിനി. അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. വളരെ ശരിയാണ് അനു.

      Delete
  3. കാല്‍പ്പനികമായ ഒരു കഥാസന്ദര്‍ഭം കൈയടക്കത്തോടെ മനോഹരമായിത്തന്നെ അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍

    ReplyDelete
  4. വ്യക്തിസ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് ഒന്നിച്ചു താമസിക്കാന്‍ പെടുന്ന പാട്.....?!!
    കഥ ഉള്ളില്‍തട്ടുംപടി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍ .
    ആശംസകളോടെ

    ReplyDelete
  5. വിട്ടുവീഴ്ചകള്‍ ,.തുലഞ്ഞ വിട്ടുവീഴ്ചകള്‍ .സ്നേഹത്തിന് വേണ്ടി കടം കൊടുക്കുന്ന ക്ഷമയുടെ നാണയങ്ങള്‍ ,അവ തിരിച്ചു കിട്ടുകയില്ല എന്നറിഞ്ഞിട്ടും നാം അത് കൊടുത്ത് കൊണ്ടേയിരിക്കുന്നു .അഭിനന്ദനങ്ങള്‍ മിനി .

    ReplyDelete
    Replies
    1. അതെ.. തിരിച്ചുകിട്ടുകയില്ല എന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും....

      Delete
  6. അഭിനന്ദനങ്ങള്‍.
    ഇതാണ്, ഇത് മാത്രമാണ് സത്യം.
    വണ്ടി ഓടിക്കാന്‍ അറിയാത്തവന്റെ കയ്യില്‍ വണ്ടി കിട്ടിയതുപോലെ ഇനി വയ്യ...ജീവിതാനുഭവങ്ങള്‍ മനുഷ്യന് തിരിച്ചറിവുകള്‍ നല്കിക്കൊണ്ടിരിക്കുന്നു.
    ഒതുക്കത്തോടെ നന്നായി പറഞ്ഞു.

    ReplyDelete
  7. അഭിനന്ദനങ്ങൾ. ഭംഗിയായി എഴുതി...ഇനിയും നല്ല കഥകൾ വരട്ടെ, കാത്തിരിക്കുന്നു.

    ReplyDelete
  8. നന്ദി.. ഈ നല്ല വാക്കുകള്‍ക്ക്...

    ReplyDelete
  9. നല്ലൊരു കഥ. രക്ഷയില്ലാതെ(?) ചെയ്യുന്ന വിട്ടു വീഴ്ചകള്‍ പിന്നെ ആധുനിക സമൂഹത്തില്‍ അതൊരു ശീലമാകുന്നു.ശീലമാക്കുന്നു.

    ReplyDelete
  10. നല്ല കഥ. അഭിനന്ദനങ്ങള്‍

    ReplyDelete
  11. ആധുനിക ജീവിതത്തിന്റെ പ്രായോഗിക ചിന്ത. ഇതാണ് ശരി. അത് വിവാഹജീവിതതിലായാലും വിവാഹിതരാവാതുള്ള ജീവിതത്തിലും. പോസസീവ് ആകാതിരുന്നാല്‍ ജീവിതം വിജയിക്കും എന്നത് നല്ല സന്ദേശം തന്നെയാണ്. വിഷയതിനനുയോജ്യമായ ഭാഷ.
    നന്നായി എഴുതി,മിനി. അഭിനന്ദനങ്ങള്‍.

    ReplyDelete
  12. എനിക്ക് വളരെ ഇഷ്ടപ്പെട്ടൂ ശുഭപര്യവസായിയായ ആത്മഗതം.ഇത് ജീവിതത്തിന്റെ നേർക്കാഴ്ച...ഭാര്യയായാലും ഭർത്താവായാലും ആവരവരുടെ സ്വകാര്യതയിൽ മറ്റേയാൾ ഇടപെടരുത്.ഏകപത്നീവൃതവും,എക ഭർത്താവൃതവും ഒക്കെ ഇപ്പോൾ കടം കഥയിട്ട് കളിക്കാവുന്ന മിത്തുകളാകുന്നൂ.പ്രായവും,ചിന്തയും ഒക്കെ മാറപ്പിലൊളിക്കുന്നൂ. ഭാര്യയുട് ഫോണിലെ മിസ് കോളും,എസ്.എം.എസ്,എന്നിവ ഭർത്താവോ.തിരിച്ചോ നോക്കാൻ പാടില്ലാ എന്ന് തന്നെയാണ് എന്റേയും ചിന്താഗതി.പരസ്പരം വിലങ്ങിടാതിരിക്കുക.കഥാകാരി പറഞ്ഞപോലെ'നിലവാരമില്ലാത്ത സ്ത്രീകളെപ്പോലെ' അല്ലെങ്കിൽ തറയായ ഭർത്താവിനെപ്പോലെ ചിന്തിക്കാതിരിക്കുക.ആർക്കും ആരോടും എപ്പോഴും ഇഅഹ്ടം തോന്നാം. അതിനെ ഇണ എതിർത്താൽ അവനോ അവളോ അത് രഹസ്യമായി അനുവർത്തിക്കും .പരസ്യമായിപ്പറഞ്ഞാൽ പിന്നെ വഴക്കായി വക്കാണംആയി,വ്ക്കീലായി കോടതിയായി...എന്തിനാ വെറുതേ..... പ്രായോഗിക ചിന്തയാണ് എപ്പോഴും നല്ലത്.... കഥാകാരിക്ക് അഭിനന്ദനങ്ങൾ...

    ReplyDelete
    Replies
    1. മാറുന്ന കാഴ്ചപ്പാടുകള്‍, കുടുംബബന്ധങ്ങള്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചു.

      Delete
  13. പുത്തന്‍ ആശയം, പുതിയ ശൈലി..
    ഇഷ്ടപ്പെട്ടു.
    എഴുത്തുകാരിക്ക് ആശംസകള്‍..!

    ReplyDelete
  14. പറയാനുള്ളത്‌ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

    ReplyDelete
  15. ആധുനിക ജീവിതത്തിലെ ഇത്തരം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലെ മൂല്യ ശോഷണമാണോ അതോ നേട്ടമോ എന്ന് ചിന്തിക്കുമ്പോള്‍ കൃത്യമായി എന്തുത്തരം പറയും. ന്യായീകരണങ്ങള്‍ കൊണ്ട് നിറഞ്ഞു പോകുന്നു ജീവിതങ്ങളും.
    ഒരു കഥ എന്നാ രീതിയില്‍ മനോഹരമായി പറഞ്ഞിരിക്കുന്നു. വളച്ചു കെട്ടില്ലാതെ.. ആശംസകള്‍..

    ReplyDelete
  16. കുടുംബ ബന്ധങ്ങളാണ് ശാശ്വതം എന്ന സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നില്ലേ ഈ കഥ?

    ReplyDelete
  17. ഒട്ടക പക്ഷികള്‍ ആണല്ലോ ലോകം മുഴുവന്‍. സത്യത്തില്‍ പുതിയ കാലഘട്ടത്തില്‍ അല്ല ഇങ്ങനെ സംഭവിക്കുന്നത്‌. പഴയ കാലത്തിലാണ്.

    ReplyDelete
  18. വാക്കുകള്‍ കൊണ്ട് മനോഹരമായ കവിത തീര്‍ത്ത് കഥയാക്കി. അഭിനന്ദനങ്ങള്‍

    ReplyDelete
  19. ഈ കഥയുടെ അവസാനത്തെ പെരഗ്രാഫ് തന്നെയാണ് ഇതിനുള്ള കമന്റ്‌. വര്‍ത്തമാന ജീവിത യാഥാര്‍ത്ഥ്യം ഉള്ളില്‍ ഞെട്ടല്‍ നല്‍കുന്ന വന്‍ വിട്ടു വീഴ്ചകളാണ് എന്നത് ഈ കഥയില്‍ കഥാകാരി അതിമനോഹരമായി പറഞ്ഞു. ഈ ബ്ലോഗ്ഗിലെ മികച്ച കഥകളില്‍ ഒരെണ്ണം എന്ന് ഇതിനെ വിശേഷിപ്പിച്ചാല്‍ അത് മുഖസ്തുതിയാവില്ല !!

    ReplyDelete
  20. ഈ കഥ ഒരുപക്ഷെ ഇങ്ങനെയല്ലാതെ എഴുതുവാനാവില്ല തന്നെ!

    ReplyDelete
  21. മിനി ടീച്ചര്‍ ,കഥ വായിച്ചു.ഇപ്പോള്‍ മലയാളത്തില്‍ ന്യൂ ജനറേഷന്‍ സിനിമ എന്ന വാഴ്ത്തലുകളോടെ കുറേ സിനിമകള്‍ വരുന്നുണ്ട്.ഒരെണ്ണം വിജയിച്ചാല്‍ ബാക്കിയെല്ലാം അതേ മട്ടില്‍ .എല്ലാത്തിലും നഗരജീവിതവും കോ ഹാബിറ്റേഷനും നിക്കറിട്ട നായകനും മുടി മുറിച്ച നായികയും അതേ പോലത്തെ ജീവിതവും.പക്ഷേ പ്രായോഗികജീവിതം ഇതാണോ.?അതേപോലെയാണ് കഥയും.വീട്ടമ്മ(ഉത്തമസ്ത്രീ)യെ നന്നാക്കാനുള്ള ശ്രമമായി ഈ കഥയിലെ നായികയുടെ ആത്മഗതങ്ങളും ചെയ്തികളും.അത് കൃത്രിമമായി നിലനില്‍ക്കുന്നില്ലേ.കഥ ഒന്നൂടി വായിക്കൂ.. എങ്കിലും എഴുത്ത് നന്നായി.കഥാപാത്രങ്ങളെ എഴുത്തുകാരന്‍ (രി)പറ്റിക്കണം.എങ്കിലേ നല്ല കഥാപാത്രങ്ങള്‍ ഉണ്ടാവൂ.
    ആശംസകള്‍ .

    ReplyDelete
    Replies
    1. എന്റെ പോസ്റ്റ്‌ വായിച്ചതിനും, അഭിപ്രായത്തിനും നന്ദി പറയുന്നു സുസ്മേഷ്. കഥയെക്കുറിച്ച് ആധികാരികമായി ഞാന്‍ എന്താഭിപ്രായം പറയാന്‍...!എങ്കിലും, ഒന്നുരണ്ടു കാര്യങ്ങള്‍. കഥ ഉള്ളില്‍ നിന്ന് വന്നത് തന്നെയാണ്.മറ്റൊരു സൃഷ്ടിയുടെയും ചുവടുപിടിച്ച് സൃഷ്ടിച്ചതല്ല. കഥയിലെ രചനാപരമായ പോരായ്മകള്‍ ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ 'സ്ത്രീയെ ഉത്തമാസ്ത്രീയാക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍' എന്ന രീതിയില്‍ അല്ല ഞാന്‍ കഥയെഴുതിയത്. കാലം മാറുന്നതിനനുസരിച്ച് മാറാന്‍ കഴിയാത്ത ചിലര്‍, എന്നെ കരുതിയുള്ളൂ. ഇതിലെ സ്ത്രീ മാതൃകയാണെന്ന് ഞാന്‍ കരുതിയിട്ടില്ല. പുരുഷന്‍ വില്ലന്‍ ആണെന്നും. സ്വന്തമായി നിലപാടുകളുള്ള രണ്ടു വ്യക്തികള്‍, അവരുടെ വ്യത്യസ്ത ചിന്താഗതികള്‍. ഞാന്‍ ഒരു സ്ത്രീ ആയതിനാല്‍ സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കാന്‍ എളുപ്പമാണ് എന്ന ഒരേയൊരു കാര്യം മാത്രമേ ഇതിലുള്ളൂ. നന്ദി സുസ്മേഷ്.. വീണ്ടും വന്ന് പോരായ്മകള്‍ ചൂണ്ടിക്കാട്ടിത്തരുമല്ലോ...

      Delete
  22. പോസ്റ്റ്‌ വായിക്കാന്‍ അല്‍പം വൈകി, വ്യക്തി സ്വാതന്ത്ര്യത്തില്‍ സാധാരണക്കാരിയായ ഒരു ഭാര്യ കൈകടത്തുമെന്ന് നമുക്കറിയാം.. :) കഥയിലേത്‌ പോലെ ഒരു ഭാര്യയെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരു പക്ഷെ ഇത്‌ വായിക്കുന്ന ആണ്‍പ്രജകളെങ്കിലും ആഗ്രഹിച്ചിട്ടുണ്‌ടാവും... പോസിറ്റീവ്‌ എനര്‍ജി നല്‍കുന്ന നല്ല ഒരു കഥ... :)

    ReplyDelete
    Replies
    1. വളരെ സാധാരണക്കാരിയായ ഒരു സ്ത്രീയും, അസാധാരണമായ വ്യക്തിത്വമുള്ള ഒരു പുരുഷനും. അതാണ്‌ പറയാന്‍ ശ്രമിച്ചത്. ഇതിലുള്ള ഒരു കാര്യം എന്തൊക്കെയായാലും അവര്‍ പരസ്പരം സ്നേഹിക്കുന്നു എന്നതാണ്.

      Delete
  23. കല്യാണം കഴിക്കാതെ ഒന്നിച്ചുതാമസിക്കുന്നവര്‍ രണ്ടു ഇടങ്ങളില്‍ ജീവിക്കുമ്പോ ? .. അവര്‍ക്കിടയില്‍ എന്താണില്ലാതാവുന്നത്?

    ഈ ചോദ്യം വായനക്കാരെ വിസ്മയിപ്പിക്കും തീര്‍ച്ച ....

    പിന്നെ കഥയുടെ തുടക്കത്തിലേ ആ ഒരു ഇത് ( എന്താ പറയേണ്ടത് എന്ന് അറിയില്ല ) അവാസാനം വരെ കൊണ്ട് പോവാന്‍ സാധിക്കുനില്ല ....എന്തോ കഥ വേഗം പറഞ്ഞു തീര്‍ക്കാന്‍ ഒരു തിടുക്കം കാണിക്കുന്നത് പോലെ..

    ReplyDelete
  24. ഞാനെങ്ങനെ ഇത്ര ദിവസമായിട്ടും ഇത് വായിക്കാൻ വിട്ടു!!!!...

    എനിക്കിത് ശരിക്കും ഇഷ്ടപ്പെട്ടു.

    ചില മനസ്സുകളുണ്ട്, സങ്കൽപ്പിച്ചതൊന്നും യാഥാർഥ്യമായിരുന്നില്ലെന്ന് മനസ്സിലാക്കിയാലും, താൻ സ്നേഹിക്കുന്നവർ എങ്ങനെ പെരുമാറിയാലും പകരം എല്ലാം പൊറുത്ത് ഭ്രാന്തമായി സ്നേഹിക്കുന്നവർ. മറ്റൊരാളേ ആ സ്ഥാനത്ത് കാണാനുമാവില്ല.

    ReplyDelete
    Replies
    1. ശരിയാണ് സുമേഷ്‌. ആ ഭ്രാന്തിന്‍റെ പേരാണ് പ്രണയം.

      Delete
  25. മിനിടീച്ചർ...,
    ഞാൻ ഒറ്റ ഇരുപ്പിനു വായിച്ചു തീർത്തു....
    ഒരു ഉത്തമ സ്ത്രീയുടെ വികാര വിചാരങ്ങൾ പകർത്തി വച്ച കഥാകാരിക്ക് എന്റെ അഭിനന്ദനങ്ങൾ.....
    ഇനിയും കൂടുതൽ എഴുതു

    ReplyDelete
  26. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  27. വീണ്ടും വന്നു ..ജോയിന്‍ ചെയ്തു .കഥ രണ്ടാം വട്ടവും വായിച്ചു എന്ന് പറഞ്ഞാല്‍ നുണയായി കരുതരുത് ... കഥ ഹൃദയസ്പ്രുക്കായി.. ആധുനിക സ്ത്രീ ജീവിത പരിസരങ്ങളെ കൃത്യമായി വരച്ചിട്ടു ..ആശംസകള്‍

    ReplyDelete
  28. പുതിയ ചിന്തയിലുള്ള ഒരു നല്ല കഥ....ജീവിതത്തില്‍ പ്രായോഗികം ആവില്ല. ആയാല്‍ തന്നെ നൂറില്‍ ഒന്ന്.

    ReplyDelete