October 15, 2012

നിറമില്ലാത്ത നുണകള്‍

                   ആ തിരക്കേറിയ കല്യാണസ്വീകരണ സ്ഥലത്ത് വെച്ച് അയാളെ കണ്ടപ്പോള്‍ തന്നെ സാരംഗി അതിശൈത്യമേറ്റ പൈന്‍മരം പോലെ വിറങ്ങലിച്ചുപോയി. മീശയില്ലാതെ, പച്ചരാശി കലര്‍ന്ന തുടുത്ത മുഖവും ചുരുണ്ട മുടിയും മുഴങ്ങുന്ന സ്വരവും, അവള്‍ വ്യഥയോടെ നോക്കി. അയാള്‍ ഒരു സംഘം ആണുങ്ങള്‍ക്ക് നടുവിലായിരുന്നു . ആ കുളിര്‍ന്ന വൈകുന്നേരത്തെ മുഴുവന്‍ ഒരു സുഗന്ധത്താല്‍ ആറാടിക്കാന്‍ അയാളുടെ സാന്നിധ്യത്തിന് കഴിയുന്നുണ്ടായിരുന്നു. അവള്‍ അയാളെ നേരെ കാണാന്‍ പറ്റുന്ന വിധത്തില്‍ അല്‍പ്പം പിറകിലായി മാറിനിന്നു. അതെ, അതയാള്‍ തന്നെയായിരുന്നു. ഭംഗിയായി വെട്ടിയൊതുക്കിയ ഇളംനിറമുള്ള നഖങ്ങള്‍ അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. അവള്‍ക്കു അന്നേരം സ്വയം അവജ്ഞ തോന്നി. അശ്രദ്ധമായി ഒരുങ്ങിവരാന്‍ തോന്നിയ ആ നിമിഷത്തോടും. ചെവിക്കു പിറകിലെ ആ കറുത്ത മറുക് പോലും ഭൂതകാലത്തില്‍നിന്ന് അവളുടെ കണ്ണുകളിലേക്ക് തെളിഞ്ഞുവന്നു. അവള്‍ ഒരായിരം പ്രാവശ്യം ഉമ്മ വെക്കാന്‍ കൊതിച്ച അതേ ഇടത്തു തന്നെ അതിപ്പോഴും ഉണ്ട്. അയാള്‍ ഒരിക്കല്‍ പോലും തിരിഞ്ഞുനോക്കുകയോ അഭിലാഷ തീവ്രതയോടെ അയാളെ തഴുകുന്ന കണ്ണുകളെ തിരിച്ചറിയുകയോ ചെയ്തില്ല.

                            പതിനാലുവര്‍ഷം പിറകിലെ ഒരു വൈകുന്നേരമാണ് അവള്‍ ആദ്യമായി അയാളെ കണ്ടത്. ഉച്ചവെയില്‍ തിളയ്ക്കുന്ന അവളുടെ വീടിന്‍റെ പുറകുവശത്തെ വിശാലമായ മൈതാനത്ത് ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു അയാള്‍. സ്കൂള്‍ വിട്ടു വരുകയായിരുന്ന അവള്‍ അയാള്‍ക്കടുത്തെത്തിയതും തീരെ നിനക്കാതെ ഒരു മഴ അവരെ നനച്ചു. കരുണാര്‍ദ്രമായ ആ കണ്ണുകള്‍ അന്നയച്ച നോട്ടം അവളെ അടിമുടി ഉലച്ചുകളഞ്ഞു. വീടെത്തി വസ്ത്രം മാറിയിട്ടും അവള്‍ വിറച്ചത് ആ നോട്ടം ഓര്‍ത്താണ്. അന്ന് വൈകുന്നേരമാണ് അവള്‍ ഋതുമതിയായത്.

                  അവള്‍ തന്‍റെ നീലനിറമുള്ള കാഞ്ചീപുരം സാരി ഉയര്‍ത്തിപ്പിടിച്ച് കാറില്‍ കയറി. ഭര്‍ത്താവില്‍ നിന്നുയരുന്ന മദ്യത്തിന്‍റെ ഗന്ധം പതിവുപോലെ അവളെ അലോസരപ്പെടുത്താന്‍ തുടങ്ങി. പുറത്ത് ആകാശം നീലിച്ചുകാണ്‍കെ അവള്‍ പൊടുന്നനെ ഏങ്ങിക്കരയാന്‍ തുടങ്ങി.
"നിങ്ങള്‍ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല. ഞാനൊരു വളര്‍ത്തുപട്ടിയെ പോലെ... കുടിച്ചുകുടിച്ച് നിങ്ങള്‍ നശിക്കും. എന്നെയും കൊല്ലും."

     അവളുടെ കവിളിലൂടെ കണ്ണുനീര്‍ ഒഴുകുന്നത്‌ കണ്ണാടിയിലൂടെ കാണ്‍കെ അയാളുടെ വീതിയേറിയ നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. എന്തുപറയണമെന്നറിയാതെ അയാള്‍ വിഷണ്ണനായി കാറോടിച്ചു. അവള്‍ ഉറങ്ങിപ്പോയെന്കിലും ഇടയ്ക്കിടയ്ക്ക് തേങ്ങുന്നത് അയാള്‍ കേട്ടു. അവളെ നോക്കി അലിവോടെ അയാള്‍ പറഞ്ഞു.
"അവള്‍ എന്തു മാത്രം എന്നെ സ്നേഹിക്കുന്നു! എന്‍റെ പാവം പൂച്ചപ്പെണ്ണ്‍!"