February 15, 2013

ഡല്‍ഹി -രോഗമല്ല, രോഗലക്ഷണമാണ്

    ("ദല്‍ഹി 2012 നു ശേഷം സ്ത്രീ എന്ന നിലയില്‍ എന്ത് തോന്നുന്നു" എന്ന പാഠഭേദത്തിന്‍റെ അന്വേഷണത്തിന് ഇരുപതോളം വായനക്കാരികളുടെ/എഴുത്തുകാരികളുടെ പ്രതികരണം " എന്ന തലക്കെട്ടില്‍ ഫെബ്രുവരി മാസം പാഠഭേദത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് .)                                                            
                         അവളെ ഞാന്‍ ശരാശരി  ഇന്ത്യന്‍ സ്ത്രീ എന്ന് മാത്രം വിളിക്കും. കാരണം അവള്‍ അനുഭവിച്ചത്‌, ഏതൊരു ഭാരതസ്ത്രീയുടെയും തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുന്നു. "സഹോദരാ.." എന്ന് വിളിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നെന്ന്‍ ഒരു ഭൂലോകമണ്ടന്‍. സഹോദരിമാരെ.. നിങ്ങള്‍ക്കാവശ്യം സമത്വമല്ല, സംരക്ഷണമാണെന്ന് ബോധോദയമുണ്ടായത് ഒരു സിനിമ സെലിബ്രിറ്റിക്ക്... പാവാട ധരിക്കരുതെന്ന് ഒരു രാഷ്ട്രീയനേതാവും. കഷ്ടം എന്ന് പറയുന്നവര്‍ പോലും, രാത്രി ആണ്‍സുഹൃത്തിനൊപ്പം സിനിമക്ക് പോയിട്ടല്ലേ എന്നൊരു പിന്‍കുറിപ്പ്‌ പല്ലുകള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്തുന്നു. ഇത്തരം വികടജല്‍പ്പനങ്ങള്‍ കേള്‍ക്കാന്‍ അവള്‍ ജീവിച്ചില്ലല്ലോ. എങ്കില്‍ രഹസ്യ ഭാഗത്ത്‌ ഇരുമ്പുവടി കയറ്റിയതിനേക്കാള്‍ വേദനിച്ചേനേ അവള്‍ക്ക്. അടക്കിവെക്കപ്പെട്ട ലൈംഗികതയാണോ അക്രമാസക്തമാവുന്നത്? അതോ രോഗാതുരമായ സമൂഹമനസ്സോ..?

                               സ്ത്രീയെ വസ്തുവായോ, സാധനമായോ കാണുന്ന പതിവ് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പരാജയപ്പെട്ട രാജ്യങ്ങളിലെ സമ്പത്തെന്ന പോലെ സ്ത്രീകളും വിജയികള്‍ക്ക്‌ ഉള്ളതാണ്.  രാജാവിനുള്ളത് രാജാവിനും, പടയാളികള്‍ക്കുള്ളത് പടയാളികള്‍ക്കും. ഇന്നും അതുതന്നെയല്ലേ നടക്കുന്നത്? നൂറുവര്‍ഷം മുന്‍പുള്ള നമ്മുടെ കേരളചരിത്രം എടുത്തുപരിശോധിച്ചാല്‍, നായര്‍സ്ത്രീകള്‍ മുതല്‍ താഴോട്ടുള്ളവര്‍ മാറ് മറച്ചിരുന്നില്ലെന്ന് കാണാന്‍ കഴിയും. ആ സ്ത്രീകള്‍ മുഴുവന്‍ "പ്രകോപനപരമായി" വസ്ത്രം ധരിച്ചതിന്റെ പേരില്‍ സ്ഥിരമായി ബലാല്‍സംഗം ചെയ്യപ്പെട്ടതായി ചരിത്രം പറയുന്നില്ലല്ലോ. ഇന്ന് മൂന്നുവയസ്സുള്ള പിഞ്ചുകുഞ്ഞിലും, എഴുപതുവയസ്സുള്ള വൃദ്ധയിലും ഇവര്‍ പ്രകോപിതരാവുന്നു എങ്കില്‍ പ്രകോപനം സ്ത്രീകളില്‍ നിന്നല്ല, പുരുഷന്‍റെ ഉള്ളില്‍ നിന്നുതന്നെയാണ് ഉണ്ടാവുന്നത്.

                          ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഒന്നിച്ചുപഠിക്കുന്നതാണ്  പ്രശ്നമെന്ന് കണ്ടെത്തിയ സംഘടനയും, സ്ത്രീകള്‍ വീടുനോക്കി കഴിഞ്ഞാല്‍ മതിയെന്ന് പറഞ്ഞ മതനേതാവും ഒരേ ഭാഷയിലാണ് സംസാരിച്ചത്. മതചിഹ്നങ്ങള്‍ ധരിക്കാത്തതിന്‍റെ പേരില്‍ ദമ്പതിമാരെ അപമാനിച്ചത് നിയമപാലകരാണ്. ഇതെല്ലാം ഒരു സൂചന മാത്രമാണ്. വരാന്‍ പോകുന്ന കൊടിയ വിപത്തിന്റെ സൂചന.  മഹാരോഗത്തിന്റെ ലക്ഷണം. നമ്മളാവട്ടെ, ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടെയിരിക്കുന്നു...! അസമയത്ത് ആണ്‍സുഹൃത്തിനൊപ്പം കറങ്ങിയവള്‍ തന്നെയാണ് തെറ്റുചെയ്തത്   എന്ന് പറയാതെ പറയുകയല്ലേ നമ്മുടെ സമൂഹം? ഒറ്റയ്ക്ക് യാത്ര ചെയ്താലോ, ഒരു ആണ്‍സുഹൃത്തിനൊപ്പം സിനിമക്ക് പോയാലോ അത് ആര്‍ക്കും അവളുടെ മേലെ കൈവെക്കാനുള്ള ലൈസെന്‍സ് ആണെന്ന 'നീതി' ആരുണ്ടാക്കിയതാണ്?  ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും, അസമയത്ത്‌ സഞ്ചരിക്കുന്നതും സ്ത്രീയെ ആക്രമിക്കാനുള്ള ന്യായീകരണമാണെന്നു  കരുതുന്ന ഒരു സമൂഹത്തെ തിരുത്തിയെടുക്കാന്‍ അത്രയെളുപ്പം കഴിയില്ല.

                               വരുംതലമുറയെ തിരുത്താനുള്ള പാഠങ്ങള്‍ സ്വന്തം വീട്ടില്‍നിന്ന് തുടങ്ങട്ടെ. സ്ത്രീയെ ബഹുമാനിക്കണമെന്ന് പറഞ്ഞുകൊടുക്കുന്നതിനു പകരം, സ്വന്തം അമ്മയോട്, പെങ്ങളോട്, മകളോട്, ഭാര്യയോട്, അയല്‍ക്കാരിയോട്, സുഹൃത്തിനോട്‌, വേലക്കാരിയോട് ഒക്കെ ബഹുമാനത്തോടെയും സമഭാവനയോടെയും പെരുമാറുന്നത് കാണിച്ചുകൊടുക്കുകയാണ് വേണ്ടത്. ഒരുപാട് ഘടകങ്ങള്‍ ചേര്‍ന്നാണ് ഒരു മനുഷ്യന്‍റെ സ്വഭാവത്തെയും സംസ്കാരത്തെയും രൂപപ്പെടുത്തുന്നത്. അജ്ഞത, ദാരിദ്ര്യം, അഴിമതി, തൊഴിലില്ലായ്മ, ചേരിവത്കരണം, മദ്യം, മയക്കുമരുന്ന് എന്നിങ്ങനെ ശാഖോപശാഖകളായി നീണ്ടുകിടക്കുന്ന പ്രശ്നങ്ങള്‍ ഒക്കെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ടുകിടക്കുന്നു.

                              പരസ്പരപൂരകമായി പ്രവര്‍ത്തിക്കേണ്ട സ്ത്രീ-പുരുഷന്മാര്‍ ഇരയും, വേട്ടക്കാരനുമായി മാറുമ്പോള്‍ സമൂഹസന്തുലനം തെറ്റും. ഏതൊരു പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനമുണ്ടാവുമെന്ന തത്വം അംഗീകരിക്കുമ്പോള്‍, തിരിച്ചടിക്കുന്ന ഇരകളുടെ പ്രത്യാക്രമണം താങ്ങാനുള്ള കരുത്തുണ്ടാവുമോ പുരുഷന്‍റെ അഹന്തയാല്‍ കെട്ടിപ്പൊക്കിയ സങ്കല്‍പ്പസദാചാരഗോപുരങ്ങള്‍ക്ക്...?